പത്താമതു രാജ്യാന്തര സൈബർ സമ്മേളനം നാളെ മുതല്‍ കൊച്ചിയില്‍

1
154

കൊച്ചി∙ ഹാക്കിങ്ങും സൈബർ സുരക്ഷയും സംബന്ധിച്ച പത്താമതു രാജ്യാന്തര സൈബർ സമ്മേളനം–കൊക്കോൺ എക്സ് 2017– നാളെയും മറ്റന്നാളുമായി കൊച്ചി ലെമെരിഡിയൻ ഹോട്ടലിൽ നടക്കും. ഐടി മിഷൻ, ഇൻഫർമേഷൻ സെക്യൂരിറ്റി റിസർച്ച് അസോസിയേഷൻ (ഇസ്ര) ഇന്ത്യാ ചാപ്റ്റർ, സൊസൈറ്റി ഫോർ ദ പൊലീസിങ് ഓഫ് സൈബർ സ്പേയ്സ് എന്നിവ സംയുക്തമായാണു കൊക്കോൺ എക്സ് സംഘടിപ്പിക്കുന്നത്.

22 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളെ പ്രതീക്ഷിക്കുന്ന സമ്മേളനത്തിൽ നോൺ ടെക്നിക്കൽ, ഫിനാൻഷ്യൽ ആൻഡ് ബാങ്കിങ്, ടെക്നിക്കൽ, കിഡ് ഗ്ലോവ് എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി അറുപതിലധികം സെഷനുകളുണ്ടാകും. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് രാജ്യാന്തരതലത്തിൽ പൊതു, സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുകയാണു സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. സൈബർ രംഗത്തെ ആഗോള വിദഗ്ധർ അണിനിരക്കും. സൈബർ, ഹൈടെക് കുറ്റകൃത്യങ്ങൾ സംബന്ധിച്ച പുതിയ പ്രവണതകൾ ചർച്ച ചെയ്യുന്നതിനും വിശകലനം ചെയ്യുന്നതിനും ബോധവൽകരണത്തിനുമുള്ള വേദിയായി കൊക്കോൺ മാറും. കുട്ടികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്ക് സൈബർ ബോധവൽകരണം നൽകുന്നതിനായി കിഡ്സ് വില്ലേജ് കൊക്കോൺ വേദിയിൽ ഒരുക്കുന്നുണ്ട്. സുരക്ഷിതമായി സൈബർ ലോകത്ത് ഇടപെടുന്നതെങ്ങനെയെന്നു ബോധവൽകരിക്കുകയാണ് ഉദ്ദേശ്യം. 2015ൽ ആവിഷ്കരിച്ച കിഡ് ഗ്ലോവ് പദ്ധതിയുടെ ഭാഗമായാണു കിഡ്സ് വില്ലേജ് ഒരുക്കുന്നത്. സ്വകാര്യ, സർക്കാർ സ്ഥാപനങ്ങളുടെ സൈബർ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുകയും കൊക്കോണിന്റെ ലക്ഷ്യമാണ്. വിദേശ പ്രതിനിധികൾക്കു പുറമേ, വിദ്യാർഥികൾ, ഐടി വിദഗ്ധർ, സൈബർ സെൽ ഉദ്യോഗസ്ഥർ, വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ സമ്മേളനത്തിൽ പങ്കാളികളാകും.
നാളെ രാവിലെ 10ന് കേന്ദ്ര ടെലി കമ്യൂണിക്കേഷൻ സെക്രട്ടറി അരുണ സുന്ദരരാജൻ കൊക്കോൺ 2017 ഉദ്ഘാടനം ചെയ്യും. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അധ്യക്ഷത വഹിക്കും. കൊക്കോൺ ലൈഫ് ടൈം അവാർഡുകൾ എം.എ. യൂസഫലി, രവി പിള്ള, സി.കെ.മേനോൻ എന്നിവർക്ക് സമ്മാനിക്കും. സംഘാടക സമിതി സെക്രട്ടറിയും തിരുവനന്തപുരം റേഞ്ച് ഐജിയുമായ മനോജ് ഏബ്രഹാം, സൊസൈറ്റി ഫോർ ദ പൊലീസിങ് ഓഫ് സൈബർ സ്പേയ്സ് എക്സിക്യുട്ടിവ് ഡയറക്ടർ ബെസി പാങ്, ഐടി മിഷൻ ഡയറക്ടർ ഡോ. പ്യാരി അഫ്താബ്, ബെറ്റ്സി ഷെയ്ക്, ഇസ്ര പ്രസിഡന്റ് മനു സക്കറിയ എന്നിവർ പങ്കെടുക്കും. 19നു വൈകിട്ട് നാലിനു സമാപന സമ്മേളനത്തിൽ കെഎംആർഎൽ എംഡി ഏലിയാസ് ജോർജ് മുഖ്യാതിഥിയാകും. ഡിജിപി ലോക്നാഥ് ബെഹ്റ അധ്യക്ഷത വഹിക്കും. നാഷനൽ ക്രിട്ടിക്കൽ ഇൻഫർമേഷൻ ഇൻഫ്രാസ്ട്രക്ചർ പ്രൊട്ടക്ഷൻ സെന്റർ ഡയറക്ടർ ജനറൽ ഡോ. അജിത് ബാജ്പേയ് സമാപന പ്രഭാഷണം നിർവഹിക്കും. ഇന്റർപോൾ ക്രിമിനൽ ഇന്റലിജൻസ് ഓഫിസർ സിസിലിയ വാലിൻ, ബെറ്റ്സി ബ്രോഡർ തുടങ്ങിയവർ പങ്കെടക്കും.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here