കുറഞ്ഞ രൂപയ്ക്ക് ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കുന്ന ഇന്ദിര കാന്റീനുകള്‍ ബംഗ്ലൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് കാന്റീന് ഉദ്ഘാടനം ചെയ്തത്.
പകല്‍ സമയത്തെ വെജിറ്റേറിയന്‍ പ്രാതലിന് അഞ്ച് രൂപയും ഉച്ചഭക്ഷണത്തിനും രാത്രിഭക്ഷണത്തിനും പത്ത് രൂപയുമാണ് ഇന്ദിരാ കാന്റീനില്‍ ഈടാക്കുക.
എല്ലാവര്ക്കും ഭക്ഷണം എന്ന കോണ്‍ഗ്രസ് മുദ്രാവാക്യം യഥാര്ത്ഥ്യമാക്കുന്നതിലേക്കുള്ള നിര്‍ണായക ചുവടുവയ്പ്പാണിതെന്നും, ഇതിനായി മുന്നോട്ട് വന്ന കര്‍ണാടക സര്‍ക്കാരിനെ അനുമോദിക്കുന്നതായും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
രാജ്യത്തെ എല്ലാ പൗരന്മാരുടേയും വയര്‍ നിറഞ്ഞിരിക്കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഇന്ദിരാ കാന്റീനിലെ ശുചിത്വവും ഭക്ഷണനിലവാരവും ബെംഗളൂരു നഗരത്തിലെ ഏതൊരു ഫൈവ് സ്റ്റാര്‍ ഹോട്ടലിനോടും കിടപിടിക്കുന്നതാണ് എന്നത് അഭിനന്ദനീയമായ കാര്യമാണ് – രാഹുല്‍ ഗാന്ധി പറഞ്ഞു.
അടുത്ത വര്‍ഷം ആദ്യം നടക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ദിരാ കാന്റീനുകള്‍ തങ്ങള്‍ക്ക് നേട്ടമാക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍.