പനീര്‍ശെല്‍വം അയയുന്നില്ല ; അണ്ണാ ഡിഎംകെ ലയന പ്രഖ്യാപനം വൈകും

0
91

തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പക്ഷവും മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വ പക്ഷവും തമ്മിലുള്ള ലയന പ്രഖ്യാപനം വെള്ളിയാഴ്ച ഉണ്ടാകില്ലെന്ന് സൂചന. ഇരുവിഭാഗവും തമ്മിലുള്ള അഭിപ്രായ വ്യത്യാസം തുടരുന്ന സാഹചര്യത്തിലാണ് തമിഴ്‌നാട് രാഷ്ട്രീയം ആകാംഷയോടെ ഉറ്റുനോക്കുന്ന തീരുമാനം വൈകുന്നത്. ശശികലയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റണമെന്ന നിലപാടില്‍ പനീര്‍സെല്‍വം ക്യാംപ് ഉറച്ചു നില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലയനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പനീര്‍സെല്‍വത്തോട് ചോദിക്കണമെന്ന് ഒപിഎസ് ക്യാംപിലെ പി.എച്ച്. പാണ്ഡ്യന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

നാലു മണിക്കൂറിലധികം നീണ്ട യോഗത്തിനുശേഷം പ്രധാന നേതാക്കള്‍ പനീര്‍സെല്‍വത്തിന്റെ വീട്ടില്‍ നിന്നും പുറത്തുപോയി. മാധ്യമങ്ങളെ കാണില്ലന്ന് ഒപിഎസ് ക്യാംപിലെ നേതാവ് അറിയിക്കുകയും ചെയ്തു. നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍ക്ക് സാധ്യത വര്‍ധിപ്പിച്ച് ജയലളിതയുടെ സ്മാരകത്തില്‍ അപ്രതീക്ഷിത ഒരുക്കങ്ങളാണ് വെള്ളിയാഴ്ച വൈകിട്ട് അരങ്ങേറിയത്. ചെന്നൈ മറീന ബീച്ചിലുള്ള സ്മാരകം പൂക്കള്‍ കൊണ്ട് അലങ്കരിക്കുകയും പ്രവര്‍ത്തകര്‍ ഇവിടേക്ക് എത്തുകയും ചെയ്തിരുന്നു. ഇതോടെ, ലയന പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് കരുതിയത്.

മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും എംഎല്‍എമാരും ജയയുടെ സ്മാരകത്തിലേക്ക് എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇവിടെ വച്ച് ഇരുനേതാക്കളും സംയുക്തമായി ലയന പ്രഖ്യാപനം നടത്തുമെന്നാണ് കരുതിയത്. നേരത്തെ, എടപ്പാടി പളിനിസാമി വിഭാഗത്തിലെ പ്രമുഖര്‍ പനീര്‍സെല്‍വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മന്ത്രിമാരായ എസ്.പി. വേലുമണി, പി. തങ്കമണി എന്നിവരാണു ചെന്നൈയില്‍ വച്ച് ചര്‍ച്ച നടത്തിയത്.

ഇതിനു പിന്നാലെ, പളനിസ്വാമി മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പളനിസാമി വിഭാഗവും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ജയലളിതയുടെ മരണത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ലയന നീക്കങ്ങള്‍ വേഗത്തിലായത്. ശശികലയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കുക, ജയയുടെ മരണത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കുക തുടങ്ങിയവയാണ് പനീര്‍സെല്‍വം വിഭാഗത്തിന്റെ പ്രധാന ആവശ്യങ്ങള്‍. ഇവയില്‍ അനുഭാവപൂര്‍ണമായ നടപടിയുണ്ടായതോടെയാണ് ലയന സാധ്യതകള്‍ ശക്തമായത്.

അതേസമയം, ശശികലയുടെ ജന്മദിനമായ ഇന്ന് ടി.ടി.വി. ദിനകരന്‍ അവരെ പരപ്പന അഗ്രഹാര ജയിലില്‍ സന്ദര്‍ശിച്ചു. 40 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് ദിനകരന്‍ അവകാശപ്പെടുന്നത്. അണ്ണാ ഡിഎംകെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി തന്നെ നിയമിച്ച നടപടി നിയമവിരുദ്ധമാണെന്ന പനീര്‍സെല്‍വം വിഭാഗത്തിന്റെ ആരോപണം അദ്ദേഹം തള്ളിക്കളയുകയും ചെയ്തു. ശശികലയും ദിനകരനും ഉള്‍പ്പെടുന്ന മന്നാര്‍ഗുഡി സംഘത്തില്‍ നിന്നും പാര്‍ട്ടിയെ രക്ഷിക്കാനാണ് പളനിസാമി-പനീര്‍സെല്‍വം പക്ഷങ്ങള്‍ ഒരുമിക്കുന്നത് എന്നാണ് നിരീക്ഷണം.

LEAVE A REPLY

Please enter your comment!
Please enter your name here