ഇന്ത്യന്‍ ഇടതുപക്ഷത്തെ വംഗനാട് ഓര്‍മിപ്പിക്കുന്നത്‌ …

0
270

വര്‍ഗ രാഷ്ട്രീയത്തിന്റെ സമരോത്സുക പ്രയോഗം വിശകലനം ചെയ്യണം. ഇടതുപക്ഷ രാഷ്ട്രീയത്തെ പുനര്‍ നിര്‍വചിക്കാനും പുതുക്കിപ്പണിയാനും കഴിയണം. അതിന് അന്ധ അനുയായികളുടെ നവലിബറല്‍ വിധേയത്വ ഗാനങ്ങള്‍ മതിയാവില്ല. അത്തരമൊരു കടമ നിര്‍വ്വഹിക്കുന്നില്ലെങ്കില്‍ അവശിഷ്ട ഇന്ത്യന്‍ ഇടതുപക്ഷം ചീട്ടുകൊട്ടാരംപോലെ തകര്‍ന്നു വീഴും. അതൊഴിവാക്കാനുള്ള മായാജാലമൊന്നും നേതാക്കളുടെ കൈയില്‍ കാണില്ല..

ഡോ.ആസാദ്‌

പശ്ചിമ ബംഗാളിലെ ഏഴു മുനിസിപ്പല്‍ കോര്‍പറേഷനുകളിലേയ്ക്കു നടന്ന തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കിയിരിക്കുന്നു. മൂന്നര പതിറ്റാണ്ടു കാലം ഭരണത്തിലിരുന്ന സിപിഎം തകര്‍ച്ചയില്‍നിന്നു പെരും തകര്‍ച്ചയിലേക്കാണ് ബംഗാളില്‍ കൂപ്പുകുത്തുന്നത്. ഈ വരികള്‍ ഒട്ടും ആഹ്ലാദത്തോടെയല്ല കുറിക്കുന്നത്. സി പി എം തിരിച്ചുവരുമെന്ന പ്രതീക്ഷ പലരും പങ്കുവെക്കുന്നത് ഇപ്പോള്‍ സി പി എംകാരനല്ലാതിരുന്നിട്ടും എന്നെ ഏറെ ആശ്വസിപ്പിച്ചിരുന്നു. ഇടതുപക്ഷ രാഷ്ട്രീയം തുടച്ചുനീക്കപ്പെടുന്നത് രാജ്യത്തിന്റെ ഭാവിക്ക് തീരെ ഗുണകരമല്ല. അതിനാല്‍ പിഴവുകളും പരിമിതികളും പെരുകി വലതു പാതയിലേക്കു വഴുതിയെങ്കിലും ശരിയായ നയങ്ങളിലേക്കും പ്രയോഗങ്ങളിലേയ്ക്കും സി പി എം തിരിച്ചെത്തുമെന്ന പ്രതീക്ഷ ഞാന്‍ കൈയൊഴിഞ്ഞില്ല. അതിനാല്‍, സി പി എമ്മിന്റെ വലതു വ്യതിയാനത്തെ വിമര്‍ശിക്കുമ്പോള്‍ അത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അടിത്തറയിലാവാന്‍ എപ്പോഴും ശ്രദ്ധിച്ചുപോന്നിട്ടുണ്ട്.

