പട്ടിണി; ബിജെപി നേതാവിന്റെ ഗോശാലയില്‍ ചത്തത് 200 പശുക്കള്‍

0
79

ബിജെപി നേതാവിന്റെ ഗോശാലയില്‍ ഭക്ഷണം കിട്ടാതെ പട്ടിണി കിടന്ന് മരിച്ചത് 200 പശുക്കള്‍. ബിജെപി നേതാവ് ഹരീഷ് വര്‍മയുടേതാണ് ഗോശാല. കഴിഞ്ഞ ഏഴ് വര്‍ഷമായി ഗോശാല ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

കഴിഞ്ഞ രണ്ടു ദിവസമായി ഗോശാലയ്ക്കു സമീപം മണ്ണുമാന്തി യന്ത്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതായി ഗ്രാമവാസികള്‍ പറയുന്നു. പത്രമാധ്യമങ്ങള്‍ക്ക് ഇതു സംബന്ധിച്ച് വിവരം നല്‍കിയിരുന്നതായും സ്ഥലം പരിശോധിച്ചപ്പോള്‍ നിരവധി കുഴികളെടുത്തതായി വ്യക്തമായതായും നിരവധി പശുക്കളുടെ ജഡങ്ങള്‍ കണ്ടെത്തിയതായും ഗ്രാമവാസിയായ സേവ റാം സാഹു മാധ്യമങ്ങളോട് പറഞ്ഞു.

സ്ഥലം സന്ദര്‍ശിച്ച മൃഗഡോക്ടര്‍മാരും പശുക്കള്‍ ചത്തത് ഭക്ഷണം ലഭിക്കാത്തതു മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 27 പശുക്കളുടെ ജഡങ്ങള്‍ പാസ്റ്റ്മോര്‍ട്ടം നടത്തിയതായും ബാക്കിയുള്ളവയെ മറവു ചെയ്തതിനാല്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ സാധിച്ചില്ലെന്നും ദുര്‍ഗ് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ എംകെ ചൗള പറഞ്ഞു. 50 പശുക്കള്‍ ഗുരുതര നിലയിലാണെന്നും കൂടുതല്‍ പശുക്കള്‍ ചാകാനിടയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ചത്ത പശുക്കളുടെ കൃത്യമായ കണക്ക് ഇതുവരെ ലഭ്യമായിട്ടില്ലെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്നും സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് രാജേഷ് രാത്രേ പറഞ്ഞു. എന്നാല്‍, 200ല്‍ അധികം പശുക്കള്‍ പട്ടിണി കിടന്ന് ചത്തതായാണ് പ്രഥമിക വിവരമെന്നും അന്വേഷണം പൂര്‍ത്തിയാക്കി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, പരിസരത്തെ ഒരു മതില്‍ ഇടിഞ്ഞുവീണാണ് പശുക്കള്‍ ചത്തതെന്ന് ഹരീഷ് വര്‍മ്മയുടെ വാദം. ഗോശാലയ്ക്കായി കെട്ടിടം നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിനോട് പണം ആവശ്യപ്പെട്ടിരുന്നെങ്കിലും രണ്ടുവര്‍ഷമായി പണം അനുവദിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. 220 പശുക്കളെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള ഗോശാലയില്‍ 650 പശുക്കളാണുള്ളതെന്നും പശുക്കള്‍ ചത്തതില്‍ താന്‍ കുറ്റക്കാരനല്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here