എന്‍സിപി പൊട്ടിത്തെറിയുടെ വക്കില്‍; തോമസ്‌ ചാണ്ടിക്കെതിരെ നീങ്ങാന്‍ എട്ടു ജില്ലാ പ്രസിഡന്റുമാര്‍

0
79


തിരുവനന്തപുരം: എന്‍സിപി പൊട്ടിത്തെറിയുടെ വക്കില്‍. ഉഴവൂരിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ എന്‍സിപിയുടെ ഏക മന്ത്രിയായ തോമസ്‌ ചാണ്ടിയുടെ രാജി ആവശ്യത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുന്നു. എന്‍സിപിയുടെ എട്ട് ജില്ലാ പ്രസിഡന്റുമാര്‍ പങ്കെടുത്ത രഹസ്യയോഗം തോമസ് ചാണ്ടിക്കെതിരെ നീങ്ങുവാന്‍ തീരുമാനം എടുത്തിട്ടുണ്ട്. ഉഴ്വൂരിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ തോമസ്‌ ചാണ്ടിയുടെ മന്ത്രിക്കസേര തെറുപ്പിക്കും വിധം വളരുമോ എന്നാണു എന്‍സിപിയ്ക്ക് മന്ത്രിസ്ഥാനം നല്‍കിയ ഇടതു മുന്നണിയെ നയിക്കുന്ന സിപിഎം ഉറ്റുനോക്കുന്നത്.

ഇടത് മുന്നണി മന്ത്രിസഭ അധികാരമേല്‍ക്കും മുന്‍പ് തന്നെ മന്ത്രിസ്ഥാനവുമായി രംഗത്ത് വന്ന നേതാവാണ്‌ തോമസ്‌ ചാണ്ടി. കുട്ടനാട് തന്റൊപ്പം നില്‍ക്കും. വരുന്നത് ഇടത് മുന്നണി ഭരണം. മന്ത്രിക്കസേര തനിക്ക്. ഈ കാര്യത്തില്‍ പരസ്യ പ്രഖ്യാപനം തിരഞ്ഞെടുപ്പ് വേളയില്‍ തന്നെ തോമസ്‌ ചാണ്ടി മുഴക്കിയത് സിപിഎമ്മിനെ തന്നെ അമ്പരപ്പിച്ചിരുന്നു. മുതിര്‍ന്ന നേതാവും, സിപിഎമ്മിന് പ്രിയപ്പെട്ടതുമായ എ.കെ.ശശീന്ദ്രനെ മന്ത്രിയാക്കാന്‍ ആയിരുന്നു സിപിഎം തീരുമാനം. ഇതറിയാവുന്ന അന്നത്തെ പാര്‍ട്ടി പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ മന്ത്രിക്കസേര ശശീന്ദ്രന് തന്നെ നല്‍കി. ഇത് തോമസ്‌ ചാണ്ടിയെ അസ്വസ്ഥമാക്കിയ സംഭവമായിരുന്നു.

ഒടുവില്‍ രണ്ടര വര്‍ഷം ഒരാള്‍ക്ക് എന്ന രീതിയില്‍ ഒരു വിഭജനം നടത്താന്‍ തോമസ്‌ ചാണ്ടി മുന്നിട്ടിറങ്ങിയിരുന്നു. അതും പക്ഷെ മുളയില്‍ തന്നെ നുള്ളപ്പെട്ടു. ഇത് തോമസ്‌ ചാണ്ടി മറന്നില്ല. ഹണിട്രാപ്പില്‍ പെട്ട് അന്നത്തെ ട്രാന്‍സ്പോര്‍ട്ട് മന്ത്രി എ.കെ.ശശീന്ദ്രന്‍ രാജി വെച്ചപ്പോള്‍ എന്‍സിപി മന്ത്രി പദവി തോമസ്‌ ചാണ്ടിക്ക് നല്‍കിയെങ്കിലും പഴയത് മറക്കാന്‍ ചാണ്ടി തയ്യാറായില്ല. എന്‍സിപി പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് ഉഴവൂര്‍ വിജയനെ തെറുപ്പിക്കാന്‍ ഒരു മെയ്യായി പിന്നീട് നീങ്ങിയ തോമസ്‌ ചാണ്ടി-മാണി.സി.കാപ്പന്‍ കൂട്ടുകെട്ട് പാര്‍ട്ടി പ്രസിഡന്‍റ് ഉഴവൂര്‍ വിജയന് നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഒടുവില്‍ ഇതേ കൂട്ടുകെട്ടിന്റെ ഭാഗമായ ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സുള്‍ഫിക്കര്‍ മയൂരി നടത്തിയ നേരിട്ടുള്ള ഫോണ്‍ ഭീഷണി ഉഴവൂരിനെ തകര്‍ത്ത് കളഞ്ഞിരുന്നു.

