ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതിരുന്നിട്ടും സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ രണ്ടാം പാദ ഫൈനലിന്റെ തിരക്കഥ മാറ്റിയെഴുതാന്‍ ബാര്‍സലോണയ്ക്ക് ആയില്ല. സാന്റിയാഗോ ബെര്‍ണബൂവില്‍ നടന്ന രണ്ടാം പാദത്തില്‍ ബാഴ്സലോണയെ ഒറ്റഗോളുപോലും അടിപ്പിക്കാതെ രണ്ടെണ്ണം കൂടി എതിര് വലയില്‍ നിക്ഷേപിച്ച് ആധികാരിക ജയത്തോടെ സ്പാനിഷ് സൂപ്പര്‍ കപ്പ് റയല്‍ മാഡ്രിഡ് സ്വന്തമാക്കി. ആദ്യ പാദത്തിലുള്പ്പെടെ ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയമാണ് റയല്‍ സ്വന്തമാക്കിയത്.
കഴിഞ്ഞ കളിയിലെ ഹീറോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയാണ് റയല്‍ ചിരവൈരികളായ ബാഴ്സയെ വീഴ്ത്തിയത്. ആദ്യപകുതിയില്‍ തന്നെ ബാഴ്സയുടെ വിധി റയല്‍ നിര്‍ണയിച്ചു. കളിചൂടുപിടിക്കുമുമ്പേ ആദ്യ പ്രഹരമേറ്റ ബാഴ്സയെ തിരിച്ചുവരാന്‍ റയല്‍ ഒരിക്കല്‍പോലും അനുവദിച്ചില്ല. മൂന്നാം മിനിറ്റല്‍ മാര്‍കോ അസെന്‍സിയോ റയലിനെ മുന്നിലെത്തിച്ചു. ബോക്സിന്റെ മധ്യഭാഗത്തുനിന്ന് 25 അടിഅകലെ ഗോള്‍ ലക്ഷ്യമാക്കി അസന്‍സിയോയുടെ ബുള്ളറ്റ് ഷോട്ട്. മാര്‍ക് ആന്‍ഡ്രെ ടര്‍ സ്റ്റേഗനെ മറികടന്ന് പന്ത് വലയില്‍.
മാഴ്സലോയുടെ മനോഹരമായൊരു ക്രോസില്‍നിന്നായിരുന്നു റയലിന്റെ രണ്ടാം ഗോള്‍. വലതു പാര്‍ശ്വത്തിലൂടെ ബോക്സിലേക്ക് ഓടിക്കയറിയ മാഴ്സലോയുടെ ബാഴ്സ പ്രതിരോധം കീറിമുറിച്ചത്യുഗ്രന് ക്രോസ്. ഉംതിതിയുടെ ദുര്‍ബല പ്രതിരോധം മറികടന്ന് പന്ത് സ്വന്തമാക്കിയ ബെന്‍സേമ ഒന്നുവെട്ടിത്തിരിഞ്ഞ് വലയിലേക്ക് പന്ത് അടിച്ചുകയറ്റി. തിരിച്ചടിക്കാന്‍ ബാഴ്സ ശ്രമിച്ചെങ്കിലും റയല്‍ പ്രതിരോധം ഇളകിയില്ല.