നിതീഷ് അമിത് ഷായുടെ അടിമയെന്ന് കോണ്‍ഗ്രസ്

0
78

അടുത്ത കാലം വരെ ഇന്ത്യയിലെ എണ്ണപ്പെടുന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇപ്പോള്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ അടിമയായി മാറിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ്. ബിഹാറില്‍ മഹാസഖ്യം പിളര്‍ത്തി എന്‍ഡിഎ പാളയത്തിലേക്ക് ചേക്കേറിയ നിതീഷ്, ജെഡിയുവിനുള്ളിലും അധീശത്വമുറപ്പിച്ചതിനു പിന്നാലെയാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.

എന്‍ഡിഎയിലേക്ക് ചുവടുമാറ്റിയ നിതീഷ് കുമാറിന്റെ തീരുമാനം പല നേതാക്കള്‍ക്കും ഇപ്പോഴും ദഹിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് ചൂണ്ടിക്കാട്ടി. ചേരിമാറുന്ന കാര്യത്തില്‍ നിതീഷ് കുമാര്‍ കാട്ടുന്ന മെയ്വഴക്കം അദ്ഭുതപ്പെടുത്തുന്നതാണെന്നും സന്ദീപ് ദീക്ഷിത് പരിഹസിച്ചു.

‘ഇതുപൊലെ മുന്‍പ് മറ്റാരും ചെയ്തിട്ടുണ്ടാകില്ല. കൂടെ നിന്നവരുടെ കാലുവാരിയതിലൂടെ സ്വന്തം ധാര്‍മിക അടിത്തറയാണ് നിതീഷ് കുമാര്‍ തകര്‍ത്തുകളഞ്ഞത്. തീര്‍ത്തും ദുര്‍ബലനായ ഒരു മുഖ്യമന്ത്രിയായി അദ്ദേഹം മാറി. എണ്ണപ്പെടുന്ന നേതാക്കളില്‍ ഒരാളായി അദ്ദേഹം അറിയപ്പെട്ട സമയമുണ്ടായിരുന്നു. എന്നാല്‍, ഇന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ അടിമയായി നിതീഷ് മാറിയിരിക്കുന്നു- സന്ദീപ് പറഞ്ഞു.

ജെഡിയുവിലെ സ്വാഭിമാനമുള്ള നേതാക്കള്‍ പാര്‍ട്ടി വിട്ടു പുറത്തുവരുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎയ്‌ക്കൊപ്പം ചേരാനുള്ള തന്റെ തീരുമാനത്തെ എതിര്‍ത്ത ജെഡിയു േദശീയ അധ്യക്ഷന്‍ ശരദ് യാദവിനെ നിതീഷ് വിഭാഗം പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. ഇരുവിഭാഗം നേതാക്കളും ഇന്ന് പാര്‍ട്ടിയുടെ ഉന്നതതല യോഗം പട്‌നയില്‍ വിളിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here