മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയപ്പോള്‍ പാളിയത് പൂര്‍ണ്ണ വിഡ്ഢിത്തം എന്നു വിശേഷിപ്പിക്കാവുന്ന സര്‍ക്കാര്‍ നീക്കം

0
44133

തിരുവനന്തപുരം: ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്  പാലക്കാട്‌ എയ്ഡഡ് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടി. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് ഇടത് സര്‍ക്കാര്‍ രാത്രി ത്വരിത ഗതിയില്‍ നടത്തിയ മുഴുവന്‍ നീക്കങ്ങളും പാളിപ്പോയപ്പോള്‍ ബിജെപിക്ക് ലഭിച്ചത് വന്‍ പൊളിറ്റിക്കല്‍ മൈലേജ്.

എന്‍ഡിടിവി അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ ഇത് വലിയ പ്രാധാന്യത്തോടെ വാര്‍ത്തയാക്കിയപ്പോള്‍ സിപിഎമ്മിന് ദേശീയ തലത്തില്‍ ലഭിച്ച തിരിച്ചടികൂടിയായി മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയ സംഭവം. പൂര്‍ണ്ണ വിഡ്ഢിത്തം എന്നു പറയാവുന്ന തരത്തിലുള്ള സര്‍ക്കാര്‍ നീക്കം പാളിപ്പോയപ്പോള്‍ മുഖം രക്ഷിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായി പാലക്കാട്‌ ജില്ലാ ഭരണകൂടം.

മോഹന്‍ ഭാഗവത് സംഭവത്തില്‍ പാലക്കാട് പാലക്കാട് മൂത്താംതറ കര്‍ണകിയമ്മന്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ സര്‍ക്കാരിന് നല്‍കിയ തിരിച്ചടി ഈ ഭരണകാലത്ത് സര്‍ക്കാരിന് മറക്കാന്‍ കഴിയാത്ത അനുഭവവുമായി. സംഭവവികാസങ്ങള്‍ ചൂട് പിടിക്കുന്നത് ഇന്നലെ രാത്രി സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് നടന്ന നീക്കങ്ങളോടെയാണ്.

ഒരു തരത്തിലും ഒരു എയിഡഡ് സ്കൂളില്‍ ആര്‍എസ്എസ് തലവന്‍ പതാക ഉയര്തരുത് എന്നു സര്‍ക്കാര്‍ തീരുമാനിച്ചത് രാത്രിയാണ്. അര്‍ദ്ധരാത്രിയോടെയാണ് ജില്ലാ ഭരണകൂടം പാലക്കാട് മൂത്താംതറ കര്‍ണകിയമ്മന്‍ ഹയര്‍സെക്കന്ററി സ്‌കൂളിന് നോട്ടീസ് നല്‍കുന്നത്.

ഈ മാസം ആറിനു സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലര്‍ പ്രകാരമാണ് സര്‍ക്കാര്‍ നീക്കം നടത്തിയത്. സര്‍ക്കുലര്‍ പ്രകാരം അധ്യാപകരോ, ജനപ്രതിനിധികളോ, പ്രധാന അധ്യാപകരോ ആണ് സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തേണ്ടത്. മറ്റുള്ളവര്‍ക്ക് പതാക ഉയര്‍ത്താന്‍ അനുവാദമില്ല. എന്നാല്‍ സര്‍ക്കാര്‍ നീക്കം മണത്തറിഞ്ഞ സംഘപരിവാര്‍ രാത്രി 9 ന് തന്നെ യോഗം ചേര്‍ന്നിരുന്നു.

ഫ്ലാഗ് കോഡ് അനുസരിച്ച് മുന്നോട്ട് നീങ്ങാനും മോഹന്‍ഭാഗവത് തന്നെ പതാക ഉയര്‍ത്താനും തീരുമാനിച്ചിരുന്നു. കേന്ദ്ര നിയമങ്ങള്‍ പശ്ചാത്തലമാക്കി നീങ്ങാനാണ് സംഘപരിവാര്‍ തീരുമാനിച്ചത്. പൂര്‍ണ്ണമായും സംഘപരിവാര്‍ അധീനതയിലുള്ള സ്കൂളില്‍ ഇവര്‍ പറയുന്നത് തന്നെ നടപ്പിലാകും എന്നു സംഘപരിവാര്‍ ഉറപ്പാക്കിയിരുന്നു.

രണ്ടാഴ്ച മുന്‍പാണ് മോഹന്‍ ഭാഗവതിന്റെ പരിപാടികള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. അപ്പോള്‍ സര്‍ക്കുലര്‍ മോഹന്‍ ഭാഗവ്തിനെ ലക്‌ഷ്യം വെച്ച് എന്നു ഉറപ്പ്. ഇന്നലെ രാത്രി പന്ത്രണ്ടരമണിയോടെയാണ് തഹസില്‍ദാരും ഡിവൈഎസ്പിയും ചേര്‍ന്ന് ഉത്തരവ് സ്കൂള്‍ അധികൃതര്‍ക്ക് കൈമാറിയത്.

ഉത്തരവ് കൈമാറാന്‍ ഉള്ള നിര്‍ദ്ദേശം പോയത് ഐജിക്കായിരുന്നു. എന്നാല്‍ ഐജി തന്ത്രപൂര്‍വ്വം ഡിവൈഎസ്പിക്ക് ഉത്തരവ് കൈമാറി തലയൂരുകയായിരുന്നു. സ്കൂള്‍ പ്രധാനാധ്യാപകനാണ് ഇവര്‍ നോട്ടീസ് കൈമാറിയത്.

മോഹന്‍ ഭാഗവതിനെ പതാക ഉയര്‍ത്താന്‍ അനുവദിക്കരുത് അത് ജില്ലാ ഭരണകൂടം തടഞ്ഞിരിക്കുന്നു എന്നായിരുന്നു ഓര്‍ഡറിലെ നിര്‍ദ്ദേശം. എന്നാല്‍ സംഘപരിവാര്‍ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയും രാവിലെ പ്രകടനമായി പോയി പതാക ഉയര്‍ത്തല്‍ ചടങ്ങ് മോഹന്‍ ഭാഗവതിനെക്കൊണ്ട് നടത്തിക്കുകയുമായിരുന്നു.

വന്‍ പോലീസ് സന്നാഹം സ്ഥലത്ത് ഉണ്ടായിരുന്നുവെങ്കിലും സെഡ് പ്ലസ്‌ കാറ്റഗറി സുരക്ഷയുള്ള മോഹന്‍ ഭാഗവതിനെ തൊടുക പോലും ചെയ്യാതെ മാറി നില്‍ക്കുകയായിരുന്നു. പതാക ഉയര്‍ത്തല്‍ ചടങ്ങ് നടന്നതോടെ ഇടത് സര്‍ക്കാരിനു ഭരണതലത്തില്‍ സംഭവിച്ച വന്‍ പാളിച്ചയും, സിപിഎമ്മിന് സംഭവിച്ച വലിയ രാഷ്ട്രീയ തിരിച്ചടിയുമായി.

LEAVE A REPLY

Please enter your comment!
Please enter your name here