ഉത്രപ്രദേശിലെ ഗോരഖ്പൂര്‍ മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ കിട്ടാതെ പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ ആശുപത്രിയിലെ അനാസ്ഥതയുടെ പുതിയ കഥകള്‍ പുറത്തു വരുന്നു. സംഭവത്തില്‍ ഓക്സിജന്‍ വാങ്ങുന്നതും വീണ്ടും നിറയ്ക്കുന്നതും രേഖപ്പെടുത്തുന്ന ലോഗ് ബുക്കില്‍ തിരുത്തലുകള്‍ വരുത്തിയിട്ടുള്ളതായി പ്രദേശിക ഭരണകൂടം കണ്ടെത്തി.
ആശുപത്രിയിലേക്കുള്ള ഓക്സിജന്‍ വിതരണം നിലച്ചതിന്റെ ഉത്തരവാദിത്വം പുഷ്പ സെയില്‍സിനാണെന്ന് ജില്ലാ മജിസ്ട്രേറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സതീഷ് കുമാറും ഫാര്‍മസി മേധാവി ഗജന്‍ ജയ്സ്വാള്‍ ഓക്സിജന്‍ സിലണ്ടറിന്റെ ലഭ്യത പരിശോധിക്കാനോ, ലോഗ് ബുക്കില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുകയോ ചെയ്തിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിനു പുറമെ ആശുപത്രിയുടെ മുന്‍ പ്രിന്‍സിപ്പിള്‍ ഡോ. ആര്.കെ. മിശ്ര, അനസ്തേഷ്യ വിഭാഗം മേധാവി സതീഷ് കുമാര്‍ എന്നിവരുടെ അസാന്നിധ്യത്തെതയും റിപ്പോര്‍ട്ടില്‍ ചോദ്യം ചെയ്യുന്നുണ്ട്. ആശുപത്രിയില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള ഉത്തരവാദിത്വം സതീഷ് കുമാറിനാണ്.
ഓഗസ്റ്റ് പത്തിന് വൈകുന്നേരം മുതലാണ് ആശുപത്രിയിലെ ഓക്സിജന്‍ വിതരണം തടസപ്പെട്ടത്. എന്നാല്‍, ഓക്സിജന്‍ തടസപ്പെട്ടതല്ല മരണ കാരണം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന വിശദീകരണം. എന്നാല്‍, മരണകാരണം ഇത് തന്നെയാണെന്ന് റിപ്പോര്‍ട്ട് ശരിവയ്ക്കുന്നു.