ഹാദിയ കേസ് എന്‍.ഐ.എ അന്വേഷിക്കണമെന്ന് സുപ്രീംകോടതി

0
183

മതം മാറിയതിന്റെ പേരില്‍ ഹാദിയയുടെ വിവാഹം റദ്ദാക്കിയ സംഭവം ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്ന് സുപ്രീംകോടതി. റിട്ട. സുപ്രീംകോടതി ജഡ്ജി ആര്‍.വി രവീന്ദ്രന്റെ മേല്‍നോട്ടത്തിലായിരിക്കും എന്‍.ഐ.എ അന്വേഷണം നടത്തുക. അന്തിമ വാദത്തിന് മുമ്പ് വൈക്കത്തെ വീട്ടില്‍ കഴിയുന്ന ഹാദിയയെ കോടതി മുമ്പാകെ വിളിച്ചു വരുത്തുമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ കോടതിയില്‍ വ്യക്തമാക്കി.
ഹൈകോടതി വിധിക്കെതിരെ ഭര്‍ത്താവ് ഷെഫിന്‍ ജെഹാന്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് സുപ്രിംകോടതിയുടെ നിര്‍ദേശം. കോടതിയുടെ അന്തിമ വിധി വരുംവരെ ഹാദിയ മാതാപിതാക്കള്‍ക്കൊപ്പം കഴിയുമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
അതേസമയം, എന്‍.ഐ.എ അന്വേഷണത്തെ കേരളാ സര്‍ക്കാറിന്റെ അഭിഭാഷകന്‍ കോടതിയില്‍ എതിര്‍ത്തില്ല. ഏതന്വേഷണത്തോടും സഹകരിക്കാമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ വി.വി ഗിരി സുപ്രീംകോടതിയെ അറിയിച്ചു. ഹാദിയ കേസിന്റെ മുഴുവന്‍ വിശദാംശങ്ങളും ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാന്‍ സുപ്രീംകോടതി കേരള പൊലീസിന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
ഹാദിയ കേസില്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളുണ്ടെന്നും അത് അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി തയാറാണെന്നും കേന്ദ്ര സര്‍ക്കാറിന്റെ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ് ചീഫ് ജസ്റ്റിസ് മുമ്പാകെ വ്യക്തമാക്കിയിരുന്നു.
സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം സ്വീകരിച്ച് തന്നെ വിവാഹം ചെയ്ത കോട്ടയം വൈക്കം ടി.വി പുരം ദേവികൃപയിലെ ഹാദിയയെ വീട്ടുതടങ്കലില്‍ നിന്ന് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ചന്ദനത്തോപ്പ് ചിറയില്‍ പുത്തന്‍വീട്ടിലെ ശഫിന്‍ ജഹാനാണ് സുപ്രീംകോടതിയെ സമീപിച്ചത്. ശഫിന്‍ ജഹാനു വേണ്ടി പ്രമുഖ അഭിഭാഷകരായ അഡ്വ. കപില്‍ സിബല്‍, അഡ്വ. ഇന്ദിര ജയ്‌സിങ് എന്നിവരും ഹാദിയയുടെ പിതാവിന് വേണ്ടി മുന്‍ അറ്റോണി ജനറല്‍ മുകുല്‍ രോഹതഗിയും ആണ് കോടതിയില്‍ ഹാജരാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here