ചലച്ചിത്ര വികസന കോര്‍പറേഷന്‍ ഈ വർഷം 30 തിയറ്ററുകള്‍ തുടങ്ങും: മന്ത്രി ബാലന്‍

0
69

ഗ്രാമങ്ങളില്‍നിന്ന് ഒഴിവാക്കപ്പെട്ട തിയറ്ററുകള്‍ തിരിച്ചു കൊണ്ടുവരികയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി എ.കെ.ബാലന്‍. കെഎസ്എഫ്ഡിസിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം 30 തിയറ്ററുകള്‍ ആരംഭിക്കും. പ്രവാസികളടക്കമുള്ളവര്‍ക്ക് നിക്ഷേപസൗകര്യം ഒരുക്കിക്കൊണ്ടു നൂറോളം തിയറ്ററുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. നാനൂറോളം തിയറ്ററുകള്‍ തുടങ്ങുന്നതു സംബന്ധിച്ചു നിക്ഷേപകരുടെ കൈവശമുള്ള പദ്ധതികള്‍ സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. നോര്‍ത്ത് പറവൂരിലെ ചിത്രാഞ്ജലിയുടെ നവീകരിച്ച കൈരളി, ശ്രീ തിയറ്ററുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരത്തു ചിത്രാഞ്ജലി സ്റ്റുഡിയോ മിനി ഫിലിം സിറ്റിയായി വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പരമാവധി തിയറ്ററുകള്‍ ഉള്‍പ്പെടുത്തിയുള്ള തിയറ്റര്‍ കോംപ്‌ളക്‌സ് ഇവിടെ നിര്‍മിക്കുന്നതിനുള്ള കരടുപദ്ധതിരേഖ തയാറായിക്കഴിഞ്ഞു. ഇതോടെ രാജ്യാന്തര ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കാറുള്ള തിയറ്ററുകളുടെ അപര്യാപ്തത പരിഹരിക്കപ്പെടുമെന്നാണു കരുതുന്നത്. ഓരോ ജില്ലയിലും 40 കോടി ചെലവില്‍ സാംസ്‌കാരിക കേന്ദ്രങ്ങള്‍ നിര്‍മിക്കാനും സര്‍ക്കാരിനു പദ്ധതിയുണ്ട്.

ഗ്രാമീണമേഖലയില്‍ കൂടുതല്‍ തിയറ്ററുകള്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആരംഭിക്കുന്നതോടെ ഇവിടെയുള്ളവര്‍ക്ക് സിനിമ കാണാന്‍ കൂടുതല്‍ അവസരം ലഭിക്കും. ചില എ ക്‌ളാസ് തിയറ്ററുകളുടെ മേധാവിത്തം കാരണം ബി, സി തിയറ്ററുകളിലും ഗ്രാമീണമേഖലകളിലും സിനിമ പ്രദര്‍ശിപ്പിക്കാനാവുന്നില്ല. സിനിമ എത്രദിവസം ഓടണമെന്നു ചില പ്രമുഖര്‍ തീരുമാനിക്കുന്ന അവസ്ഥയാണുള്ളത്. ചലച്ചിത്രമേഖലയിലെ ഇത്തരം ദുഷ്പ്രവണതകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടനചടങ്ങിനുശേഷം സലീംകുമാറിന്റെ പുതിയചിത്രം കറുത്ത ജൂതന്‍ പ്രദര്‍ശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here