സ്വന്തം പോക്കറ്റില്‍ നിന്നും പണം എടുത്ത് ഗോരഖ്പൂര്‍ മെഡിക്കല്‍ കോളേജില്‍ കുഞ്ഞുങ്ങള്‍ക്ക് ഓക്സിജന്‍ എത്തിക്കാന്‍ യത്നിച്ച ഡോ. കഫീലിനെ വില്ലനാക്കാന്‍ കച്ചകെട്ടിയവര്‍ കാണുക…
ബി.ആര്.ഡി മെഡിക്കല്‍ കോളജില്‍ ഈ മാസം പത്തിന് ഓക്സിജന്‍ കിട്ടാതെ കുഞ്ഞുങ്ങളുടെ കൂട്ട മരണം സംഭവിച്ചതിന് പ്രിന്‍സിപ്പല്‍, അനസ്തീഷ്യ വിഭാഗം തലവന്‍, ചീഫ് ഫാര്‍മസിസ്റ്റ്, ഓക്സിജന്‍ വിതരണക്കാര്‍ തുടങ്ങിയവര്‍ ഉത്തരവാദികളാണെന്ന് ഗോരഖ്പുര്‍ ജില്ല മജിസ്ട്രേറ്റ് രാജീവ് റൗതേല സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്കി.
നിരവധി കുഞ്ഞുങ്ങളുടെ ജീവന് സ്വന്തം ചെലവില്‍ ഓക്സിജന്‍ ഇറക്കി രക്ഷിച്ച ഡോ. കഫീല്‍ ഖാനെ കുഞ്ഞുങ്ങളുടെ മരണത്തിന്റെ ഉത്തരവാദിത്തമാരോപിച്ച് ശിശുരോഗ വിഭാഗത്തിന്റെ ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്തിയ ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ വാദത്തിനേറ്റ തിരിച്ചടിയാണ് റിപ്പോര്‍ട്ട്. ഓക്സിജന്‍ തീര്‍ന്നതല്ല മരണകാരണമെന്ന വാദവും റിപ്പോര്‍ട്ടില്‍ തള്ളുന്നു.ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല അന്വേഷണം.
ഓക്സിജന്‍ ഏജന്‍സി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പണമടക്കാത്ത കാര്യം കോളജ് ധനവകുപ്പും അറിയിച്ചില്ല. ഇതിന് ആ വകുപ്പിലെ ഉദയ് പ്രതാപ്, സഞ്ജയ് കുമാര്‍ ത്രിപാഠി, സുധീര്‍ കുമാര്‍ പാണ്ഡെ എന്നിവര്‍ ഉത്തരവാദികളാണ്. കോളജ് പ്രിന്‍സിപ്പല്‍ ഡോ. രാജീവ് മിശ്ര, അദ്ദേഹം അവധിയിലായതിനാല്‍ ചുമതലയുണ്ടായിരുന്ന ഡോ. രാം കുമാര്‍, അനസ്തീഷ്യ വിഭാഗം തലവന്‍ ഡോ. സതീഷ്, ചീഫ് ഫാര്‍മസിസ്റ്റ് ഗജനന്‍ ജെയ്സ്വാള്‍ എന്നിവരാണ് ഉത്തരവാദികളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
100 ബെഡുകളുള്ള വാര്‍ഡിലെ എ.സി നന്നാക്കണമെന്ന് ഡോ. കഫീല്‍ ഖാന് കത്തെഴുതിയിട്ടും അക്കാര്യത്തില്‍ ഡോ. സതീഷ് നടപടിയെടുത്തില്ല എന്നു പറയുന്ന റിപ്പോര്‍ട്ട് ഇതിനകം നടപടിക്ക് വിധേയനായ കഫീലിനെതിരെ ഒരു പരാമര്‍ശവും നടത്തിയിട്ടില്ല. ജീവന് രക്ഷാ വിഭാഗത്തില്പ്പെടുന്നതാണെന്നറിഞ്ഞിട്ടും ഗോരഖ്പുരിലെ പുഷ്പ സെയില്‍ ആശുപത്രിയിലേക്കുള്ള ഓക്സിജന്‍ വിതരണം നിര്‍ത്തിവെച്ചത് കടുത്ത അപരാധമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.