കയ്യേറ്റ ആരോപണം: തോമസ് ചാണ്ടിക്ക് പിന്തുണയുമായി മുഖ്യമന്ത്രി

0
90

മന്ത്രി തോമസ് ചാണ്ടിക്കെതിരായ കയ്യേറ്റ ആരോപണവുമായി ബന്ധപ്പെട്ട് ചര്‍ച്ചക്കായി പ്രതിപക്ഷം നോട്ടീസ് നല്‍കി. കൂടാതെ നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനെതിരായ ആരോപണത്തിലും ചര്‍ച്ചവേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വി.ടി.ബല്‍റാമാണ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്.

അതേസമയം തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും, റിസോര്‍ട്ടിനായി തോമസ് ചാണ്ടി കായല്‍ കയ്യേറിയിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പ്ലാസ്റ്റിക് ബോയ് കെട്ടിയത് പോളയും മാലിന്യവും തടയാന്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസ് ചട്ടവിരുദ്ധമെന്ന് സ്പീക്കര്‍ നിലപാടെടുത്തു. ഒന്നിലധികം വിഷയം ഒന്നിച്ച് പ്രതിപാദിക്കാന്‍ പാടില്ലെന്നാണ് ചട്ടം. ഭൂമി കയ്യേറ്റമെന്ന വിഷയമാണ് ഉന്നയിച്ചതെന്നു പ്രതിപക്ഷം വാദിച്ചു.

ചട്ടമനുസരിച്ച് നോട്ടിസ് നല്‍കണമെന്ന് മന്ത്രി എ.കെ.ബാലന്‍ ആവശ്യപ്പെട്ടു. അഭ്യൂഹങ്ങളും ആരോപണങ്ങളും ഉന്നയിക്കുകയല്ല വേണ്ടതെന്നും ബാലന്‍ ചൂണ്ടിക്കാട്ടി. അതേസമയം, മന്ത്രി തോമസ് ചാണ്ടിയുടെ വിവാദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട നിര്‍ണായക ഫയലുകള്‍ ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍നിന്ന് കാണാതായി.

ഭൂമി കയ്യേറിയെന്ന ആരോപണത്തെ തുടര്‍ന്നുള്ള പരിശോധനയിലാണ് മുനിസിപ്പാലിറ്റിയില്‍ റിസോര്‍ട്ടുമായി ബന്ധപ്പെട്ട 32 ഫയലുകള്‍ ഇല്ലെന്ന് കണ്ടെത്തിയത്. ഭൂമി കയ്യേറ്റം കണ്ടെത്താന്‍ റിസോര്‍ട്ടില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങിയിരുന്നു. ഇതിനുശേഷമാണ് ഫയല്‍ അപ്രത്യക്ഷമായത്.

ഫയല്‍ കണ്ടെത്താന്‍ ആലപ്പുഴ മുനിസിപ്പല്‍ സെക്രട്ടറി സെര്‍ച്ച് ഓര്‍ഡര്‍ നല്‍കി. ഫയലുകള്‍ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതായി നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫും അറിയിച്ചു. മന്ത്രി തോമസ് ചാണ്ടി ഭൂമി കയ്യേറിയെന്ന ആരോപണത്തെക്കുറിച്ച് പരിശോധിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here