സ്വാശ്രയ മെഡിക്കല്‍ ഫീസ് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു എന്ന കടുത്ത ആരോപണവുമായി നിയമസഭയില്‍ പ്രതിപക്ഷം. വി ഡി സതീശന് എംഎല്‍എ ആണ് ആരോപണവുമായി അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സര്‍ക്കാരും മാനേജുമെന്റും സ്വാശ്രയ ഫീസ് വര്‍ധന വിഷയത്തില്‍ ഒത്തുകളിച്ചുവെന്നാണ് നോട്ടീസില്‍ ആരോപിക്കുന്നത്. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമ സഭ പിരിച്ചുവിട്ടു.
ആരോഗ്യവകുപ്പു മന്ത്രിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഫീസ് വര്‍ധനക്കായി ഇടപെട്ടതും പ്രതിപക്ഷത്തിന്റെ ആരോപണത്തിന് വിധേയമായി. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടായില്ലെന്ന് ആരോഗ്യ മന്ത്രി നിയമസഭയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് ഫീസ് കുത്തനെ ഉയരുന്നത്.
ഈ വിഷയത്തില്‍ ആരോഗ്യ മന്ത്രി ഇടപെടാതിരിക്കുകയും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതും ശരിയായ നടപടിയല്ലെന്ന് വി ഡി സതീശന് ആരോപിച്ചു. സുപ്രീം കോടതിയില്‍ വേണ്ട വിധം സംസ്ഥാനത്തിനായി ഹാജരായ അഭിഭാഷകന് വാദിക്കാതിരുന്നുവെന്നും സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ അവതരിപ്പിച്ചില്ല എന്നും പ്രതിപക്ഷം ആരോപിച്ചു.
എന്നാല്‍ പ്രൈവറ്റ് സെക്രട്ടറി ഇടപെട്ടു എന്ന പ്രതിപക്ഷ ആരോപണത്തിന് സര്‍ക്കാര്‍ മറുപടി നല്‍കിയില്ല. കോടതിയില്‍ മാനേജ്മെന്റുകള്‍ പോയതുകൊണ്ടുള്ള പ്രശ്നങ്ങളാണ് നിലവിലുള്ളതെന്നും അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്കിയാലും ഇതില്‍ സര്‍ക്കാരിന് കൂടുതലായി ഒന്നും പറയാനില്ലെന്നും ആരോഗ്യ മന്ത്രി നിയമസഭയെ അറിയിച്ചു. ബഹളത്തെ തുടര്‍ന്ന് നിയമ സഭ ഇന്നേയ്ക്ക് പിരിഞ്ഞു.