കൊടൈക്കനാലിനെ സാക്ഷിയാക്കി മണിപ്പൂരിന്റെ ഉരുക്കു വനിത ഇറോം ശര്‍മ്മിള വിവാഹിതയായി. ബ്രിട്ടീഷ് പൗരനും സുഹൃത്തുമായ ഡെസ്മണ്ട് കുടിനോയെയാണ് ഇറോം വിവാഹം കഴിച്ചത്. ചടങ്ങില്‍ വളരെ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് പെങ്കടുത്തത്. ഇരുവരുടെയും കുടംബാംഗങ്ങള്‍ ചടങ്ങില്‍ നിന്നു വിട്ടുനിന്നു.
മണിപ്പൂരിലെ തെരഞ്ഞെടുപ്പ് തോല്‍വിയെത്തുടര്‍ന്ന് രാഷ്ട്രീയം ഉപേക്ഷിച്ച ഇറോം ഷര്‍മ്മിള പിന്നീടുള്ള ജീവിതത്തിനായി തിരഞ്ഞെടുത്ത സ്ഥലം കൊടൈക്കനാലായിരുന്നു. പൊരുമാള്‍ മലക്കടുത്ത ബോഡിജെന്റോ ആശ്രമത്തില്‍ കഴിയുന്നതിനിടയിലാണ് കാമുകന് ഡെസ്മണ്ട് കുടിനോ ഇവരെത്തേടി കൊടൈക്കനാലില്‍ എത്തിയത്. പിന്നീടവര്‍ കൊടൈക്കനാലില്‍ തന്നെ മറ്റൊരിടത്തേയ്ക്ക് താമസം മാറ്റുകയും വിവാഹം ഒരു മാസത്തിനകം നടക്കുമെന്നും വെളിവാക്കിയിരുന്നു. ഇതുപ്രകാരം ജൂലൈ മാസം 12 നു സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രാകാരം സബ് രജിസ്റ്റാര്‍ ഓഫീസില്‍ വെച്ച് വിവാഹം രജിസ്റ്റര്‍ ചെയ്തു.
എന്നാല്‍ വിവാഹം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഹിന്ദു മക്കള്‍ കക്ഷി രംഗത്തെത്തി. ഇവിടെ വച്ച് വിവാഹം നടത്തുന്നത് പ്രദേശത്തെ ശാന്തയും സമാധാനവും വഷളാകുമെന്നായിരുന്നു അവരുടെ വാദം. ഇതിനെതിരെ കൊടൈക്കനാല്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ പരാതി കൊടുക്കുകയും ചെയ്തു. എന്നാല്‍ വിവാഹം കഴിച്ചാലും ഇല്ലെങ്കിലും തങ്ങള്‍ ഇവിടെ തന്നെ താമസിക്കുമെന്നും, ഇത് രണ്ടു വ്യക്തികളുടെ തികച്ചും സ്വകാര്യമായ ജീവിതമാണെന്ന നിലപാടില്‍ ഇറോം ഉറച്ചു നില്‍ക്കുകയായിരുന്നു.