ഓക്സിജന്‍ ലഭിക്കാതെ പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ച ഉത്രപ്രദേശിലെ ഗോരഖ്പുര്‍ ബാബ രാഘവ്ദാസ് മെഡിക്കല്‍ കോളേജില്‍ രാഹുല്‍ ഗാന്ധി നടത്താനിരുന്ന സന്ദര്‍ശനം ഉപേക്ഷിച്ചു. രോഗികളുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണു തീരുമാനം മാറ്റിയത്. എന്നാല്‍, ദുരന്തത്തിനിരയായ കുഞ്ഞുങ്ങളുടെ വീടുകളില്‍ രാഹുല്‍ സന്ദര്‍ശനം നടത്തും.
ആശുപത്രിയിലും കുഞ്ഞുങ്ങളുടെ വാര്‍ഡുകളിലും പുറത്തുനിന്നുള്ളവര്‍ കയറുന്നത് അണുബാധയ്ക്കു കാരണമാകുമെന്ന വിദഗ്ധരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണു രാഹുല്‍ ഗാന്ധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കിയത്.
സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള സമരപരിപാടികള്‍ക്ക് ഊര്‍ജം പകരാനായാണു രാഹുല്‍ ഗാന്ധി ഗോരഖ്പുര്‍ സന്ദര്‍ശിക്കുന്നത്. ആശുപത്രിയിലെത്തുന്ന രാഹുല്‍, ജപ്പാന്‍ജ്വരം ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന കുഞ്ഞുങ്ങളെയും കുടുംബാംഗങ്ങളെയും സന്ദര്‍ശിക്കുമെന്നു നേരത്തേ അറിയിച്ചിരുന്നു.
അതേസമയം രാഹുലിന്റെ സന്ദര്‍ശനത്തെ പരിഹസിച്ചു കൊണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തു വന്നിരുന്നു. ഗോരഖ്പുര്‍ ഒരു വിനോദസഞ്ചാര കേന്ദ്രമല്ലെന്നാണ് യോഗി പറഞ്ഞത്. ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനാണു രാഹുല്‍ ഗാന്ധിയുടെ പദ്ധതി.