യൂത്ത് സ്‌പോര്‍ട്ട്‌സ് സീസണ്‍ 2 വിന് തുടക്കം

0
109
ഇന്ത്യന്‍ സ്‌ട്രൈക്കര്‍ സി.കെ. വിനീതും ആര്‍എഫ്‌വൈഎസിന്റെ സംഭാവന അജിത് ശിവനും ദേശീയ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ പ്രൗഢഗംഭീര തുടക്കത്തിനു സാക്ഷികളായി
 
‘ഇന്ത്യയെ ഒരു മള്‍ട്ടി സ്‌പോര്‍ട്ട്‌സ് രാജ്യമാക്കി മാറ്റുകയെന്നതാണ് റിലയന്‍സ് ഫൗണ്ടേഷന്റെ ലക്ഷ്യം’
കൊച്ചി :  ചരിത്രം കുറിച്ച റിലയന്‍സ് ഫൗണ്ടേഷന്‍ യൂത്ത് സ്‌പോര്‍ട്ട്‌സ് ദേശീയ ഫുട്‌ബോള്‍ മത്സരത്തിന്റെ രണ്ടാം എഡിഷന് ചെയര്‍പേഴ്‌സണ്‍ നിത അംബാനി കൊച്ചിയില്‍ തുടക്കമിട്ടു. അതിവിദൂരമല്ലാത്ത ഭാവിയില്‍ ഇന്ത്യയെ ഒരു മള്‍ട്ടി സ്‌പോര്‍ട്ട്‌സ് രാജ്യമാക്കി മാറ്റുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുകയാണ് ഫൗണ്ടേഷന്‍. കുട്ടികള്‍ക്കും യുവാക്കള്‍ക്കും കായിക മേഖലയില്‍ പ്രോത്സാഹനം നല്‍കുക മാത്രമല്ല ഓരോ കുട്ടിക്കും തന്റെ കഴിവുകള്‍ പരിപോഷിപ്പിക്കാനുള്ള വേദിയൊരുക്കുന്ന ഒരു കായിക സൗഹൃദാന്തരീക്ഷം രാജ്യത്ത് ഏറ്റവും താഴെത്തട്ടില്‍ വരെ സൃഷ്ടിക്കാനാണ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയിലെ അംഗം കൂടിയായ നിത  ശ്രമിക്കുന്നത്.
കൊച്ചിയില്‍ രാജഗിരി പബ്ലിക് സ്‌കൂളില്‍ നൂറു കണക്കിന് കുട്ടികള്‍ ആവേശം നിറഞ്ഞുനിന്ന വേദിയില്‍, നിത അംബാനിയും  ഇന്ത്യന്‍ സ്‌ട്രൈക്കറും കേരള ബ്ലാസ്റ്റേഴ്‌സ് താരവുമായ സി.കെ. വിനീതും ചേര്‍ന്ന് ആര്‍വൈഎഫ്എസിന്റെ രണ്ടാം സീസണ് ആഘോഷപൂര്‍വ്വം തുടക്കമിട്ടു. രാജ്യത്തെ 30 നഗരങ്ങളില്‍ ചാംപ്യന്‍ഷിപ്പ് അരങ്ങേറും. സ്‌കൂളുകളിലും കോളേജുകളിലും കായിക മേഖലയ്ക്ക് പുത്തനുണര്‍വ്വ് നല്‍കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയാണ് റിലയന്‍സ് ഫൗണ്ടേഷന്‍ യൂത്ത് സ്‌പോര്‍ട്ട്‌സ് എന്ന് രാജഗിരി പബ്ലിക് സ്‌കൂളും അസീസി വിദ്യാനികേതനും തമ്മില്‍ നടന്ന ഉദ്ഘാടന മത്സരത്തിനു മുന്‍പ് നിത അംബാനി പറഞ്ഞു.
ആര്‍വൈഎഫ്എസിലൂടെ കായിക രംഗത്ത് ഒരു ഏകീകൃത ഘടന സൃഷ്ടിക്കുകയും എല്ലാ പ്രധാന ഒളിംപിക് കായിക ഇനങ്ങള്‍ക്കുമായി സമഗ്ര പദ്ധതി തയ്യാറാക്കുകയുമാണ് ലക്ഷ്യം. രാജ്യത്തെ യുവാക്കള്‍ക്ക് കായികമേഖലയില്‍ സാധ്യമായ തൊഴില്‍ സാധ്യതകള്‍ ലഭ്യമാക്കുമെന്നും അവര്‍ പറഞ്ഞു. രാജ്യത്ത് കായികമേഖലയില്‍ താഴെത്തട്ടില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ സംരംഭമാണ് ആര്‍എഫ്‌വൈഎസ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്. അടുത്ത അഞ്ചുമാസങ്ങള്‍ക്കുള്ളില്‍ 3000 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള 60,000 കുട്ടികളാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്നത്.
