മോഹന്‍ ഭാഗവത് ഇഫക്റ്റ്: പാലക്കാട് ജില്ലാ കളക്ടറെ സര്‍ക്കാര്‍ മാറ്റി

0
7859


തിരുവനന്തപുരം: പാലക്കാട് ജില്ലാ കളക്ടറെ സര്‍ക്കാര്‍ മാറ്റി. മോഹന്‍ ഭാഗവത് ഇഫക്റ്റ് അലയൊലികള്‍ അടങ്ങുന്നില്ലാ എന്ന സൂചനയാണ് പാലക്കാട്‌ ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടിയുടെ പൊടുന്നനെയുള്ള മാറ്റം. പാലക്കാട് കളക്ടറെ മാത്രമായി മാറ്റി എന്ന ദുഷ്പ്പേര് ഒഴിവാക്കാന്‍ ചില ജില്ലകളിലെ കലക്ടര്‍മാരെക്കൂടി മാറ്റിയിട്ടുണ്ട്. ഇന്നത്തെ കാബിനറ്റ്‌ യോഗത്തിലാണ് തീരുമാനം വന്നത്. തിരുവനന്തപുരം ഡോ.കെ.വാസുകി, കൊല്ലം ഡോ.എസ്. കാര്‍ത്തികേയൻ, ആലപ്പുഴ ടി.വി.അനുപമ എന്നിവരാണ് പുതുതായി കലക്ടര്‍മാരായി വന്നത്.

ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് എയിഡഡ്‌ സ്കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ സംഭവം സര്‍ക്കാരിനു കടുത്ത തിരിച്ചടിയായ സാഹചര്യത്തിലാണ് ദേശീയ പതാക വിവാദത്തില്‍ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. ഡോക്ടര്‍ പി.സുരേഷ്കുമാര്‍ ആണ് പുതിയ പാലക്കാട്‌ കലക്ടര്‍. സര്‍ക്കാര്‍ ഉദ്ദേശിച്ച നടപടി എടുക്കാത്തതിനാലാണ് പാലക്കാട്‌ കളകടറെ മാറ്റിയത് എന്നാണു അറിയാന്‍ കഴിഞ്ഞത്.

സംസ്ഥാന സര്‍ക്കാര്‍ ഒരു തീരുമാനം എടുത്തിട്ട് അത് ഒരു ജില്ലാ കളക്ടര്‍ക്ക് നടപ്പിലാക്കാന്‍ കഴിയാത്തത് വന്‍ തിരിച്ചടിയായ സാഹചര്യത്തിലാണ് നടപടി. ഭാഗവതിനെതിരെ കേസ് എടുത്ത് നടപടികള്‍ സ്വീകരിക്കാനും പാലക്കാട് കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

എന്നാല്‍ കലക്ടര്‍ നിയമോപദേശം തേടിയപ്പോള്‍ കേസ് എടുക്കാന്‍ വകുപ്പില്ലാ എന്ന മറുപടിയാണ് ലഭിച്ചത്. മുഖം രക്ഷിക്കാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തില്‍ കലക്ടറുടെ മാറ്റം അനിവാര്യമായിരുന്നു എന്നാണു വിലയിരുത്തല്‍. പ്രതിസന്ധി നേരിടുന്നതില്‍ ജില്ലാ ഭരണകൂടം പരാജയമായിരുന്നു എന്ന വിലയിരുത്തലിലാണ് മാറ്റം.

LEAVE A REPLY

Please enter your comment!
Please enter your name here