ആന്റിബയോട്ടിക്ക് പ്രതിരോധശേഷി ആര്‍ജിച്ച കരീബിയന്‍ കോളറ കേരളത്തിലും

0
105

സംസ്ഥാനത്ത് രണ്ടു ജില്ലകളില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്ത കോളറ രോഗാണുക്കള്‍ കരീബിയന്‍ രാജ്യമായ ഹെയ്ത്തിയില്‍ പൊട്ടിപ്പുറപ്പെട്ട പകര്‍ച്ചവ്യാധിക്കു കാരണമായ ‘ഹെയ്ത്തിയന്‍ വേരിയന്റ് ആണെന്നു തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ ഗവേഷണത്തില്‍ കണ്ടെത്തി. ഇവ ആന്റിബയോട്ടിക്ക് പ്രതിരോധശേഷി ആര്‍ജിച്ചു കഴിഞ്ഞെന്നും പഠനത്തില്‍ കണ്ടെത്തി.

ജലജന്യ രോഗങ്ങളില്‍ മനുഷ്യന് ഏറ്റവും ഭീഷണി ഉയര്‍ത്തുന്നതാണ് കോളറ. ഇത് പ്രതിരോധിക്കാന്‍ വേണ്ട മുന്‍കരുതലുകളെടുത്തില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമാണ്. കോഴിക്കോട്, പത്തനംതിട്ട ജില്ലകളില്‍ ഇതര സംസ്ഥാന തൊഴിലാളികളിലാണ് ഏറെ നാളുകള്‍ക്കു ശേഷം കോളറ കണ്ടെത്തിയത്. തീരദേശങ്ങളില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്തിരുന്ന രോഗം ഇപ്പോള്‍ മറ്റു ജില്ലകളിലേക്കും വ്യാപിച്ചു തുടങ്ങി. വിബ്രിയോ കോളറ എന്ന സൂക്ഷ്മാണു വഴിയുണ്ടാകുന്ന കോളറ ഇപ്പോള്‍ ഏറെ ജനിതക മാറ്റം സംഭവിച്ചതായി ഗവേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

കോളറ രോഗാണുക്കള്‍ ശരീരത്തിലെത്തി ഏതാനും മണിക്കൂറുകള്‍ മുതല്‍ നാല് അഞ്ച് ദിവസത്തിനുള്ളില്‍ തന്നെ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങും. കഠിനമായ അതിസാരവും തളര്‍ച്ചയും ഒപ്പം ഛര്‍ദ്ദിയുമാണ് പ്രധാന ലക്ഷണങ്ങള്‍.മാലിന്യ സംസ്‌കരണത്തിലും ശുദ്ധജല ലഭ്യതയിലും ശ്രദ്ധിച്ചില്ലെങ്കില്‍ കേരളം വലിയ ഭീഷണി നേരിടുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here