ന്യത്തം, ചിത്രകല, സംഗീതം, വൈദ്യം; എന്തും സാധ്യം തിരുവനന്തപുരം കളക്ടര്‍ക്ക്

0
1970

 

തിരിച്ചു കിട്ടാത്ത സ്‌നേഹം മനസിന്റെ വിങ്ങലാണോ? എന്നാല്‍ ആ സ്‌നേഹം അപ്രതീക്ഷിതമായ സമയത്ത് പെട്ടന്നു തിരിച്ചു കിട്ടിയാലോ? പതിമൂന്നൂ വര്‍ഷങ്ങള്‍ക്കു മുന്‍പിലുള്ള തണുത്ത ഒരു സായാഹ്നത്തില്‍ പെട്ടെന്നുള്ള ഒരു ചോദ്യത്തിലൂടെ മനസിലെ ഒളിച്ചു വെച്ചിരുന്ന ഈ വിങ്ങലിനു ഉത്തരം കൊടുത്തയാളാണ് തിരുവനന്തപുരത്തിന്റെ പുതിയ ചുമതലക്കാരി ഡോ. വാസുകി ഐ.എ.എസ്. അവിടെ മനോഹരമായ ഒരു പ്രണയതതിനു തുടക്കമാകുകയായിരുന്നു.

”യൂ നോ ദാറ്റ് ഐ ലവ് യൂ…” ഈ വാചകത്തിനായി കാര്‍ത്തികേയന്‍ എന്ന കാമുകന്‍ കാത്തിരുന്നത് ഒന്നും രണ്ടും വര്‍ഷമല്ല, നാലു വര്‍ഷങ്ങളാണ്. മദ്രാസ് മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ എംബിബിഎസ് പരീക്ഷക്കാലത്തെ പിള്ളേരായിരുന്നു നമ്മുടെ കഥയിലെ കാമുകനും. അതായത് വാസുകിയും കാര്‍ത്തികേയനും. പിറ്റേന്നു പരീക്ഷയാണ്. സോഷ്യല്‍ ആന്‍ഡ് പ്രിവന്റീവ് മെഡിസിന്‍ എന്ന കട്ടിയുള്ള പേപ്പര്‍. അപ്പോഴായിരുന്നു വാസുകിയുടെ ഈ തുറന്നു പറച്ചില്‍.

ഇന്നു രണ്ടു പേരും ഐഎഎസുകാരണ്. ഡോക്ടര്‍മാരായ ഐഎഎസുകാര്‍. പക്ഷേ ഒരുമിക്കാനുള്ള ആഗ്രഹത്തില്‍ ഒരേ സര്‍വീസിലേക്കെത്താന്‍ പെട്ട പാട് അവര്‍ക്കേ അറിയൂ. ഒരേ വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ നിന്നുള്ളവരെങ്കിലും വ്യത്യാസങ്ങളേറെയുണ്ടായിരുന്നു വാസുകിയും കാര്‍ത്തികേയനും തമ്മില്‍.

വാസുകി ചെന്നൈയില്‍ ബാങ്ക് മാനേജരുടെ മകളും സിറ്റി ഗേളുമാണ്. ഇടത്തരം കുടുംബം. കാര്‍ത്തികേയന്‍ ഈറോഡില്‍ നിന്നുള്ള സ്‌മോള്‍ ടൗണ്‍ ബോയ്. പക്ഷേ അച്ഛന്‍ ഐഐടി എന്‍ജിനീയറും ടിസിഎസില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനുമായിരുന്നു. എല്ലാ പ്രേമകഥകളിലെയും പോലെ തന്നെ ഇവരുടെ പ്രണയകഥയിലേയും പ്രധാന വില്ലന്‍ ജാതിയായരുന്നു. ഇരുവരും ഒബിസിയാണെങ്കിലും വ്യത്യാസമുണ്ട്. വാസുകി മുതലിയാര്‍മാരിലെ ആവാന്തര വിഭാഗമായ സെങ്കുന്തര്‍.

കാര്‍ത്തികേയന്‍ ഗൗണ്ടറാണ്. രണ്ടു പെണ്‍മക്കളും മരുമക്കളും മകനുമെല്ലാം ഡോക്ടര്‍മാരായതിനാല്‍ ഈറോഡില്‍ ആശുപത്രി പണിത് മക്കളെയും മരുക്കളെയും വച്ചു നടത്തണമെന്നായിരുന്നു കാര്‍ത്തികേയന്റെ അച്ഛന്റെ ആഗ്രഹം. പക്ഷേ മകന്‍ മാത്രം ചാടിപ്പോയി. ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് മകനെ സ്വന്തം വഴിക്കു വിട്ടു.

