ചാക്കിട്ടുപിടിത്തവും ഭീഷണിപ്പെടുത്തി വശത്താക്കലുമായി രാഷ്ട്രീയം മാറിയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഒ.പി. റാവത്ത്. രാഷ്ട്രീയത്തില്‍ ധാര്‍മികത അതിവേഗം കൈമോശം വന്നുപോവുകയാണെന്നും എങ്ങനെയും ജയിക്കുകയെന്നതാണ് ഇപ്പോഴത്തെ നീതിമന്ത്രമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ന്യൂഡല്‍ഹിയില്‍ അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസ് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ്-രാഷ്ട്രീയ പരിഷ്കരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാഷ്ട്രീയത്തിലെ അധാര്‍മികതയ്ക്കെതിരേ ആഞ്ഞടിച്ചത്. കൂറുമാറ്റവും ഭീഷണിയും പണക്കൊഴുപ്പും ദൃശ്യമായ ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പ് വിവാദമായ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷണറുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.
”തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമാകുമ്പോഴാണ് ജനാധിപത്യം പുഷ്ടിപ്പെടുന്നത്. എന്നാല്‍ യാതൊരു ധാര്‍മികതയും ഇല്ലാതെ എങ്ങനെയും ജയിക്കാനുള്ളതായി തിരഞ്ഞെടുപ്പുകള്‍ മാറുന്നതായാണ് സാധാരണക്കാരന്റെ അനുഭവം. സാമാജികരെ വിലയ്ക്കെടുക്കുന്നത് മികച്ച രാഷ്ട്രീയപ്രവര്‍ത്തനമായി ചിത്രീകരിക്കപ്പെടുന്നു.
പ്രലോഭനത്തിനായി പണം ചെലവഴിക്കുന്നതും ഭീഷണിപ്പെടുത്താന്‍ ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതും പ്രത്യുത്പന്നമതിത്വമായും വാഴ്ത്തപ്പെടുന്നു. ഇതാണ് ഇപ്പോള്‍ വ്യാപകമാവുന്ന രാഷ്ട്രീയധാര്‍മികത. ഇതിനെതിരേ രാഷ്ട്രീയപ്പാര്‍ട്ടികളും മാധ്യമങ്ങളും പൊതുസമൂഹവും ഭരണഘടനാ അധികാരകേന്ദ്രങ്ങളും ജനാധിപത്യത്തില്‍ വിശ്വാസമുള്ള എല്ലാവരും രംഗത്തുവരണം’-അദ്ദേഹം പറഞ്ഞു. പണംനല്‍കി വാര്ത്തവരുത്തുന്നത് രണ്ടുവര്‍ഷം തടവുശിക്ഷ നല്കാവുന്ന തിരഞ്ഞെടുപ്പ് കുറ്റമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഗുജറാത്തില്‍ വോട്ടുചെയ്തശേഷം ബാലറ്റ് പേപ്പര്‍ ബി.ജെ.പി. നേതാക്കളെ കാണിച്ച രണ്ട് വിമത കോണ്‍ഗ്രസ് എം.എല്‍.എ.മാരുടെ വോട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പ്രത്യേകാധികാരം ഉപയോഗിച്ച് റദ്ദാക്കിയിരുന്നു.