തിരുവനന്തപുരം: ചികിത്സ നിഷേധിക്കപ്പെട്ട് ആംബുലന്‍സില്‍ കിടന്നു മരിച്ച തമിഴ്നാട് സ്വദേശി മുരുകന്റെ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മുരുകന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം വന്നത്.
മുരുകന്റെ ഭാര്യ മുരുകമ്മാളും, സഹോദരിയും, ബന്ധുക്കളുമാണ് മുഖ്യമന്ത്രിയെ കണ്ടത്. മുരുകന്റെ മരണത്തെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയതോടെ മുരുകന്റെ ഭാര്യ സഹായം തേടി കൊല്ലം സിപിഎം ഓഫിസില്‍ ചെന്നിരുന്നു. കാര്യത്തിന്റെ ഗൌരവം ഉള്‍ക്കൊണ്ട കൊല്ലം സിപിഎം ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാല്‍ ഇവരെ സഹായിക്കാന്‍ തീരുമാനിക്കുകയും സര്‍ക്കാര്‍ സഹായം ഉറപ്പ് വരുത്തുകയുമായിരുന്നു.
ആവശ്യമായ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ ബാലഗോപാല്‍ ഏറ്റെടുത്ത ഒരു മിഷന് വിജയകരവുമായി മാറി. ഇത്തരം ദുരനുഭവം ഭാവിയില്‍ ആര്‍ക്കും ഉണ്ടാവാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുമെന്നും അത്യാഹിതങ്ങളുണ്ടാകുമ്പോള്‍ തീവ്രപരിചരണം ഉറപ്പാക്കാനുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും മുഖ്യമന്ത്രി ഫെയ്സ് ബുക്ക് പേജില്‍ വ്യക്തമാക്കി.
ചികിത്സ നല്കാന് ആറു സ്വകാര്യ ആശുപത്രികള്‍ വിസ്ച്ചമ്മതിനെ തുടര്‍ന്ന് നാഗര്‍കോവില്‍ സ്വദേശി മുരുകന് ആംബുലന്‍സില്‍ വെച്ചാണ് മരിക്കുന്നത്. ഞായറാഴ്ച രാത്രി 11ന് കൊല്ലം ചാത്തന്നൂരിന് സമീപം മുരുകനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ ദമ്പതികളുടെ ബൈക്ക് ഇടിച്ചായിരുന്നു അപകടം.