കൊച്ചി: സ്റ്റാര്‍ട്ടപ് സംരംഭങ്ങളുടെ ഈറ്റില്ലമായ കേരളം അറിവിന്റെയും അനുഭവത്തിന്റെയും മറ്റൊരു സംഗമത്തിനു കൂടി വേദിയാകുന്നു. കേരള സ്റ്റാര്‍ട്ടപ് മിഷന് സംഘടിപ്പിക്കുന്ന ഐഇഡിസി-2017 ല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മൂവായിരത്തോളം വിദ്യാര്‍ത്ഥി സാങ്കേതിക സംരംഭകര്‍ പങ്കെടുക്കുമ്പോള്‍ സംരംഭകത്വത്തിന്റെ പാഠങ്ങള്‍ പങ്കുവയ്ക്കാന്‍ ഗൂഗിളും ഫെയ്സ്ബുക്കും എത്തുന്നു. –
വിദ്യാര്‍ഥികളുടെ 50 സംരംഭക ഉല്പന്ന മാതൃകകള്‍ വിലയിരുത്തലിനു വിധേയമാകുന്ന മേള ഓഗസ്റ്റ് 19-ന് അങ്കമാലി അഡ്ലക്സ് കണ്വെന്ഷന് സെന്ററില്‍ നടക്കുമ്പോള്‍ അതില്‍ മുഖ്യമന്ത്രി പിണറായി വിജയന് മുഖ്യാതിഥിയായിരിക്കും.
കേരളത്തിലെ സ്റ്റാര്‍ട്ടപ് സംരംഭങ്ങളുടെ അനുകൂല പരിതസ്ഥിതിയുടെ നേര്‍ക്കാഴ്ച പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐഇഡിസി 2017 നല്‍കും. ഇന്നൊവേഷന് എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മന്റ് സെന്റേഴ്സ് എന്നറിയപ്പെടുന്ന ഐഇഡിസിയില് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രഗല്ഭരായ ആളുകളുമായി ആശയസംവാദനത്തിനുള്ള അവസരവും ലഭിക്കും. ഗൂഗിള്‍ ഇന്ത്യയുടെ വൈസ്പ്രസിഡന്റും എംഡിയുമായ രാജന് ആനന്ദനാണ് ചടങ്ങളില്‍ മുഖ്യപ്രഭാഷണം നടത്തുന്നത്. അതേസമയം കൊച്ചിയിലെ കമ്പ്യൂട്ടര്‍ ഡെവലപ്മര്ക്കായി വിജ്ഞാന പങ്കുവയ്ക്കല്‍ കൂട്ടായ്മ ഫേസ് ബുക്ക് പുറത്തിറക്കും.
ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ് കോയിന് എയര്‍ഡ്രോപ്പ് ആദ്യമായി കേരളത്തിലെത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. പ്രാദേശികമായ ഡിജിറ്റല്‍ കറന്‍സി വിപുലീകരിക്കുന്നതിനു വേണ്ടി സാമ്പത്തിക-സാങ്കേതികവിദ്യാ (ഫിന്‍ടെക്) സ്ഥാപനങ്ങളും 11 മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ചേര്‍ന്നു നടത്തുന്ന ഒരു ആഗോള പദ്ധതിയാണിത്.
മേളയില്‍ ഇരൂനൂറോളം ഐഇഡിസികള്‍ പങ്കെടുക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളില്‍ നൂതന ആശയങ്ങളും സംരംഭകത്വവും വളര്‍ത്തുന്നതിന് എന്‍ജിനീയറിംഗ്, ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലുള്ള വികസന കേന്ദ്രങ്ങളാണ് ഐഇഡിസികള്‍.
മേളയോടനുബന്ധിച്ച് പ്രൊജക്ട് എക്സ്പോയിലാണ് ഉല്പന്ന മാതൃകകള്‍ പ്രദര്‍ശിപ്പിക്കുന്നത്. സ്വയം വികസിപ്പിച്ചെടുത്ത റോബോട്ടുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള റോബോ വാര് മത്സരങ്ങളും ഇതോടനുബന്ധിച്ച് ഉണ്ടാകും. കേന്ദ്ര വാര്‍ത്താ വിനിമയ സെക്രട്ടറി അരുണ സുന്ദരരാജന്, സംസ്ഥാന ഐടി സെക്രട്ടറി എം.ശിവശങ്കര്‍ എന്നിവര്‍ വിദ്യാര്‍ഥികളുമായി സംവദിക്കാനെത്തുന്നുണ്ട്. ഇതു കൂടാതെ ഓഡിയോ വീഡിയോ പ്രദര്‍ശനങ്ങള്‍, സെമിനാര്‍, പാനല്‍ ചര്‍ച്ചകള്‍, മെന്ററിംഗ് എന്നിവയും എക്സ്പോയുടെ ഭാഗമായി ഉണ്ടാകും.