ഇന്ത്യന്‍ ജീവിതത്തെ എപ്പോഴും പ്രത്യാശാഭരിതമാക്കിയിട്ടുള്ളത് മുഖ്യധാരാ രാഷ്ട്രീയത്തില്‍ മിന്നിയും മാഞ്ഞും നിലനിന്ന ഇടതുപക്ഷാഭിമുഖ്യംകൂടിയാണ്. സ്വാതന്ത്ര്യം കിട്ടുമ്പോള്‍ മിശ്ര സമ്പദ് ഘടനയിലേക്കും പഞ്ച വത്സര പദ്ധതികളിലേയ്ക്കും ക്ഷേമരാഷ്ട്ര ലക്ഷ്യങ്ങളിലേക്കും പ്രചോദിപ്പിച്ചത് സോഷ്യലിസ്റ്റാശയങ്ങളായിരുന്നു. മൂന്നാംലോകത്തിന്റെ നെറുകയിലേക്ക് ഇന്ത്യയെ കയറ്റിനിര്‍ത്തിയത് നെഹ്‌റുവിയന്‍ നയത്തിന്റെ ഇടതുപക്ഷാഭിമുഖ്യമാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ ഇന്ദിരാഗാന്ധിയും അതേ നിലപാടുകളെ ആഞ്ഞു പുല്‍കിയിട്ടുണ്ട്. സ്വകാര്യ മേഖല അതിന്റെ അക്രമോത്സുകതയില്‍ രാഷ്ട്രീയ ധാരകളെക്കൂടി ശിഥിലമാക്കുന്ന ഘട്ടം വന്നപ്പോള്‍ ദേശസാല്‍ക്കരണമെന്ന സോഷ്യലിസ്റ്റ് അജണ്ട ഇന്ദിരയ്ക്കും തുണയായിട്ടുണ്ട്. അതിന്റെ ശക്തിയറിഞ്ഞാണ് ഭരണഘടനയില്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കെന്ന് കൂട്ടിച്ചേര്‍ക്കാന്‍പോലും അവര്‍ തയ്യാറായത്.

വലതുപക്ഷ രാഷ്ട്രീയത്തെ പുരോഗമനപരവും പൊതുജനോന്മുഖവുമായി നിലനിര്‍ത്തിയ ഈ ഇടതുപക്ഷ രാഷ്ട്രീയ സ്വാധീനം പൂര്‍ണമായി കയ്യൊഴിഞ്ഞത് തൊണ്ണൂറുകളുടെ തുടക്കത്തിലാണ്. ശീതയുദ്ധാനന്തര ഘട്ടത്തിലെ ഹിംസാത്മക മുതലാളിത്തത്തിനു മുന്നില്‍ ആയുധം വെച്ചു കീഴടങ്ങുകയായിരുന്നു ഇന്ത്യന്‍ ഭരണവര്‍ഗം. അവരുടെ പ്രീതിക്ക് സോഷ്യലിസ്റ്റ് സ്വപ്നവും ഇടതു പ്രേരണകളും പൂര്‍ണമായും തുടച്ചുകളയണമായിരുന്നു. നെഹ്‌റുവിയന്‍ പാരമ്പര്യത്തെ കുഴിച്ചുമൂടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആ ദൗത്യം പൂര്‍ത്തീകരിച്ചു. കാസ്‌ട്രോയെ ആശ്ലേഷിക്കുന്ന ഇന്ദിരയുടെ ചിത്രം ചവറ്റുകൊട്ടയിലെത്തി.

അതത്രയും വലതുരാഷ്ട്രീയത്തിലെ ഇടതടയാളങ്ങള്‍. സോഷ്യലിസ്റ്റ് സമൂഹ നിര്‍മിതിക്ക് യത്‌നിക്കുന്ന വിപ്ലവ പരിപാടികളുള്ള കമ്യൂണിസ്റ്റു പാര്‍ട്ടികളുണ്ടായിരുന്നു നമുക്ക്. ജനകീയ സമരങ്ങളിലൂടെ വര്‍ഗരാഷ്ട്രീയത്തെ വളര്‍ത്തിയവര്‍. അവരും സമരരാഷ്ട്രീയം ഉപേക്ഷിച്ചു മുതലാളിത്ത വികസനപാത സ്വീകരിച്ചു. അതിന്റെ നവലിബറല്‍ വര്‍ണപ്പകിട്ടില്‍ സ്വന്തം വര്‍ഗത്തെ വിസ്മരിച്ചു. പുറംതള്ളല്‍ വികസനത്തിന്റെ സ്ഥാപനത്തിന് വലതുപക്ഷ പാര്‍ട്ടികളുമായി മത്സരിച്ചു. നന്ദിഗ്രാം അതിന്റെ ആഴമേറിയ മുറിവാണ്.ഒരു നൂറ്റാണ്ടു സംഭരിച്ച ഊര്‍ജ്ജമാണ് അതിലൂടെ ഒഴുകിപ്പോയത്. കടുത്ത തിരിച്ചടി ജനങ്ങളില്‍നിന്നുണ്ടായിട്ടും തിരുത്തിയില്ല. അതേ നയവും പക്ഷപാതവും കേരളത്തിലും തുടരുന്നു. നെഹ്‌റുവിന്റെ പിന്മുറക്കോണ്‍ഗ്രസ്സുകാരെപ്പോലെ വിപ്ലവഇടതുപക്ഷവും അതിന്റെ ഇടതുപക്ഷ രാഷ്ട്രീയത്തെ നിഷ്‌ക്കരുണം ഉപേക്ഷിച്ചു.

