തുടക്കത്തില്‍ ഉണ്ടാകുക നൂറു ബ്രാഞ്ചുകള്‍, ലയനം പൂര്‍ത്തിയാക്കുക ആറു ഘട്ടങ്ങളിലായി
by മൊഹസിന ഷാഹു
കേരളത്തിലെ ബാങ്കിംഗ് മേഖലയുടെ പ്രതീക്ഷയായി വാഴ്ത്തപ്പെടുന്ന കേരളാ ബാങ്ക് വരുമ്പോള്‍ സഹകരണ മേഖലയില്‍ തൊഴില്‍ നഷ്ടമാകുക 4757 ജീവനക്കാര്‍ക്ക്. കേരളാ ബാങ്കിനെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രൊഫസര്‍ എം.എസ് ശ്രീരാം കമ്മറ്റി സമര്‍പ്പിച്ച് കാബിനറ്റ് അംഗീകരിച്ച റിപ്പോര്‍ട്ടില്‍ ആണ് സഹകരണ മേഖലയില്‍ സംഭവിക്കാന്‍ പോകുന്ന ഗുരുതരമായ തൊഴില്‍ നഷ്ടത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നത്. നിലവില്‍ സംസ്ഥാന-ജില്ലാ ബാങ്കുകള്‍ക്കുള്ള 820 ശാഖകള്‍ 100 ലേക്ക് ചുരുക്കാനുള്ള നിര്‍ദേശമാണ് സമിതി സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്.
ഒരു ഹെഡ് ഓഫീസും മൂന്നു മേഖലാ ഓഫീസുകളും നൂറു ബ്രാഞ്ചുകളുമാണ് കേരളാ ബാങ്കിന് തുടക്കത്തില്‍ ഉണ്ടാകുക. മുന്നൂറു ബ്രാഞ്ചുകള്‍ വരെ തുറക്കാവുന്ന തരത്തില്‍ ആണ് കേരളാ ബാങ്ക് വിഭാവനം ചെയ്യുന്നത്. നിലവില്‍ സംസ്ഥാനത്തെ 800 ജില്ല ബാങ്ക് ശാഖകളിലും സംസ്ഥാന സഹകരണ ബാങ്കിന്റെ 20 ശാഖകളിലുമായി 6098 ജീവനക്കാര്‍ ആണുള്ളത്. ഇത് ശ്രീരാം കമ്മറ്റി റിപ്പോര്‍ട്ട് പ്രകാരം നൂറു ബ്രാഞ്ചുകള്‍ ആകുമ്പോള്‍ ബ്രാഞ്ചുകളില്‍ 905, മേഖലാ ഓഫീസുകളില്‍ 126, ഹെഡ് ഓഫീസുകളില്‍ 310 എന്ന ക്രമത്തിലാകും ജീവനക്കാരുടെ എണ്ണം. അതായത് ആകെ 1341 പേര്. 4757 പേര്‍ക്ക് തൊഴില്‍ നഷ്ടം. കമ്മറ്റി റിപ്പോര്‍ട്ട് പ്രകാരം മുന്നൂറു ബ്രാഞ്ചുകള്‍ ആയാല്‍ പോലും ആകെ 2715 പേരെ ആകെ ഉണ്ടാകൂ. അങ്ങനെ ആണെങ്കില്‍ പോലും 3383 പേര്‍ക്ക് നിലവിലെ സാഹചര്യത്തില്‍ തൊഴില്‍ പോകും.പത്തു വര്‍ഷത്തില്‍ താഴെയുള്ള ജീവനക്കാര്‍ക്ക് വി.ആര്.എസ് ( സ്വയം പിരിഞ്ഞു പോകല്‍ ) അടക്കമുള്ള പാക്കേജുകള്‍ നടപ്പിലാക്കാനും അത് ആകര്‍ഷകമായ തരത്തില്‍ ആയിരിക്കണമെന്നും കമ്മറ്റി ശുപാര്‍ശ ചെയ്യുന്നു.
കേരളത്തിന്റെ സഹകരണബാങ്കിംഗിന്റെ പൊതുഘടനയായ ത്രിതല സംവിധാനം ദ്വിതല സംവിധാനത്തിലേക്ക് മാറും. ഇന്ത്യയില്‍ പത്തു സംസ്ഥാനങ്ങള്‍ ഈ രീതിയിലാണ് സഹകരണ ബാങ്കിംഗ് നടത്തുന്നത്. സംസ്ഥാനത്തില്‍ സംസ്ഥാനസഹകരണ ബാങ്കും ജില്ലകളില്‍ ജില്ലാസഹകരണബാങ്കുകളും പ്രാഥമിക തലത്തില്‍ പ്രാഥമിക കാര്‍ഷികവായ്പാ സഹകരണ സംഘങ്ങളുമാണ് നിലവില്‍ ഉള്ളത്.
പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളെ അതേപടി നിലനിര്‍ത്തിക്കൊണ്ട് മറ്റ് ബാങ്കുകളെ ലയിപ്പിച്ച് കേരളബാങ്ക് രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്.
ആറു ക്വാര്‍ട്ടറുകളായി തിരിച്ച് പതിനെട്ടു മാസം കൊണ്ടാകും ലയന നടപടികള്‍ പൂര്‍ത്തിയാകുക. ഏഴാം ക്വാര്‍ട്ടറില്‍ ലയനം പൂര്‍ണമാകും.ആദ്യ മൂന്നു മാസം കൊണ്ട് പ്രോജക്റ്റ് മാനെജ്മെന്റ് ഓഫീസ്, രണ്ടാം ഘട്ടത്തില്‍ രണ്ടു ജില്ലാ ബാങ്കുകളുടെ ലയനം, മൂന്നാം ഘട്ടത്തില്‍ ആറു ആറെണ്ണം കൂടി, നാലാം ഘട്ടത്തില്‍ ബാക്കിയുള്ള ആറെണ്ണം എന്ന തരത്തിലാകും ലയനം. എറണാകുളം ജില്ലാ സഹകരണ ബാങ്ക് പ്രവര്‍ത്തിക്കുന്നത് സ്വന്തം സോഫ്റ്റ്വെയറിലാണ്. ബാക്കി പത്ത് ജില്ലാ ബാങ്കുകള്‍ ഇന്‍ഫോസിസ് സോഫ്റ്റ്വെയറിലും. ഇതെല്ലാം ഏകീകരിച്ചു ഒറ്റ സോഫ്റ്റ്വെയര് ആക്കുകയാണ് ഏറ്റവും വലിയ വെല്ലുവിളി എന്നാണു ശ്രീരാം കമ്മറ്റി വിലയിരുത്തുന്നത്.
ബാങ്കിന് പതിനഞ്ചു പേര് അടങ്ങുന്ന സെന്‍ട്രല്‍ ബോര്‍ഡും മൂന്നു മേഖലാ ബോര്‍ഡുകളും ആണ് ഉണ്ടാകുക. മൂന്നു മേഖലാ ബോര്‍ഡ് ചെയര്മാന്മാര്, സഹകരണ സെക്രട്ടറി, കൃഷി സെക്രട്ടറിയോ തദ്ദേശ വികസന വകുപ്പ് സെക്രട്ടറിയോ, നബാര്‍ഡ് ചീഫ് ജെനറല്‍ മാനേജര്‍, മൂന്നു ജീവനക്കാരുടെ പ്രതിനിധികള്‍, ആറു നോമിനേറ്റഡ് അംഗങ്ങള്‍ എന്നിവര്‍ അടങ്ങിയതാകും സെന്‍ട്രല്‍ ബോര്‍ഡ്. മേഖലാ ബോര്‍ഡുകളില്‍ രാഷ്ട്രീയ നിയമനങ്ങള്‍ ആണുണ്ടാകുക. സുശക്തമായ സാമ്പത്തിക അടിത്തറയാണ് നിര്‍ദ്ദിഷ്ട കേരളബാങ്കിനായി വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാന സഹകരണബാങ്കിന് 6366 കോടി നിക്ഷേപവും ജില്ലാബാങ്കുകളിലൊട്ടാകെയായി 47047 കോടിയുടെ നിക്ഷേപവുമുണ്ട്. കാര്‍ഷികവികസന ബാങ്കുകളിലെ ഒട്ടാകെ നിക്ഷേപം 636 കോടിയാകുന്നു. പ്രാഥമികസഹകരണ മേഖല കൂടാതെ തന്നെ 54050 കോടിയോളം വരും സഹകരണ ബാങ്കിംഗ് മേഖലയിലെ നിക്ഷേപം. ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മാനേജ്മെന്റ് പ്രഫസര്‍ എം.എസ്. ശ്രീറാം ചെയര്‍മാനായ സമിതിയില്‍ ആസൂത്രണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്. സെന്തില്‍, നബാര്‍ഡ് റിട്ട. ജനറല്‍ മാനേജര്‍ സി.പി. മോഹന്‍, യൂണിയന് ബാങ്ക് റിട്ട. ജനറല്‍ മാനേജര്‍ ടി.പി. ബാലകൃഷ്ണന്,സഹകരണ വകുപ്പ് സ്പെഷല്‍ സെക്രട്ടറി പി. വേണുഗോപാല്‍ എന്നിവരാണ് മറ്റംഗങ്ങള്‍.