തിരുവനന്തപുരം: സ്വാശ്രയ കരാറില്‍ നിന്ന് പിന്‍വാങ്ങാന്‍ രണ്ട് മെഡിക്കല്‍ കോളേജുകള്‍ സര്‍ക്കാരിന് കത്ത് നല്കി. എംഇഎസ് , കാരക്കോണം മെഡിക്കല്‍ കോളേജുകളാണ് സര്‍ക്കാരിന് കത്ത് നല്‍കിയത്. ഇതോടെ സ്വാശ്രയ പ്രവേശനം കൂടുതല്‍ പ്രതിസന്ധിയിലായി.
കോളെജുകളുടെ പിന്മാറ്റം അംഗീകരിക്കില്ലെന്ന് സര്‍ക്കാര്‍ പറയുന്നു. സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് എംഇഎസ്, കാരക്കോണം മെഡിക്കല്‍ കോളെജുകള്‍ കരാറില്‍ നിന്നും പിന്മാറുന്നുവെന്ന് കാണിച്ച് സര്‍ക്കാരിന് കത്തു നല്‍കിയിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെടാത്ത സ്വാശ്രയ മെഡിക്കല്‍ കോളെജുകള്‍ക്ക് 85 ശതമാനം സീറ്റുകളില്‍ താത്കാലികമായി 11ലക്ഷം ഫീസ് വാങ്ങാം എന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. ഇതില്‍ അഞ്ചു ലക്ഷം പണമായും ബാക്കി ബാങ്ക് ഗ്യാരണ്ടിയുമായും നല്‍കാമെന്നും കോടതി പറഞ്ഞിരുന്നു.
എണ്‍പത്തിയഞ്ച് ശതമാനം സീറ്റുകളില്‍ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ച അഞ്ചു ലക്ഷം രൂപ ഈടാക്കി താല്‍ക്കാലിക പ്രവേശനം നടത്താനായിരുന്നു ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്.