ഇന്‍ഫോസിസ് 13,000 കോടിയുടെ ഓഹരികള്‍ തിരിച്ചുവാങ്ങും

0
76

സിഇഒ, എംഡി സ്ഥാനങ്ങളില്‍നിന്നുള്ള വിശാല്‍ സിക്കയുടെ അപ്രതീക്ഷിത രാജി സൃഷ്ടിച്ച പ്രത്യാഘാതം മറികടക്കുന്നതിന് ഓഹരികള്‍ തിരിച്ചുവാങ്ങാനൊരുങ്ങി ഇന്‍ഫോസിസ്. 13,000 കോടി രൂപയുടെ ഓഹരികള്‍ തിരികെ (ഷെയര്‍ ബൈബാക്ക്) വാങ്ങാനാണ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി സ്ഥാപനമായ ഇന്‍ഫോസിസിന്റെ തീരുമാനം. 36 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഇന്‍ഫി ഓഹരി ഉടമകള്‍ ഏറ്റവും ഭീമമായ നഷ്ടം നേരിട്ടതിനു പിന്നാലെയാണ് ഓഹരികള്‍ തിരിച്ചെടുക്കാനുള്ള നീക്കം.

ഇതിനായി കഴിഞ്ഞ തിങ്കളാഴ്ചത്തെ ക്ലോസിങ് നിരക്കും 17 ശതമാനം പ്രീമിയവും നല്‍കും. 1150 രൂപയാണ് ഒരു ഓഹരിയുടെ തിങ്കളാഴ്ചത്തെ ക്ലോസിങ് നിരക്ക്. ഇന്‍ഫി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗത്തിലാണ് നിര്‍ണായക തീരുമാനമെടുത്തത്.ഇന്‍ഫോസിസ് ഓഹരികളില്‍ പണം നിക്ഷേപിച്ചവര്‍ക്കു സിക്കയുടെ രാജി മൂലം ഒറ്റ ദിവസംകൊണ്ടു നഷ്ടമായത് 22,000 കോടിയിലേറെ രൂപയാണ്. നാരായണ മൂര്‍ത്തിയുടെയും കുടുംബത്തിന്റെയും കൈവശമുള്ള ഇന്‍ഫി ഓഹരികളുടെ മൂല്യത്തിലുണ്ടായ ഇടിവാകട്ടെ 750 കോടിയോളം രൂപ. ഇന്‍ഫിയുടെ 36 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ നിക്ഷേപകര്‍ക്ക് ഇത്ര ഭീമമായ നഷ്ടം ആദ്യമാണ്.

ബൈബാക്കില്‍ മികച്ച വില പ്രതീക്ഷിച്ചു വ്യാഴാഴ്ച ഓഹരി വാങ്ങിക്കൂട്ടിയവര്‍ക്കാണു സിക്കയുടെ രാജി കനത്ത പ്രഹരമായത്. ഓഹരികള്‍ തിരികെ വാങ്ങണമെന്നതു സ്ഥാപകരില്‍ ചിലര്‍ ഉള്‍പ്പെടെ ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യമാണ്. മിച്ചമുള്ള മൂലധനം നിക്ഷേപകര്‍ക്കു തിരികെ നല്‍കുന്ന ഏര്‍പ്പാടാണു ‘ഷെയര്‍ ബൈബാക്ക്’. ടിസിഎസ് ഉള്‍പ്പെടെ ഏതാനും ഐടി കമ്പനികള്‍ ഈ മാര്‍ഗം സ്വീകരിച്ചിട്ടുണ്ട്. ഇതു തന്നെയാണ് ഇന്‍ഫോസിസും ഇപ്പോള്‍ പിന്തുടര്‍ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here