ലോകം ഇടതുപക്ഷ രാഷ്ട്രീയത്തെ പ്രത്യാശാപൂര്‍വ്വം നോക്കുന്ന കാലത്താണ് വലതു വ്യാമോഹങ്ങളില്‍ മുഴുകി ഇന്ത്യന്‍ ഇടതുപക്ഷം അതിന്റെ രാഷ്ട്രീയാടിത്തറ മാന്തി വെളുപ്പിക്കുന്നത്. കണ്ണില്ലാത്ത മുതലാളിത്താധിനിവേശ കാലത്ത് ക്ഷേമരാഷ്ട്ര സങ്കല്‍പ്പവും സോഷ്യലിസ്റ്റ് സ്വപ്നവുമെല്ലാം പൗരസമൂഹത്തിന് ജീവശ്വാസം നല്‍കുമായിരുന്നു. ഇതറിയണമെങ്കില്‍ ജീവിക്കുന്ന കാലത്തെ മുതലാളിത്തത്തിന്റെ സ്വഭാവം മനസ്സിലാക്കണം. ബദലായി സോഷ്യലിസത്തെക്കാള്‍ ഭേദപ്പെട്ട ഒന്നും മുന്നോട്ടുവെയ്ക്കപ്പെട്ടിട്ടില്ലെന്നും അറിയണം. വര്‍ഗ രാഷ്ട്രീയത്തിന്റെ സമരോത്സുക പ്രയോഗം വിശകലനം ചെയ്യണം. ഇടതുപക്ഷ രാഷ്ട്രീയത്തെ പുനര്‍ നിര്‍വചിക്കാനും പുതുക്കിപ്പണിയാനും കഴിയണം. അതിന് അന്ധ അനുയായികളുടെ നവലിബറല്‍ വിധേയത്വ ഗാനങ്ങള്‍ മതിയാവില്ല. അത്തരമൊരു കടമ നിര്‍വ്വഹിക്കുന്നില്ലെങ്കില്‍ അവശിഷ്ട ഇന്ത്യന്‍ ഇടതുപക്ഷം ചീട്ടുകൊട്ടാരംപോലെ തകര്‍ന്നു വീഴും. അതൊഴിവാക്കാനുള്ള മായാജാലമൊന്നും നേതാക്കളുടെ കൈയില്‍ കാണില്ല.

ബംഗാളില്‍നിന്നുള്ള വാര്‍ത്തകളാണ് ഇങ്ങനെയൊക്കെ ചിന്തിപ്പിക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യം വലിയ ഭീഷണി നേരിടുന്ന ഘട്ടത്തില്‍ മൂല്യാധിഷ്ഠിത രാഷ്ട്രീയം പണയംവെച്ചുള്ള ചൂതാട്ടം ആരെയും രസിപ്പിക്കുകയില്ല. ജീവിക്കാന്‍ അത്യന്തം ക്ലേശകരമായ പോരാട്ടങ്ങളിലേര്‍പ്പെടുന്ന ജനവിഭാഗങ്ങള്‍ക്കൊപ്പം ചേര്‍ന്നേ വിപ്ലവ പ്രസ്ഥാനങ്ങള്‍ക്ക് നഷ്ടവിശ്വാസം വീണ്ടെടുക്കാനാവൂ. നവലിബറല്‍ മാജിക്കുകള്‍കൊണ്ട് ജനങ്ങളുടെ കാഴ്ച്ചകളെയും നിശ്ചയങ്ങളെയും അട്ടിമറിക്കാനാവില്ല. ബംഗാള്‍ ഓര്‍മിപ്പിക്കുന്നത് അതാണെന്ന് ഞാന്‍ കരുതുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here