കാര്‍ത്തികേയന്‍ മെഡിക്കല്‍ എന്‍ട്രന്‍സില്‍ തമിഴ്‌നാട്ടില്‍ മൂന്നാംറാങ്കു നേടിയും വാസുകി ബയോളജിയില്‍ ഒന്നാംറാങ്കു നേടിയുമാണ് മദ്രാസ് മെഡിക്കല്‍ കോളജിലേക്ക് എത്തിയത്. 2000 ബാച്ചിലെ ക്യാംപസില്‍ ഏഴു പേരുള്ള ഗാങ് സെവന്‍ സ്റ്റാര്‍ എന്നറിയപ്പെട്ടു. കംബൈന്‍ഡ് സ്റ്റഡിയും വീടുകള്‍ സന്ദര്‍ശനവും പതിവായിരുന്നു. അതുകൊണ്ടു തന്നെ കാര്‍ത്തികേയന്റെ സന്ദര്‍ശനത്തിനു യാതൊരു സംശയവും വീട്ടുകാരില്‍ ഉണ്ടാക്കിയില്ല.

ഭരതനാട്യം, വെസ്റ്റേണ്‍ ഡാന്‍സ്, പാട്ട്, പെയിന്റിങ് തുടങ്ങി സര്‍വ കലാപരിപാടികളുമുള്ള ആ”വെളുത്തു കൊലുന്നനെയുള്ള തമിഴ് സുന്ദരി” യുടെ പിന്നാലെ ഒരുപാടു പയ്യന്മാരുണ്ടായിരുന്നു. അനേകം സുന്ദരന്‍മാരും പണച്ചാക്കുകളും പിറകേ നടന്നുവെന്ന് നിസാരകാര്യം പോലെ വാസുകി പറയുന്നു. സീനിയറായ ഒരു പിജി വിദ്യാര്‍ഥി കുറേ നാള്‍ നടന്നു. വാസുകിക്കു താല്‍പര്യമില്ലെങ്കിലും സംസാരിക്കും. അതോടെ അവര്‍ പ്രേമമാണെന്നു ക്യാംപസില്‍ പാട്ടായി.

കാര്‍ത്തികേയന് ആദ്യം മുതല്‍ തന്നെക്കുറിച്ച് ‘ഐഡിയാസ് ഉണ്ടായിരുന്നുവെന്ന് വാസുകി പറയുന്നു. പക്ഷേ ഐഡിയാസ് മറച്ചു വയ്ക്കാന്‍ വേണ്ട വേലകളൊക്കെ കാണിക്കും. ഉദാഹരണത്തിന് ഗാങ്ങിലെ മറ്റെല്ലാവരെയും ഫോണില്‍ വിളിച്ചാലും വാസുകിയെ മാത്രം കാര്‍ത്തികേയന്‍ വിളിക്കില്ല. ബുദ്ധി കൂടിയ വാസുകിക്ക് ഈ വേല ഭംഗിയായി മനസിലാവുകയും ചെയ്യും.

ആകെ കണ്‍ഫ്യൂസിങ് സിഗ്‌നലുകളാണ് കാര്‍ത്തികേയന്‍ തന്നിരുന്നെതന്ന് വാസുകി പറയുന്നു. അങ്ങനെയാണു പിജി വിദ്യാര്‍ഥിയുമായി വര്‍ത്തമാനം പറഞ്ഞു തുടങ്ങിയത്. ഒടുവില്‍ വാസുകിക്കു താല്‍പര്യമില്ലെന്നറിഞ്ഞതോടെ പിജിക്കാരന്‍ വേറെ കല്യാണം കഴിച്ചു സ്ഥലം കാലിയാക്കി.

ഇഷ്ടമായിരുന്നെങ്കിലും അനേകം ആരാധകരുള്ള വാസുകിയോടു തുറന്നു പറയാന്‍ സങ്കോചമായിരുന്നു കാര്‍ത്തികേയന്. നിരസിക്കപ്പെട്ടാല്‍ സൗഹൃദം കൂടി ഇല്ലാതാകുമോ എന്ന പേടി. അതിരു കടക്കുന്നവര്‍ക്ക് അടി കൊടുക്കുന്ന സ്വഭാവക്കാരിയുമാണു വാസുകി.

പരീക്ഷത്തലേന്നു നടന്ന ലവ് ഡയലോഗിനു ശേഷം കാര്‍ത്തികേയന്‍ തണുത്തു. തിരികെ വിളിച്ച് പ്രേമവിലോചനനായി. ഏപ്രില്‍ ആയപ്പോഴേക്കും അവര്‍ ഒരുമിക്കാന്‍ തന്നെ തീരുമാനിച്ചു. പക്ഷേ 2004 ഡിസംബറില്‍ സൂനാമി വന്നതോടെയാണ് അവരുടെ ജീവിതവീക്ഷണം തന്നെ മാറിയത്.

