വിടുവായത്തം അതിരുവിടുന്നു: പി.സി. ജോര്‍ജിനെ പരോക്ഷമായി വിമര്‍ശിച്ച് സ്പീക്കര്‍

0
80

നടി ആക്രമിച്ച സംഭവത്തില്‍ അപകീര്‍ത്തിപരമായ തരത്തില്‍ ആരോപണങ്ങള്‍ നടത്തിയ പി.സി ജോര്‍ജിനെ പരോക്ഷമായി വിമര്‍ശിച്ച് സ്പീക്കര്‍ പി. ശ്രീരാമക്യഷ്ണന്‍.

അര്‍ധരാത്രിയില്‍ വിശ്വസിച്ചു കയറിയ വാഹനത്തിനുള്ളില്‍ അതിക്രൂരമായ അനുഭവങ്ങളിലൂടെ കടന്നുപോയ ഒരു സഹോദരിയുടെ വേദനയെ ചവുട്ടിത്തേയ്ക്കുന്ന വിടുവായത്തം സകല അതിരുകളും കടന്നിരിക്കുകയാണെന്ന് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ സ്പീക്കര്‍ ചൂണ്ടിക്കാട്ടി.

സമൂഹത്തെ നയിക്കാന്‍ ബാധ്യതപ്പെട്ട ജനപ്രതിനിധികളില്‍ നിന്നുണ്ടാകുന്ന ഇത്തരം പരാമര്‍ശങ്ങളുണ്ടാകുന്നതില്‍ ലജ്ജിച്ചു തലതാഴ്ത്തുന്നു- അദ്ദേഹം കുറിക്കുന്നു. ഈ വിഷയത്തില്‍ പി.സി. ജോര്‍ജ് എംഎല്‍എ നടത്തുന്ന തുടര്‍ച്ചയായ വിവാദ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് സ്പീക്കറുടെ വിമര്‍ശനമെന്നത് ശ്രദ്ധേയമാണ്.

പി.സി. ജോര്‍ജിനെതിരെ നടപടിയെടുക്കണമെന്ന ‘വിമെന്‍ ഇന്‍ സിനിമാ കലക്ടീവി’ന്റെ ആവശ്യത്തോട് പ്രതികരിക്കുമ്പോഴാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. എംഎല്‍എമാരെ സഭയ്ക്കുള്ളില്‍ നിയന്ത്രിക്കാനേ സ്പീക്കര്‍ക്ക് അധികാരമുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയ സ്പീക്കര്‍, പുറത്ത് അവരുടെ പെരുമാറ്റം എങ്ങനെ ആയിരിക്കണമെന്നു സ്പീക്കര്‍ക്കു നിര്‍ദേശിക്കാനാവില്ലെന്നും വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം…
രാജസദസ്സില്‍ സ്വന്തം സഹോദരപത്നിയായ ദ്രൗപദിയെ വസ്ത്രാക്ഷേപം ചെയ്ത ദുശ്ശാസന ചേഷ്ടകൂടിയാണ് മഹാഭാരതയുദ്ധത്തിലേക്ക് നയിച്ച കാരണങ്ങളിലൊന്ന്. സര്‍വ്വനാശമായിരുന്നു അതിന്റെ ഫലം. സഹസ്രാബ്ദങ്ങള്‍ കഴിഞ്ഞിട്ടും പുരോഗമനകേരളത്തില്‍പ്പോലും ചില തനിയാവര്‍ത്തനങ്ങളുണ്ടാകുന്നത് ഖേദകരമാണ്.

അര്‍ദ്ധരാത്രിയില്‍ വിശ്വസിച്ചു കയറിയ വാഹനത്തിനുള്ളില്‍ അതിക്രൂരമായ അനുഭവങ്ങളിലൂടെ കടന്നുപോയ ഒരുസഹോദരിയുടെ വേദനയെ ചവുട്ടിത്തേയ്ക്കുന്ന വിടുവായത്തം സകല അതിരുകളും കടന്നിരിക്കുന്നു. ‘ഞാന്‍ ആത്മഹത്യ ചെയ്യണമായിരുന്നോ ‘ എന്ന് നടിയെക്കൊണ്ട് ചോദിപ്പിക്കുന്നതുവരെയെത്തിയ ക്രൂരവിനോദം സാംസ്‌കാരികകേരളത്തിന്റെ മുഖത്തേക്കുള്ള കര്‍ക്കിച്ചുതുപ്പലാണ്. മുഖത്തുതുപ്പുന്നവരോട് എങ്ങനെപ്രതികരിക്കണമെന്നതിനും കീഴ്വഴക്കങ്ങളുണ്ടെന്ന് ആരും മറന്നുപോകരുത്.

ഉന്നതമായ ധാര്‍മ്മിക മൂല്യങ്ങള്‍കൊണ്ട് സമൂഹത്തെ നയിക്കാന്‍ ബാധ്യതപ്പെട്ട ജനപ്രതിനിധികളില്‍നിന്നുപോലും ഇത്തരം പരാമര്‍ശങ്ങളുണ്ടാകുന്നതില്‍ ലജ്ജിച്ചുതലതാഴ്ത്തുന്നു..

LEAVE A REPLY

Please enter your comment!
Please enter your name here