ബിഹാര്‍ പ്രളയം; മരണം 56 ആയി

0
102

ബിഹാറില്‍ കനത്ത പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 56 ആയി. 13 ജില്ലകളിലായി 69.89 ലക്ഷം ജനങ്ങളെ പ്രളയം ബാധിച്ചുവെന്നും മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു. രണ്ടാം തവണയും വ്യോമനിരീക്ഷണം നടത്തി മുഖ്യമന്ത്രി നിതീഷ് കുമാര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത് അറാറിയ ജില്ലയെയാണെന്നു ദുരന്തനിവാരണ മാനേജ്‌മെന്റ് സ്‌പെഷല്‍ സെക്രട്ടറി അനിരുദ്ധ് കുമാര്‍ അറിയിച്ചു. ഇവിടെ മാത്രം 20 പേര്‍ മരിച്ചു.

പശ്ചിമ ചമ്പാരനില്‍-9, കിഷന്‍ഗിജ്-8, സിതമര്‍ഹി-5, മദ്ദേപുര-4, കിഴക്കന്‍ ചമ്പാരന്‍, ദര്‍ബാഹന, മുധുഭാനി എന്നിവിടങ്ങളില്‍ മൂന്നു പേര്‍ വീതവും സെഹോറില്‍ ഒരാളും മരിച്ചു. 1070 പഞ്ചായത്തുകളിലായി 69.81 ലക്ഷം ആളുകളെയാണ് പ്രളയം ബാധിച്ചത്. ഏറ്റവും ഒടുവില്‍ മുസാഫര്‍പൂരാണ് പ്രളയക്കെടുതിയില്‍പ്പെട്ടത്. 1.61 ലക്ഷം ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇതില്‍, 85,949 പേരെ 343 ദുരിതാശ്വാത കേന്ദ്രങ്ങളിലേക്ക് എത്തിച്ചുവെന്നും പ്രത്യേക സെക്രട്ടറി അറിയിച്ചു.

പ്രളയബാധിതര്‍ക്ക് ആവശ്യമായ എല്ലാ സാഹയവും സര്‍ക്കാര്‍ നല്‍കുമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ നിതീഷ് കുമാര്‍ വ്യക്തമാക്കി. വടക്കന്‍ ബിഹാറിലെ നദികളെല്ലാം അപകടകരമായ രീതിയില്‍ നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്. ദേശീയ ദുരന്തനിവാരണ സേനയും വ്യോമസേന ഹെലികോപ്ടറുകളും സൈന്യവും വിവിധ ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബിഹാറിനു പുറമേ, നാലു ദിവസങ്ങളായി കനത്ത മഴ തുടരുന്ന ബംഗാള്‍, അസം ഉള്‍പ്പെടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും പ്രളയക്കെടുതിയിലാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിന്‍ ഗതാഗതം നിശ്ചലമായി. ട്രെയിനുകള്‍ റദ്ദാക്കിയെന്നും ഗതാഗതം നിര്‍ത്തിവയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു. നേപ്പാളിലും ബിഹാറിലും നിര്‍ത്താതെ പെയ്യുന്ന മഴയാണ് മേഖലയെ പ്രളയക്കെടുതിയിലാക്കുന്നത്. ബംഗാളിലും അസമിലും മേഘാലയയിലും കനത്തമഴ ബുധനാഴ്ച കൂടി തുടരുമെന്നാണു കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here