ബാര്‍സലോണയില്‍ ഐഎസ് ഭീകരാക്രമണം ; 13 മരണം

0
75

സ്‌പെയിനിലെ രണ്ടാമത്തെ വലിയ നഗരമായ ബാര്‍സലോണയില്‍ ആളുകള്‍ക്കിടയിലേക്കു വാന്‍ ഓടിച്ചുകയറ്റി ഭീകരാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 50പേര്‍ക്കു പരിക്കേറ്റു.ഇന്നലെ ഉച്ചയ്ക്കുശേഷമാണ് ആക്രമണം. ഇതിനുശേഷം വാഹനത്തില്‍നിന്ന് ഇറങ്ങിയോടിയ ഡ്രൈവറെ പൊലീസ് വെടിവച്ചുകൊന്നതായി റിപ്പോര്‍ട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരാള്‍ അറസ്റ്റിലുമായി. ഭീകരസംഘടനയായ ഐഎസ് ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റു.

സംഭവം നടന്ന സെന്‍ട്രല്‍ ബാര്‍സലോണയിലെ ലാസ് റാംബ്ലാസ്, ഏറ്റവും തിരക്കേറിയ തെരുവും പ്രധാന വിനോദസഞ്ചാരകേന്ദ്രവുമാണ്. വാഹനങ്ങള്‍ക്കു പ്രവേശമില്ലാത്ത ഈ മേഖലയില്‍ കാല്‍നടക്കാര്‍ക്കിടയിലേക്കു വാന്‍ ഓടിച്ചുകയറ്റുകയായിരുന്നു. ഭീകരരുടേതെന്നു കരുതുന്ന രണ്ടാമതൊരു വാന്‍ കൂടി പൊലീസ് നഗരപ്രാന്തത്തില്‍നിന്നു കണ്ടെത്തി.

സായുധരായ രണ്ടുപേര്‍ സ്ഥലത്തെ ബാറില്‍ ഒളിച്ചിട്ടുള്ളതായി വാര്‍ത്ത പരന്നെങ്കിലും പൊലീസ് നിഷേധിച്ചു. ആക്രമണം നടന്ന ലാസ് റാംബ്ലാസ് 1.2 കിലോമീറ്റര്‍ നീളത്തിലുള്ള തെരുവ് തിരക്കേറിയ വ്യാപാരകേന്ദ്രമാണ്. ഇവിടെ കാല്‍നട മാത്രമാണ് അനുവദിക്കുക. ഈ തെരുവിന്റെ ഒരു അറ്റത്തുനിന്ന് മറ്റേയറ്റത്തേക്കാണു വാന്‍ അമിതവേഗത്തില്‍ ഓടിച്ചുകയറ്റിയത്. ബാര്‍സലോണയിലെ വിനോദസഞ്ചാര സീസണിലെ ഏറ്റവും തിരക്കേറിയ സമയമാണിത്. കുറഞ്ഞത് 1.1 കോടി സഞ്ചാരികളാണു പ്രതിവര്‍ഷം ബാര്‍സലോണയെത്തുന്നത്.

ഇന്ത്യക്കാര്‍ ആരും ഉള്‍പ്പെട്ടതായി വിവരമില്ലെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.മേഖല സുരക്ഷാസേനയുടെ നിയന്ത്രണത്തിലാണ്. പരിസരത്തെ കടകളെല്ലാം അടപ്പിച്ച പൊലീസ് ആളുകളോടു വീടിനുള്ളില്‍ കഴിയാനും നിര്‍ദേശം നല്‍കി. 2004ല്‍ മഡ്രിഡില്‍ ട്രെയിനില്‍ അല്‍ ഖായിദ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ 191 പേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയ്ക്കുശേഷം ജനക്കൂട്ടത്തിനിടയിലേക്കു വാഹനം ഓടിച്ചുകയറ്റി നടത്തിയ ഭീകരാക്രമണങ്ങളില്‍ നൂറിലേറേപ്പേരാണു നീസ്, ബെര്‍ലിന്‍,ലണ്ടന്‍, സ്റ്റോക്കോം എന്നിവിടങ്ങളില്‍ മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here