ചെന്നൈയിലും തമിഴ്‌നാട്ടിലും ആയിരങ്ങളെയാണു സൂനാമി വിഴുങ്ങിയത്. സിവില്‍ സര്‍വീസിലുള്ളവര്‍ സമൂഹത്തിനു പ്രയോജനം ചെയ്യുന്നതു നേരിട്ടു കാണാനിടയായി. പണമുണ്ടാക്കാനാണെന്നു പലരും കരുതുമെങ്കിലുംമറ്റുള്ളവര്‍ക്കു നല്ലതു ചെയ്യാനാണല്ലോ ഡോക്ടറുടെ നിയോഗം. സിവില്‍ സര്‍വീസില്‍ ചേര്‍ന്നാല്‍ മെഡിക്കല്‍ പ്രഫഷനെക്കാളേറെ സമൂഹത്തിനു നന്മ ചെയ്യാനാവുമെന്ന് ഇരുവര്‍ക്കും തോന്നി. അവരുടെ പ്രേമം അതിനു ധൈര്യമേകി. അങ്ങനെ രണ്ടാളും സിവില്‍ സര്‍വീസ് പരീക്ഷയെഴുതാന്‍ തീരുമാനിക്കുന്നതോടെ ഇടവേള…ജ്യോഗ്രഫിയും സൈക്കോളജിയും ഐച്ഛികമായെടുത്ത് ഇരുവരും പഠനം തുടങ്ങി. ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ച സ്ഥിതിക്ക് കംബൈന്‍ഡ് സ്റ്റഡിയൊക്കെ നിസാരം. 2008ലെ പരീക്ഷയില്‍ വാസുകിക്ക് 97-ാംറാങ്ക്. കാര്‍ത്തികേയന് 127. ആദ്യ ഏറില്‍ തന്നെ ഐഎഎസ് വീണതിന്റെ ആഘോഷം നടക്കുമ്പോഴാണ് ഇടിത്തീ പോലെ അലോട്ട്‌മെന്റ് വരുന്നത്.

വാസുകിക്ക് മധ്യപ്രദേശ് കേഡര്‍. കാര്‍ത്തികേയന് ഐഎഎസ് കിട്ടിയില്ല, കിട്ടിയത് ഐഎഫ്എസ് അഥവാ വിദേശകാര്യ സര്‍വീസാണ്. ലോകത്തെവിടെയെങ്കിലുമൊക്കെ ആയിരിക്കുംം ജോലി. എംബസികളില്‍ സെക്രട്ടറി, മിനിസ്റ്റര്‍, കോണ്‍സുല്‍ ജനറല്‍, അംബാസഡര്‍, ഹൈക്കമ്മിഷണര്‍… മധ്യപ്രദേശിലുള്ള വാസുകിയുമായി എങ്ങനെ ഒരുമിച്ചു കഴിയും?

ലോകത്തിന്റെ ഇരുകോണുകളില്‍ സദാ ജീവിച്ചിട്ടുള്ള ഐഎഎസ്‌ഐഎഫ്എസ് ദമ്പതിമാരുണ്ട്. പക്ഷേ ഐഎഫ്എസ് വേണ്ടെന്നു വയ്ക്കാനാണു കാര്‍ത്തികേയനു തോന്നിയത്. ഡല്‍ഹിയിലെ ഫോറിന്‍ സര്‍വീസ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കാര്‍ത്തികേയന്‍ പോയതേയില്ല. അവിടുന്നു വിളിയും സമ്മര്‍ദ്ദവും. വീണ്ടും സിവില്‍ സര്‍വീസ് പരീക്ഷ എഴുതാനാവില്ലെന്നും എഴുതിയാല്‍ തന്നെ ഇന്റര്‍വ്യൂവിനു വിളിക്കില്ലെന്നും മറ്റും ഉത്തരേന്ത്യന്‍ ഗോസായികളുടെ ഇണ്ടാസുകള്‍. പ്രേമബന്ധം അഗ്‌നിപരീക്ഷ നേരിട്ട, വിഷമിച്ചുപോയ കാലമായിരുന്നു അത്.

ഐഎഫ്എസ് കിട്ടിയിട്ടു വേണ്ടെന്നു വച്ചു വീണ്ടും പരീക്ഷയെഴുതാന്‍ തുനിയുന്നയാളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവര്‍ക്കും പിടിയില്ല. ഐഎഫ്എസ് ലിസ്റ്റില്‍ രണ്ടു വര്‍ഷം അവര്‍ കാര്‍ത്തികേയന്റെ പേര് നിലനിര്‍ത്തി.

