പിണറായി വിജയന് മന്ത്രിസഭയിലെ അംഗമായിരുന്ന എ കെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഹണിട്രാപ്പിലെ പെണ്‍കുട്ടി മംഗളം ചാനലിനെതിരെ വെളിപ്പെടുത്തലുമായി ഫേസ്ബുക്കില്‍. തെറ്റ് ചെയ്തപ്പോള്‍ അത് മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കുകയാണ് ചാനലിന്റെ തലപ്പത്തുള്ളവര്‍ ചെയ്തതെന്നും, അന്ന് വന്ന് കാല് പിടിച്ചില്ലായിരുന്നെങ്കില്‍ മറ്റുള്ളവരെ പോലെ താനും എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുമായിരുന്നുവെന്നും ഹണി ട്രാപ്പിലെ പെണ്‍കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കി.
മന്ത്രിയുടെ രാജിക്ക് പിന്നാലെ ഹണി ട്രാപ്പ് ഒരുക്കിയ മംഗളം ചാനല്‍ സി ഇ ഒ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സംഭവം നടന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. മംഗളം ചാനല്‍ തന്നെ ചതിച്ചുവെന്നും ചാനലിലെ മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന്റൈ പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കുന്നു.
ഹണി ട്രാപ് പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
മംഗളത്തിലേക്ക് ഇനിയൊരു തിരിച്ചുവരവ് തീരെ ആഗ്രഹിച്ചതല്ല. എന്തിനായിരുന്നു അനിയത്തിയെന്നും സഹോദരിയെന്നുമൊക്കെപ്പറഞ്ഞ് കൂടെ നിര്‍ത്തി ചതിച്ചത്? ഒരു തെറ്റു ചെയ്താല്‍ അത് ഏറ്റെടുക്കണം. അല്ലാതെ മറ്റുളളവരുടെ തലയില്‍ വെച്ചു കെട്ടി രക്ഷപ്പെടുകയല്ല ചെയ്യേണ്ടത്. ഓ… അതെങ്ങനെയാ… ഡി.ജി.പിയും എ.ഡി.ജി.പിയും ഒക്കെ സ്വന്തം പോക്കറ്റില്‍ അല്ലേ… അപ്പോള്‍ ആരുടെ തലയില്‍ വെച്ചും രെക്ഷപ്പെടാമല്ലോ അല്ലേ ജയചന്ദ്രാ. അന്നു നീ വന്നു കാലു പിടിച്ചില്ലായിരുന്നെങ്കില്‍ മംഗളത്തിലെ സഹപ്രവര്‍ത്തക മറ്റു ചാനലുകളില്‍ പോയി പറഞ്ഞ പോലെ എനിക്കും രക്ഷപ്പെടാമായിരുന്നു. അന്നു നീ പറഞ്ഞത് ഒന്നും സംഭവിക്കില്ല മോളേ എന്നാണ്. ഇനിയൊരാളെയും ഇങ്ങനെ ചതിക്കരുത് .ഇതല്ല മാധ്യമ പ്രവര്‍ത്തനം എന്നു നീ മനസ്സിലാക്കണം.ഓരോ സ്ഥാപനത്തിലും ഓരോരുത്തര് ജോലിക്ക് കയറുന്നത് ഒരു പാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായിട്ടായിരിക്കും. അതൊക്കെ സ്വന്തം പദവിയും വൃത്തികെട്ട മനസ്സും ഉപയോഗിച്ച് നശിപ്പിക്കരുത്. നിനക്കും ഉള്ളത് ഒരു പെണ്‍കുട്ടിയാണ്. നാളെ അതിനെയും ചതിക്കരുത്. വൈകിയെങ്കിലും ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടില്ലെങ്കില്‍ നീ കരുതും ഞാന്‍ നിന്നെ പേടിച്ച് ഇരിക്കുകയാണെന്ന്. ആരൊക്കെ വെറുതെ വിട്ടാലും ദൈവത്തിന്റെ കോടതി നിന്നെ വിടില്ല…