ഉദ്ഘാടന വര്‍ഷത്തില്‍ എട്ട് ഐഎസ്എല്‍ നഗരങ്ങളില്‍ ചാംപ്യന്‍ഷിപ്പ് നടക്കും. ബംഗളൂരു, അഹമ്മദാബാദ്, ഷില്ലോംഗ്, ഐസ്‌വാള്‍, ഇംഫാല്‍, ഹൈദരാബാദ്, ജംഷഡ്പൂര്‍ എന്നീ നഗരങ്ങള്‍ മത്സരത്തില്‍ പങ്കാളികളാകും. ഫുട്‌ബോള്‍ പ്രതിഭകള്‍ക്ക് പേരുകേട്ട കേരളത്തിലും ഗോവയിലും ആര്‍വൈഎഫ്എസ് 2017-18 സീസണ്‍ സംസ്ഥാനത്തെ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും വ്യാപിപ്പിക്കും. വരുന്ന ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മൂവാറ്റുപുഴ നിര്‍മ്മല കോളേജ് വിദ്യാര്‍ഥിയായ 20 കാരന്‍ അജിത് ശിവന്റെ അവതരണം ഉദ്ഘാടന ചടങ്ങിലെ ശ്രദ്ധേയ നിമിഷമായി.
കഴിഞ്ഞ വര്‍ഷത്തെ ആര്‍എഫ്‌വൈഎസ് ടൂര്‍ണ്ണമെന്റിലാണ് അജിത് തന്റെ കഴിവുകള്‍ പ്രകടമാക്കിയത്. മികച്ച കഴിവുള്ള ഭാവിയുടെ വാഗ്ദാനമായ അജിത്തിനെ ബ്ലാസ്റ്റേഴ്‌സ് ടീമിലെടുത്തു കഴിഞ്ഞു,  നിത അഭിമാനത്തോടെ പ്രഖ്യാപിച്ചു. കായികരംഗത്ത് താഴേത്തട്ടിലിറങ്ങിയുള്ള ദീര്‍ഘനാളത്തെ പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനത്തിലൂടെ കൂടുതല്‍ അജിത് ശിവന്‍മാരെ കണ്ടെത്താന്‍ സഹായിക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും അവര്‍ പറഞ്ഞു.
ജൂനിയര്‍ ബോയ്‌സ്, സീനിയര്‍ ബോയ്‌സ്, സീനിയര്‍ ഗേള്‍സ്, കോളേജ് ബോയ്‌സ് എന്നീ നാലു വിഭാഗങ്ങളിലായാണ് ആര്‍എഫ്‌വൈഎസ് ദേശീയ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുക. ഓരോ നഗരങ്ങളിലും നടക്കുന്ന പ്രീ-ക്വാളിഫൈയിംഗ് റൗണ്ടോടെയാണ് മത്സരങ്ങള്‍ ആരംഭിക്കുക. തുടര്‍ന്ന് മെയിന്‍ ഡ്രോയിലെ വിജയിയെ കണ്ടെത്തും. വിജയിച്ച ടീമുകള്‍ തുടര്‍ന്ന് വീണ്ടും ഏറ്റുമുട്ടി ദേശീയ ചാംപ്യന്‍ഷിപ്പില്‍ കിരീടം സ്വന്തമാക്കും. മെയിന്‍ ഡ്രോ മുതല്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങളില്‍ നിന്നുള്ള വീഡിയോ ഫൂട്ടേജുകള്‍ റിലയന്‍സ് ഫൗണ്ടേഷന്‍ യൂത്ത് സ്‌പോര്‍ട്ട്‌സ് നിര്‍മ്മിക്കും. രാജ്യത്തുടനീളമുള്ള പ്രതിഭാധനരായ ഫുട്‌ബോള്‍ കളിക്കാരെ കണ്ടെത്താന്‍ ഇതു സഹായിക്കും. സാങ്കേതികമായ വിലയിരുത്തലിനും കുറവുകള്‍ വളരെ ചെറുപ്പത്തിലേ കണ്ടെത്തി പരിഹരിക്കുന്നതിനും ഈ വീഡിയോ ഫുട്ടേജുകള്‍ ഉപയോഗപ്പെടുത്താം. രാജഗിരി പബ്ലിക് സ്‌കൂളും അസീസി വിദ്യാനികേതനും തമ്മില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ രാജഗിരി പബ്ലിക് സ്‌കൂള്‍ 1-0 ന് ജയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here