പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവം; ഗോശാല ഉടമയായ ബിജെപി നേതാവ് അറസ്റ്റില്‍

0
71

ഛത്തീസ്ഗഢിലെ ദുര്‍ഗ് ജില്ലയില്‍ ഭക്ഷണം കിട്ടാതെ പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ ബിജെപി പ്രാദേശിക നേതാവ് അറസ്റ്റില്‍. ജമൂല്‍ മുന്‍സിപ്പാലിറ്റി വൈസ് പ്രസിഡന്റു കൂടിയായ ഹരീഷ് വര്‍മ എന്നയാളാണ് അറസ്റ്റിലായത്. സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇയാളുടെ ഗോശാലയിലാണ് പശുക്കള്‍ പട്ടിണി മൂലം ചത്തത്. അതേസമയം, 300ല്‍ അധികം പശുക്കളാണ് കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഇവിടെ ദുരൂഹ സാഹചര്യത്തില്‍ ചത്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഢ് രാജ്യ ഗോസേവാ ആയോഗാണ് പൊലീസില്‍ പരാതി നല്‍കിയത്. പശുക്കള്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കാത്തതാണ് പശുക്കള്‍ ചാകാന്‍ കാരണമെന്ന് ഇവിടം സന്ദര്‍ശിച്ച ഗോസേവാ ആയോഗ് പ്രവര്‍ത്തകര്‍ പൊലീസിനു നല്‍കിയ പരാതിയില്‍ വ്യക്തമാക്കി.

ഹരീഷ് വര്‍മയെ അറസ്റ്റ് ചെയ്ത വിവരം ദുര്‍ഗ് റേഞ്ച് ഐജി ദിപാന്‍ഷു കബ്ര സ്ഥിരീകരിച്ചു. 2004ലെ ഛത്തീസ്ഗഢ് കാര്‍ഷിക കന്നുകാലി സംരക്ഷണ നിയമത്തിന്റെ നാല്, ആറ് വകുപ്പുകള്‍, 1960ലെ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമത്തിന്റെ 11-ാം വകുപ്പ്, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 409-ാം വകുപ്പ് എന്നിവ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം, തൊഴുത്തിന്റെ ഒരു വശത്തെ ഭിത്തി ഇടിഞ്ഞുവീണാണ് പശുക്കള്‍ ചത്തതെന്നാണ് ഹരീഷ് വര്‍മയുടെ നിലപാട്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ മൃഗഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന വിദഗ്ധ സംഘത്തെ ഇവിടേക്ക് അയച്ചതായി ദുര്‍ഗ് അഡീഷണല്‍ കലക്ടര്‍ സഞ്ജയ് അഗര്‍വാള്‍ വ്യക്തമാക്കി. ജില്ലാ ഭരണകൂടം സംഭവത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here