ഹംപിയുടെ ചിത്രമുള്ള പുതിയ 50 രൂപ നോട്ട് വരുന്നു, പഴയ നോട്ട് പിന്‍വലിക്കില്ല

0
107

കര്‍ണാടകയിലെ ഹംപി ചരിത്ര സ്മാരകത്തിന്റെ ചിത്രം ആലേഖനം ചെയ്ത പുതിയ 50 രൂപ നോട്ടുകള്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചു. ആര്‍ബിഐ ഗവര്‍ണര്‍ ആര്‍. ഊര്‍ജിത് പട്ടേലിന്റെ ഒപ്പോടുകൂടിയ മഹാത്മാ ഗാന്ധി (പുതിയത്) സീരിയസില്‍ ഉള്‍പ്പെടുന്ന നോട്ടുകളാണ് പുറത്തിറക്കുകയെന്നും ആര്‍ബിഐ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. പുതിയ നോട്ടുകള്‍ വന്നാലും പഴയ നോട്ടുകള്‍ വിപണിയില്‍ തുടരും. ഫ്‌ലൂറസെന്റ് നീലയാണ് നോട്ടിന്റെ അടിസ്ഥാന നിറം. 66 എംഎം 135 എംഎം വലുപ്പത്തിലുള്ളതാണ് പുതിയ നോട്ടുകളെന്നും ആര്‍ബിഐ അറിയിച്ചു.

2016 നവംബര്‍ എട്ടിന് കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നിലനിന്നിരുന്ന 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുകയും ഏതാനും ദിവസങ്ങള്‍ക്കുശേഷം പുതിയ 500, 2000 രൂപ നോട്ടുകള്‍ പുറത്തിറക്കുകയും ചെയ്തിരുന്നു. 2000 രൂപ നോട്ടുകള്‍ ചെറിയ തുകയുടെ ക്രയവിക്രയങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇത്തരം പരാതികള്‍ പരിഹരിക്കാന്‍ പുതിയ 50 രൂപ നോട്ടുകൊണ്ട് സാധിക്കുമെന്നാണ് കരുതുന്നത്. ചെറിയ തുകയുടെ നോട്ടുകള്‍ ആര്‍ബിഐ പുറത്തിറക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ പ്രഖ്യാപനം.

LEAVE A REPLY

Please enter your comment!
Please enter your name here