എം.കെ.ദാമോദരന്‍റെ അഭാവത്തില്‍ സര്‍ക്കാരിലേക്കും, പാര്‍ട്ടിയിലേക്കും ‘ലാവ്ലിന്‍’ അഗ്നി പടരുമോ?

0
1487

തിരുവനന്തപുരം: ഇടത് രാഷ്ട്രീയത്തില്‍ വലിയ ശൂന്യത സൃഷ്ടിച്ചാണ് എം.കെ.ദാമോദരന്‍ വിടവാങ്ങുന്നത്. കരുത്തുറ്റ നിയമ പരിരക്ഷകനെ കേരളത്തിനു നഷ്ടപ്പെട്ടിരിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ വാക്കുകളില്‍ തന്നെ ഈ സത്യം ഒളിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ സംബന്ധിച്ച് ഒരു നിര്‍ണ്ണായക ഘട്ടത്തിലാണ് ഈ കേസില്‍ നിയമ പരിരക്ഷ നല്കി നിലകൊണ്ട എം.കെ.ദാമോദരന്റെ വിടവാങ്ങല്‍.

പിണറായി വിജയനെപ്പോലുള്ള ശക്തനായ ഒരു മുഖ്യമന്ത്രിയെ, അദ്ദേഹത്തിന്റെ വ്യക്തിപരമായ ജീവിതത്തില്‍ വേട്ടയാടിയ ലാവ്ലിന്‍ പോലെ വേറൊരു കേസ് ഇല്ല.മാധ്യമങ്ങള്‍ അദ്ദേഹത്തെ വേട്ടയാടിയ ആ രീതിയിലാണ് അദ്ദേഹത്തിന്റെ മാധ്യമ വിരോധത്തിന്റെ തുടക്കം പോലും. സിപിഎമ്മില്‍ കടുത്ത വിഭാഗീയത നിലനിന്ന മുന്‍ കാലത്ത്, അദ്ദേഹം പാര്‍ട്ടി സെക്രട്ടറിയായി ദീര്‍ഘകാലം തുടരുന്ന ആ നാളുകളില്‍ വിഎസ് പക്ഷത്തിന്റെ ഏറ്റവും ശക്തമായ ആയുധമായിരുന്നു ലാവ്‌ലിന്‍ കേസ്.

ആ ലാവ്ലിന്‍ ആധാരമാക്കി ഒരു പുസ്തകം വരെ കേരളത്തില്‍ രചിക്കപ്പെട്ടു. സി.ആര്‍.നീലകണ്‌ഠന്‍റെ പുസ്തകം. അത്രമാത്രം വിവാദ ശരങ്ങളാണ് ലാവലിന്റെ പേരില്‍ മുഖ്യമന്ത്രിയെ പിന്തുടര്‍ന്നത്. ആ കേസ് ബീജാവാപം ചെയ്യുന്നത് മുതല്‍ ഇന്നലെ വിടപറയും വരെ മുന്‍ എജിയും നിയമജ്ഞനുമായ എം.കെ.ദാമോദരന്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ കരുത്ത്. അത്രമാത്രം ആ കേസില്‍ മുഖ്യമന്ത്രി ദാമോദരനെ വിശ്വസിച്ചു. ദാമോദരന്‍ ആണെങ്കില്‍ തലനാരിഴ കീറി ആ കേസ് പഠിച്ചു.

എം.കെ ദാമോദരനെപ്പോലെ ലോകത്ത് ലാവ്‌ലിന്‍ കേസിനെക്കുറിച്ച് അറിയുന്ന മറ്റാരും ഇല്ല. അതിന്റെ ഓരോ ഏടുകളും എം.കെ.ദാമോദരനു ചിരപരിചിതമായിരുന്നു. ലാവ്‌ലിന്‍ കേസില്‍, പ്രത്യേക കോടതിയില്‍നിന്ന് പിണറായിക്കനുകൂലമായി ഉത്തരവ് ലഭിച്ചത് ദാമോദരന്റെ നിയമോപദേശത്തിലാണ്. അതാണ്‌ ഇപ്പോഴും മുഖ്യമന്ത്രിയുടെ പിടിവള്ളി. ലാവ്ലിന്‍ കേസില്‍ ദാമോദരന്റെ വാദമുഖങ്ങളെ ജഡ്ജിമാര്‍ പോലും മാനിച്ചു. അത്രയേറെ ആത്മവിശ്വാസം ദാമോദരനു ആ കേസില്‍ ഉണ്ടായിരുന്നു.

സിബിഐക്കും അതാത് ജഡ്ജിമാര്‍ക്കും ഈ കാര്യങ്ങള്‍ അറിയാമായിരുന്നു. ലാവ്ലിന്‍ കാര്യത്തില്‍ അത്ര ആത്മവിശ്വാസം മുഖ്യമന്ത്രിക്ക് പകര്‍ന്നു നല്‍കിയിരുന്ന ആ ദാമോദരനാണ് ഇപ്പോള്‍ വിടവാങ്ങിയിരിക്കുന്നത്. അസുഖം ദാമോദരനെ കീഴടക്കിയപ്പോഴാണ് അദ്ദേഹത്തിന്റെ ഉപദേശ പ്രകാരം കൊച്ചിയില്‍ വന്നു ഹൈക്കോടതിയില്‍ ഈയിടെ ഹരീഷ് സാല്‍വെ ഹാജരായത്.

ഇപ്പോള്‍ ഈ കേസില്‍ ഇനി വരാനിരിക്കുന്ന അന്തിമ വിധി കേള്‍ക്കാനും ദാമോദരന്‍ ഇല്ല. അതും മുഖ്യമന്ത്രിയെ അസ്വസ്ഥതപ്പെടുത്തുന്നുണ്ടാകും. ദാമോദരന്റെ മരണത്തോടെ, ലാവ്ലിന്‍ കേസില്‍ അന്തിമ വിധി വരും മുന്‍പ് തന്നെ ഇനിയെന്ത് എന്ന ചോദ്യം ഉയരുകയാണ്, മുഖ്യമന്ത്രിക്കും, പാര്‍ട്ടിക്കും മുന്‍പില്‍.

കാരണം കോടതിയുടെ അന്തിമ വിധി അനുകൂലമല്ലെങ്കില്‍ അത് കേരളത്തിലെ ഇടത് സര്‍ക്കാരിനും, മുഖ്യമന്ത്രിക്ക് വ്യക്തിപരമായും തന്നെ അഗ്നിപരീക്ഷകളുടെ നാളുകള്‍ ആകും. ആ വിധി കേള്‍ക്കാനും തുടര്‍ നിര്‍ദ്ദേശങ്ങള്‍ക്കും ദാമോദരന്‍ ഇല്ലാ എന്നതും ലാവ്ലിന്‍ അന്തിമ വിധിയില്‍ ഇടത് പ്രതിസന്ധിയുടെ ആഴം കൂട്ടും.

ഇന്ന് അഗ്നി നാളങ്ങള്‍ ദാമോദരനെ ഏറ്റുവാങ്ങുമ്പോള്‍, ലാവ്ലിന്‍ എന്ന അഗ്നിയുടെ ചൂട്, ദാമോദരന്റെ അഭാവത്തില്‍ സര്‍ക്കാരിലെക്കും പാര്‍ട്ടിയിലേക്കും പടര്‍ന്നു തുടങ്ങുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here