അത്ലറ്റിക് ട്രാക്കിനോട് വിടപറഞ്ഞ സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് കുപ്പായത്തിൽ ഇറങ്ങുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കടുത്ത ആരാധകനായ ഉസൈൻ ബോൾട്ട് സെപ്തംബർ രണ്ടിന് ചുവന്ന ചെകുത്താന്മാരുടെ കുപ്പായം അണിയുന്നു. ബാർസലോണ ലെജന്റ്സും യുണൈറ്റഡ് ലെജന്റ്സും തമ്മിലുള്ള മത്സരത്തിലാണ് മാഞ്ചസ്റ്ററിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോഡിൽ ബോൾട്ട് ചുവന്ന കുപ്പായം അണിയുക.
കോട്നി വാൽഷിനെ പോലൊരു പേസ് ബൌളറാകാൻ കൊതിച്ച് കായീക ജീവിതം തുടങ്ങി അത്ലറ്റിക്സിലേക്ക് എത്തിയ ബോൾട്ട് ട്രാക്കിൽ നിന്നും വിരമിക്കുമ്പോൾ മാഞ്ചസ്റ്റർ കുപ്പായത്തിൽ കളിക്കണമെന്ന ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള താരമാണ്. മാഞ്ചസ്റ്ററിന്റെ ഡച്ച് താരം റൂഡ് വാൻ നിസ്റ്ററൂയിയോടുള്ള കടുത്ത ആരാധനയുള്ള താരമാണ് ബോൾട്ട്. എഡ്വിൻ വാണ്ടസർ, ആൻഡി കോൾ, പോൾ സ്കോൾസ്, ഫിൽ നെവിൽ തുടങ്ങിയ വമ്പന്മാർ അണിനിരക്കുന്ന മാഞ്ചസ്റ്റർ നിരയെ മുൻ നായകൻ ബ്രയാൻ റോബസനാണ് നയിക്കുന്നത്. ഈ നിരയ്ക്ക് ഒപ്പമാണ് ബോൾട്ടിന് അവസരം ലഭിക്കുക. ബോൾട്ടിന് ലണ്ടൻ വേൾഡ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനിടയിൽ ഏറ്റ പരിക്ക് മത്സര സമയത്ത് ഭേദമാകുമോ എന്നത് മാത്രമാണ് ഇനിയുള്ള പ്രതിബന്ധം.
മാഞ്ചസ്റ്റർ യുണൈറ്റഡ് ഫൗണ്ടേഷന്റെ ഫണ്ട് ശേഖരണത്തിനായാണ് മത്സരം നടക്കുന്നത്. ബാർസ നിരയിൽ ഗൈസ്ക മെന്റിയേറ്റ, എറിക് അബിദാൽ, മിഗേൽ എയ്ഞ്ചൽ നദാൽ, ജോർജ് പ്രോപെസ്ക്യു എന്നിവരും അണിനിരക്കും. മാഞ്ചസ്റ്റർ മൈതാനത്ത് ഇതാദ്യമായല്ല ബോൾട്ട് എത്തുന്നത്. 2012 ലെ ലണ്ടൻ ഒളിമ്പിക്സിലെ ട്രിപ്പിൾ സുവർണ നേട്ടത്തിന് ശേഷം ബോൾട്ട് ഓൾഡ് ട്രാഫോഡിൽ എത്തിയിരുന്നു. അന്ന് ബോള്‍ട്ടിന്റെ നൂറു മീറ്റര്‍ റെക്കോഡ് സമയം പതിച്ച മാഞ്ചസ്റ്ററിന്റെ ഹോം-എവേ മത്സരങ്ങളുടെ ടീം ജഴ്സിയുമായാണ് ബോൾട്ട് മടങ്ങിയത്. നന്നായി പരിശീലിച്ചാൽ ഞാൻ വെയിൻ റൂണിയെ പോലെ കളിക്കും എന്ന് ബോൾട്ട് ഈ വര്‍ഷം ആദ്യം ആത്മവിശ്വാസം പുലർത്തിയിരുന്നു.