ഐഎഎസ് പരിശീലനത്തിന് മസൂറിയിലെ അക്കാദമിയില്‍ ചേര്‍ന്ന 2008 ബാച്ചിലെ മറ്റെല്ലാവരും ആഘോഷിക്കുമ്പോള്‍ താന്‍ മാത്രം മൂകയായിരുന്നുവെന്ന് വാസുകി പറയുന്നു. കാര്‍ത്തികേയനു വീണ്ടും പരീക്ഷയെഴുതാനുള്ള അവകാശം സ്ഥാപിക്കാന്‍ വാസുകി ഡല്‍ഹിയിലെ വിദേശകാര്യ, പഴ്‌സനേല്‍ മന്ത്രാലയങ്ങളില്‍ കയറിയിറങ്ങി സാധിച്ചെടുത്തു.

ഐഎഫ്എസ് കിട്ടിയ പയ്യന്‍, കാമുകിക്കുവേണ്ടി അതു വേണ്ടെന്നു വച്ച് ഐഎഎസിനു ശ്രമിക്കുന്നുവെന്ന വാര്‍ത്ത സിവില്‍ സര്‍വീസിലാകെ വിസ്മയമായി. മസൂറിയില്‍ കൂട്ടുകാര്‍ രാത്രി പാര്‍ട്ടിക്കു പോകുമ്പോള്‍ മുറിയില്‍ തനിച്ചിരുന്ന് കാമുകനു വേണ്ടി പ്രിപ്പയര്‍ ചെയ്യുന്ന കാമുകിയായിരുന്നു വാസുകി. നോട്‌സ് തയ്യാറാക്കി കാര്‍ത്തികേയന് അയച്ചു കൊടുക്കും.പക്ഷേ 2009ലെ പരീക്ഷയില്‍ കാര്‍ത്തികേയന് കിട്ടിയത് ഐആര്‍എസ് മാത്രം. കസ്റ്റംസ് ഓഫിസറാകാം. 2010ലെ പരീക്ഷയിലും ഐആര്‍എസ്.

സാധാരണ ഇത്തരം കേസുകളില്‍ കാണുന്നത് പങ്കാളി തന്റെ നിലവാരത്തിലുള്ള സര്‍വീസിലേക്കു വരുന്നില്ലെങ്കില്‍ പ്രേമവും മണ്ണാങ്കട്ടയും മതിയാക്കി തന്റെ ലവലിലുള്ള ആരെയെങ്കിലും കെട്ടുന്നതാണ്.പക്ഷേ ഐആര്‍എസുമായി നില്‍ക്കുന്ന കാര്‍ത്തികേയനെ ആറു വര്‍ഷത്തെ പ്രേമം കഴിഞ്ഞ് 2010ല്‍ വാസുകി കല്യാണം കഴിച്ചു.നാലാം തവണയും ഐഎഎസിന് കാര്‍ത്തികേയന്‍ പഠനം തുടങ്ങി. അമൃത് കടയാന്‍ ദേവന്‍മാര്‍ ഉപയോഗിച്ച സര്‍പ്പമാണു പുരാണത്തിലെ വാസുകി. കലികാലത്തിലെ വാസുകി ഐഎഎസ് കടഞ്ഞെടുത്തു. 2011ല്‍ കാര്‍ത്തികേയന് ഐഎഎസ് കിട്ടി. റാങ്ക് 116; കേരള കേഡര്‍. വാസുകിയെ മധ്യപ്രദേശില്‍ നിന്നു വിടില്ല.

ഒടുവില്‍ ചീഫ് സെക്രട്ടറി അവിടുത്തെ മുഖ്യമന്ത്രിയോട് ഈ പ്രേമകഥ പറഞ്ഞു. നല്ലൊരു പ്രേമകഥ എല്ലാവര്‍ക്കം ഇഷ്ടമാണല്ലോ. മധ്യപ്രദേശില്‍ നിന്ന് കേരളത്തിലേക്കു മാറ്റം കിട്ടി. ഇവര്‍ക്കിന്നു രണ്ടു കുട്ടികള്‍. അഞ്ചു വയസുള്ള സയൂരിയും മൂന്നര വയസുള്ള സമരനും. അച്ഛന്റെ അമ്മയുടേയും ഈ വീരസാഹസ കഥകള്‍ ഒന്നും അറിയില്ലെങ്കിലും ഇവര്‍ക്ക്. ശുചിത്വ മിഷന്‍ ഡയറക്ടര്‍ സ്ഥാനത്തു നിന്നു ഇന്ന് ഡോ.കെ.വാസുകി തിരുവനന്തപുരത്തിന്റെ കളക്ടര്‍ സ്ഥാനം ഏറ്റെടുക്കുന്നത്. പയറ്റി തെളിഞ്ഞ ഒരു ഉണ്ണിയാര്‍ച്ചയായി…..

LEAVE A REPLY

Please enter your comment!
Please enter your name here