‘മിഷന്‍ 350 പ്ലസ്’; ലോകസഭയില്‍ 350 മുകളില്‍ താമര വിരിയിക്കാന്‍ അമിത്ഷാ

0
1823

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ 350 സീറ്റിലേറെ നേടാനുള്ള പദ്ധതിയുമായി ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് ‘മിഷന്‍ 350 പ്ലസ്’ എന്നറിയപ്പെടുന്ന പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്.

പുതിയതായി പിടിച്ചെടുക്കാന്‍ ലക്ഷ്യമിടുന്ന സീറ്റുകള്‍ക്കായി 150 പാര്‍ലമെന്റ് സീറ്റുകളില്‍ പ്രത്യേകമായ പ്രവര്‍ത്തനങ്ങളും നീക്കങ്ങളും നടത്തും. ഇന്ന് നടന്ന പാര്‍ട്ടി കോര്‍കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെട്ട യോഗത്തിലാണ് തന്റെ പ്രവര്‍ത്തന പദ്ധതിയെക്കുറിച്ച് അമിത് ഷാ വിശദീകരിച്ചതെന്നാണ് വിവരം.

സംസ്ഥാനങ്ങളിലെ സപാര്‍ട്ടി ഘടകങ്ങളില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് തിരഞ്ഞെടുപ്പ് പദ്ധതിക്ക് അന്തിമ രൂപം നല്‍കിയിരിക്കുന്നത്. മാത്രമല്ല വിവിധ സംസ്ഥാനങ്ങളില്‍ അമിത് ഷാ നടത്തിയ യാത്രകളില്‍ ശേഖരിച്ച വിവരങ്ങളും ഇതിനായി ഉപയോഗിച്ചിട്ടുണ്ട്.

കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ഒഡീഷ, പശ്ചിമ ബംഗാള്‍, അസ്സം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് 150 സീറ്റുകള്‍ ബിജെപി ലക്ഷ്യമിടുന്നത്. ഇതിനായി ആറ് നേതാക്കള്‍ക്ക് ഈ സംസ്ഥാനങ്ങളുടെ ചുമതല യോഗത്തില്‍ നല്‍കിയിട്ടുണ്ട്.
ഓരോ മൂന്നുമാസം അല്ലെങ്കില്‍ നാലുമാസം കൂടുമ്പോള്‍ സര്‍വേ നടത്തി ജനങ്ങളുടെ ചിന്താഗതി മനസിലാക്കി അതിനനുസരിച്ച് പദ്ധതികള്‍ നടപ്പിലാക്കണമെന്നാണ് അമിത് ഷാ നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കേന്ദ്രമന്ത്രിമാരായ ജെ. പി. നഡ്ഡ, രവിശങ്കര്‍ പ്രസാദ്, ധര്‍മ്മേന്ദ്ര പ്രധാന്‍, പീയൂഷ് ഗോയല്‍, നിര്‍മല സീതാരാമന്‍ എന്നിവര്‍ക്ക് യഥാക്രമം പശ്ചിമ ബംഗാള്‍, അസ്സം, കേരളം, തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ലോക്സഭാ സീറ്റുകളുടെ മേല്‍നോട്ടചുമതല നല്‍കിയിട്ടുണ്ട്.

600 മുഴുവന്‍ സമയ പ്രവര്‍ത്തകരാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെടുക. ഓരോരുത്തര്‍ക്കും ഓരോ ലോക്സഭാ സീറ്റുകളില്‍ മേല്‍നോട്ട ചുമതലകളുണ്ടാകും. ഹിന്ദി ബെല്‍റ്റ് മേഖലകളില്‍ നിന്ന് അടുത്ത തവണ തിരിച്ചടികള്‍ ഉണ്ടായേക്കാമെന്ന തിരിച്ചറിവില്‍ നിന്നാണ് പാര്‍ട്ടി സ്വാധീനം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ബി.ജെ.പി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here