ഈ ആഘാതത്തില്‍ നിന്ന് കരകയറാന്‍ കഴിയാതെയാണ് ഉഴവൂര്‍ മരണത്തിനു കീഴടങ്ങിയത് എന്നാണു പാര്‍ട്ടി കേന്ദ്രങ്ങള്‍ ആരോപിക്കുന്നത്. ഉഴവൂര്‍ മരിക്കുന്ന വേളയില്‍ കൊച്ചിയില്‍ ഉണ്ടായിരുന്ന പാര്‍ട്ടിയുടെ ഏക മന്ത്രി പക്ഷെ സ്ഥലത്ത് എത്താന്‍ മടിച്ചു എന്നും പാര്‍ടി നേതാക്കള്‍ ആരോപിച്ചിരുന്നു.

ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉഴവൂരിന്റെ സംസ്ക്കാര ചടങ്ങുകളില്‍ ആദ്യാവസാനക്കാരനായി ഉണ്ടാകും എന്ന് ഉറപ്പ് വന്നപ്പോഴാണ് മുഖ്യമന്ത്രിക്ക് ഒപ്പം പാര്‍ട്ടി മന്ത്രി എത്തിയത്. ഇത് എന്‍സിപി നേതൃത്വത്തെ അസ്വസ്ഥമാക്കിയ കാര്യമായിരുന്നു. ഇതിന്റെ അലയൊലികള്‍ അവസാനിക്കാതെ തുടരുന്നതിന്നിടെയാണ് പാര്‍ട്ടി മന്ത്രി തോമസ്‌ ചാണ്ടിക്ക് എതിരെ നീങ്ങാന്‍ പാര്‍ട്ടിയുടെഎട്ട് ജില്ലാ പ്രസിഡന്റുമാര്‍ ഇന്നലെ കൊച്ചിയില്‍ രഹസ്യ യോഗം കൂടി തീരുമാനം എടുത്തത്. ഒപ്പം തോമസ്‌ ചാണ്ടിയുടെ കായല്‍ കയ്യേറ്റവും റിസോര്‍ട്ടിലേക്ക് അനധികൃത വഴിവെട്ടലും വാര്‍ത്തകൂടി ആയതോടെ ഇവര്‍ക്ക് ഒരു കച്ചിത്തുരുമ്പ് കൂടി ലഭിക്കുകയും ചെയ്തു.

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നാടകീയ നീക്കവുമായി ഒപ്പം തോമസ്‌ ചാണ്ടികൂടിയുണ്ട്. സിബിഐ ആവശ്യത്തിനായി ഹൈക്കോടതിയെ സമീപിക്കും എന്നാണു തോമസ്‌ ചാണ്ടി അവകാശപ്പെടുന്നത്. എന്തായാലും എന്‍സിപി ഒരു പൊട്ടിത്തെറിയുടെ വക്കിലാണ്. സ്ഥിതിഗതികള്‍ സസൂക്ഷ്മം വീക്ഷിച്ച് സിപിഎം കൂടി ഒപ്പം നിലയുറപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here