യൂറോപ്പില്‍ പുതിയ അക്രമരീതികളുമായി തീവ്രവാദികള്‍ രംഗത്ത്. ബോംബാക്രമണങ്ങളും വെടിവെയ്പ്പും ഉപേക്ഷിച്ച് ജനക്കൂട്ടത്തിനിടയിലേക്ക് വാഹനങ്ങള്‍ ഇടിച്ചു കയറ്റുന്ന രീതിയാണ് തീവ്രവാദികള്‍ കണ്ടെത്തിയ പുതിയ ആക്രമണം. വ്യാഴാഴ്ച ബാഴ്സലോണയില്‍ ഉണ്ടായതടക്കം അടുത്തിടെ നടന്ന ആക്രമണങ്ങള്‍ ഇതാണ് തെളിയിക്കുന്നത്.
ബല്‍ജിയത്ത് 2016 മാര്‍ച്ച് 22ന് ബ്രസ്സല്‍സ് വിമാത്താവളത്തിലുണ്ടായ ചാവേറാക്രമണത്തില്‍ 32 പേര് കൊല്ലപ്പെട്ടു. 230ലധികം പേര്‍ക്ക് പരിക്കേറ്റു. ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
ബ്രിട്ടനില്‍ 2017 മാര്‍ച്ച് 22ന് ലണ്ടന്‍ വെസ്റ്റ് മിന്സ്റ്റ്ര് പാലത്തില്‍ കാല് നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റുകയും ബ്രിട്ടീഷ് പാര്‍ലമെന്റിന് മുന്നില്‍ കാവല്‍ നില്‍ക്കുകയായിരുന്ന സുരക്ഷ ഉദ്യോഗസ്ഥനെ കുത്തികൊലപ്പെടുത്തുകയും ചെയ്തു.
ആക്രമണത്തില്‍ മൊത്തം അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. കൊലയാളിയെ പോലീസ് വെടിവെച്ച് കൊല്ലുകയും ചെയ്തു.
ഇതുപോലെ 2017 ജൂണ്‍ 3ന് ലണ്ടന്‍ ബ്രിഡ്ജില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാന്‍ ഓടിച്ചു കയറ്റി എട്ടു പേരെ കൊലപ്പെടുത്തിയിരുന്നു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു.
ഫ്രാന്‍സില്‍ 2015 ജനുവരി 7ന് പാരീസിലെ ആക്ഷേപ ഹാസ്യ വാരികയായ ചാര്‍ലി ഹെബ്ദോയുടെ ഓഫീസില്‍ കയറി അല്‍ഖ്വയ്ദ ഭീകരര്‍ 12 പേരെ കൊലപ്പെടുത്തി. തൊട്ടടുത്ത ദിവസം പാരീസിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ആയുധധാരികള്‍ നാലു പേരെ കൊലപ്പെടുത്തി.
2016 ജൂലായ് 14ന് ദേശീയ അവധി ദിനത്തില്‍ നൈസിലെ മെഡിറ്ററേനിയന്‍ റിസോര്‍ട്ടില്‍ ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി 86 പേരുടെ ജീവനെടുത്തു. അക്രമിയെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി.
ജര്‍മനിയില്‍ 2016 ഡിസംബര്‍ 19ന് ബെര്‍ലിനിലെ ക്രിസ്തുമസ് മാര്‍ക്കറ്റിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി 12 പേരെ കൊലപ്പെടുത്തി.
സ്വീഡനില്‍ 2017 ഏപ്രില്‍ 7ന് സ്റ്റോക്ക്ഹോമിലെ തിരക്കേറിയ ഷോപ്പിലേക്ക് ട്രക്ക് ഇടിച്ചു കയറ്റി അഞ്ചു പേര് കൊല്ലപ്പെട്ടു.
ഒക്ടോബര്‍ 10,2015- തുര്‍ക്കി ചരിത്രത്തിലെ ഏറ്റവും ആക്രമണം. അങ്കാറയില്‍ നടന്ന കുര്‍ദിശ് റാലിയെ ലക്ഷ്യം വെച്ച് നടന്ന ഇരട്ട ചാവേറാക്രമണത്തില്‍ 103 പേരുടെ ജീവനെടുത്തു.
ജനുവരി 1, 2017 റീന നിശാക്ലബ്ബില്‍ പുതുവര്‍ഷ പുലരിയില്‍ ആയുധധാരി നടത്തിയ വെടിവെപ്പില്‍ 39 പേര് മരിച്ചു.