ജീന്‍പോളിനെതിരെയുള്ള കേസില്‍ ഒത്തുതീര്‍പ്പിന് തയ്യാറാകാതെ പോലീസ്

0
74

നടിയോടു മോശമായി പെരുമാറിയ കേസില്‍ സംവിധായകന്‍ ജീന്‍പോളുമായി ഒരു ഒത്തുതീര്‍പ്പിനില്ലെന്ന് പോലീസ്. അശ്ലീല സംഭാഷണവും ബോഡി ഡബ്ബിങ്ങും ക്രിമിനല്‍ കുറ്റമായതിനാലാണ് പോലീസ് ഒത്തുതീര്‍പ്പിന് വഴങ്ങാത്തത്. കൂടാതെ അന്വേഷണവുമായി മുന്നോട്ടുപോകാനാണ് പോലീസിന്റെ തീരുമാനവും. എറണാകുളം സെക്ഷന്‍ കോടതിയില്‍ പോലീസ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍ സാമ്പത്തിക ആരോപണങ്ങളില്‍ ഒത്തുതീര്‍പ്പാക്കാമെന്ന നിലപാടിലാണ് പോലീസ്.

എന്നാല്‍ കേസില്‍ പ്രതികളായ ജീന്‍ പോള്‍ ലാലിനും മറ്റ് മൂന്ന് പ്രതികള്‍ക്കുമെതിരെയുള്ള പരാതി പിന്‍വലിക്കുകയാണെന്ന് നടി അഭിഭാഷകര്‍ മുഖേന കോടതിയെ അറിയിച്ചു. കേസുമായി മുന്നോട്ടുപോകുവാന്‍ തനിക്ക് താല്പര്യമില്ലെന്നും പ്രതികളുമായുണ്ടാക്കിയ സന്ധി സംഭാഷണത്തിലൂടെ ഒത്തുതീര്‍പ്പ് ഉണ്ടാക്കിയെന്നും കാണിച്ച് നടി അഭിഭാഷകര്‍ മുഖേനെയാണ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. എന്നാല്‍ ഇതിനു മറുപടിയായി കേസ് ഒത്തുതീര്‍പ്പാക്കാന്‍ കഴിയില്ലെന്നും അഭിഭാഷകരെ പോലീസ് അറിയിച്ചു.

ഹണി ബി 2വില്‍ അഭിനയിച്ച നടിയാണ് ജീന്‍ പോള്‍ ലാലിനും മറ്റ് മൂന്ന് പേര്‍ക്കുമെതിരെ പനങ്ങാട് പോലീസില്‍ പരാതി നല്‍കിയത്. 2016 നവംബര്‍ പതിനാറിനാണ് കേസ് ആസ്പദമായ സംഭവമുണ്ടായത്. എന്നാല്‍ നടി ഷൂട്ടിങ് പൂര്‍ത്തിയാക്കാതെ മടങ്ങിയത് കൊണ്ടാണ് പ്രതിഫലം നല്‍കാതിരുന്നത് എന്ന് ജീന്‍ പോളിന്റെ അച്ഛനും നടനുമായ ലാല്‍ വിശദീകരിച്ചിരുന്നു. ഇവരുടെ അഭിനയം മോശമായതിനാല്‍ അവരെ ഒഴിവാക്കി മറ്റൊരു നടിയെ അഭിനയിപ്പിക്കുകയായിരുന്നുവെന്നും ലാല്‍ പറഞ്ഞു.

തന്റെ അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരണം നടത്തിയെന്നും പ്രതിഫലം ചോദിച്ചപ്പോള്‍ അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നുമാണ് നടി പോലീസില്‍ നല്‍കിയ പരാതി. ജീന്‍ പോള്‍ ലാലിന് പുറമെ നടന്‍ ശ്രീനാഥ് ഭാസി, സാങ്കേതിക പ്രവര്‍ത്തകരായ അനൂപ്, അരവിന്ദ് എന്നിവരായിരുന്നു കേസിലെ മറ്റ് പ്രതികള്‍.

നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി പരിശോധിച്ച പോലീസ് ബോഡി ഡ്യൂപ്പ് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. അതുകൊണ്ട്തന്നെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പോലീസ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുശേഷമാണ് പ്രതികളും പരാതിക്കാരിയും ഒത്തുതീര്‍പ്പിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here