ഓരോ ഐഇഡിസിയും നൂറുകണക്കിന് വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളുന്നുണ്ടെന്നും സംസ്ഥാനത്തെമ്പാടുമുള്ള 193 ഐഇഡിസികള്‍ക്ക് കേരള സ്റ്റാര്‍ട്ടപ് മിഷന്റെ സഹായമുണ്ടെന്ന് സിഇഒ ഡോ സജി ഗോപിനാഥ് പറഞ്ഞു. ഇവരുടെ സാങ്കേതിക പരിജ്ഞാനം, നേതൃപാടവം, സംംരംഭകത്വം, വിപണനസാമര്ത്ഥ്യം എന്നിവ വര്‍ധിപ്പിക്കുന്നതിനുള്ള സഹായം സ്റ്റാര്‍ട്ടപ് മിഷനാണ് നല്‍കുന്നത്. മികച്ച ആശയങ്ങളുള്ളവര്‍ക്ക് മാതൃകകള്‍ നിര്‍മ്മിക്കുന്നതിനുള്ള സഹായം സംസ്ഥാനത്തെ ഫാബ് ലാബുകള്‍ വഴി നല്‍കും. ഏതാണ്ട് 200 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈ ഐഇഡിസികള്‍ വഴിവച്ചുവെന്നത് അത്ഭുതകരമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഇ-കൊമേഴ്സ് രംഗത്തെിന്റെ പിതാവെന്ന് വിശേഷിപ്പിക്കുന്ന വൈത്തീശ്വരന്‍ കെ-യാണ് ഈ വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുന്നത്. ഫൈയിലിംഗ് ടു സക്സീഡ്, ദി സ്റ്റോറി ഓഫ് ഇന്ത്യാസ് ഫസ്റ്റ് ഇ കൊമേഴ്സ് കമ്പനി എന്നതാണ് വിഷയം. സിഡ്നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹമ്മന്‍സ് എന്ന സ്റ്റാര്‍ട്ടപ്പിന്റെ സഹസ്ഥാപകനും സിഇഒയുമായ സ്കോട്ട് ഒ ബ്രയന്‍ വെര്‍ച്വല്‍ റിയാലിറ്റിയെക്കുറിച്ച് സംസാരിക്കും.
ഐസിഫോസ് ഡയറക്ടര്‍ ഡോ.ജയശങ്കര്‍ പ്രസാദ്, എയ്ഞ്ചല്‍ ഇന്‍വസ്റ്ററായ നാഗരാജ പ്രകാശം, മൈക്രോസോഫ്റ്റ് ഇന്ത്യയുടെ മുന്‍ ഡയറക്ടറും ജാക്ഫ്രൂട്ട്365-ന്റെ സ്ഥാപകനുമായ ജെയിംസ് ജോസഫ്, ഡെന്റ് കെയര്‍ ഡെന്റല്‍ ലാബിന്റെ സ്ഥാപകനും എംഡിയുമായ ജോണ്‍ കുര്യാക്കോസ് എന്നിവരും സംസാരിക്കും.
രണ്ട് പാനല്‍ ചര്‍ച്ചകളാണ് മേളയിലുള്ളത്. ഐഡന്റിഫൈ ദി പ്രോബ്ലം, എക്സ്പ്ലോര്‍ ദി ഓപ്പര്‍ച്യുണിറ്റി, ബില്‍ഡ് യുവര്‍ എന്റര്‍പ്രൈസ്/സ്റ്റാര്‍ട്ട് അപ്, എന്റ്രപ്രണര് ബൈ ചോയ്സ്, നോട്ട് ബൈ ചാന്‍സ് എന്നിവയാണ് ചര്‍ച്ചാ വിഷയങ്ങള്‍. ഇതു കൂടാതെ ചൂടേറിയ ചര്‍ച്ചകള്‍, സ്റ്റാര്‍ട്ട് അപ് ഇന്‍ക്യുബേറ്റര്‍ എക്സ്പോകള്‍, ഭാവി സാങ്കേതികവിദ്യ, ബിസിനസ് മാതൃകകള്‍, ഡിസൈന്‍ എന്നീ വിഷയങ്ങളില്‍ വിവിധ ചര്‍ച്ചകള്‍ എന്നിവയും മേളയിലുണ്ടാകും.