പിണറായി സര്‍ക്കാരിലെ മൂന്നാം ഹിറ്റ് വിക്കറ്റോ ചാണ്ടി?

0
280

by വെബ്‌ ഡെസ്ക്

വിനോദസഞ്ചാര വികസനത്തിന്റെ മറവില്‍ ഗതാഗതമന്ത്രിയും എന്‍.സി.പി നേതാവുമായ തോമസ് ചാണ്ടി നടത്തുന്ന അധികാര ദുര്‍വിനിയോഗം പിണറായ് വിജയന്‍ സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ നിലപാടിന്റെ ഉരകല്ലാകുന്നു. ആരെയും അദ്ഭുതപ്പെടുത്തുന്നതാണ് മുന്‍പ് കേരളത്തിന്റെ പൊതുജീവിത വ്യവഹാരത്തില്‍ കുവൈറ്റ് ചാണ്ടി എന്ന നാമധേയത്തില്‍ പ്രശസ്തനായ തോമസ് ചാണ്ടിയുടെ വ്യവസായ സാമ്രാജ്യം. ഒരു ജനാധിപത്യ ഭരണകൂടത്തില്‍ ഇത്തരം ഒരു ശതകോടീശ്വരന്‍ ജനപ്രതിനിധി ആയിരിക്കുന്നത് തന്നെ നെറ്റിചുളിയുന്ന കാര്യമാണ്. നിക്ഷിപ്ത വ്യവസായ താല്‍പര്യങ്ങളുടെ കൂടായ അത്തരക്കാരന്‍ ഒരു മന്ത്രി കൂടി ആവുമ്പോഴോ? അതാണ് ഇന്ന് കേരളം ചര്‍ച്ച ചെയ്യുന്ന കാര്യം.
കേരളത്തിന്റെ നെല്ലറയായ കുട്ടനാടിനെ ഇന്നത്തെ നിലയിലേക്ക് മാറ്റിയെടുത്തത് കായല്‍ രാജാവ് മുരിക്കന്‍ ആണ്. അദ്ദേഹം കായലിലെ വെള്ളം വറ്റിച്ച് മലയാളികളെ അന്നമൂട്ടാന്‍ നെല്‍കൃഷിയിറക്കി അദ്ഭുതം സൃഷ്ടിച്ചപ്പോള്‍ പിന്മുറക്കാരനായ തോമസ് ചാണ്ടി വയലേലകളും കായലുകളും നികത്തി വിനോദസഞ്ചാര കൃഷിയിറക്കി പൊന്ന് കൊയ്യുകയാണ്. 2002ല്‍ കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച കുവൈറ്റ് ചാണ്ടിയെന്ന തോമസ് ചാണ്ടി പുറം ലോകം കണ്ടത് 85,000 കുവൈറ്റ് ദിനാര്‍ പിഴയൊടുക്കിയ ശേഷമാണ് എന്ന കാര്യം കേരളം മറന്ന് പോയ രഹസ്യമാണ്. ഏകദേശം ഒന്നര കോടിയോളം രൂപ വരുന്ന തുകയാണ് ഒന്നര പതിറ്റാണ്ട് മുമ്പ് സാല്‍മിയ ഇന്ത്യന്‍ സ്‌കൂളുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ അകത്തായ ചാണ്ടി, കുവൈറ്റ് കോടതിയില്‍ പിഴയൊടുക്കിയത്. ആ കേസില്‍ നിന്ന് തടിയൂരി പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ കഴിഞ്ഞപ്പോഴാണ് വിനോദസഞ്ചാര മേഖലയിലേക്ക് ചാണ്ടി കണ്ണ് വെച്ചത്. ഇതിന് എല്ലാ വിധ പിന്തുണയുമായി ഭരണ-പ്രതിപക്ഷ ഭേദമന്യേ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്ത് വന്നതോടെ ചാണ്ടിക്ക് കുവൈറ്റില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ വരുമാനം ഇവിടെ നിന്ന് തന്നെ ലഭിച്ചുതുടങ്ങി. പിന്നീടാണ് രാഷ്ട്രീയത്തിലേക്ക് കാല്‍വെച്ചത്. അവിടെയും കൈപിടിച്ചുയര്‍ത്താന്‍ നിരവധി പേരാണുണ്ടായിരുന്നത്. ഇപ്പോള്‍ മന്ത്രി പദം അലങ്കരിക്കുന്ന കുവൈറ്റ് ചാണ്ടി, തനി കുട്ടനാട്ടുകാരനായ ആദ്യത്തെ മന്ത്രിയെന്ന ഖ്യാതിയോടെയാണ് ആ പദവിയിലെത്തിയത്. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ കുട്ടനാട്ടിലേക്കെത്തിച്ച് ഡോളറുകള്‍ വാരുമ്പോള്‍ ഇതിന് വഴിയൊരുക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം വാരിയെറിയുന്നതാണ് നാട്ടുകാരെ പ്രകോപിതരാക്കുന്നത്. പൊതുഖജനാവ് കൊള്ളയടിച്ചുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ സ്വന്തം കാര്യത്തിലേക്ക് മാത്രം ഒതുക്കുന്ന ചാണ്ടി ജനപ്രതിനിധികളുടെ ചരിത്രത്തില്‍ ഒരപൂര്‍വ്വ, അത്ഭുത പ്രതിഭാസമാണ്. വേമ്പനാട് കായല്‍ തീരത്ത് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ട് നിര്‍മാണം മുതല്‍ അതിനോട് ചേര്‍ന്നുള്ള നെല്‍വയലുകളും കായലും മണ്ണിട്ട് നികത്തുന്നത് പോലും പൊതുഖജനാവിനെ ആശ്രയിച്ചാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വലിയ തീവെട്ടിക്കൊള്ളയാണ് ഇതില്‍ അരങ്ങേറുന്നത്. ലേക്ക് പാലസ് റിസോര്‍ട്ടിന് മുന്നില്‍ കമ്പനി ഡയറക്ടര്‍ മാത്യുജോസഫിന്റെ പേരിലുള്ള ഒന്നരയേക്കര്‍ നെല്‍വയല്‍ നികത്തിയത് സര്‍ക്കാര്‍ ചെലവില്‍. നെല്‍വയല്‍ മണ്ണിട്ട് നികത്തി ലക്ഷങ്ങള്‍ വിലയുള്ള കരഭൂമിയാക്കി മാറ്റിക്കൊടുത്ത സര്‍ക്കാരിന് ഈ വകയില്‍ നയാ പൈസ പോലും ലഭിച്ചിട്ടില്ല. ദേശീയജലപാതയുടെ ഭാഗമായി പുന്നമടക്കായലില്‍ നിന്ന് നീക്കം ചെയ്ത മണ്ണുപയോഗിച്ചാണ് വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയുടെ നെല്‍വയല്‍ നികത്തിയത്. ജലപാതയ്ക്കായി സര്‍ക്കാര്‍ ഡ്രഡ്ജ് ചെയ്ത മണ്ണ് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വയലില്‍ നിന്ന് നീക്കം ചെയ്യാതെ കരഭൂമിയാക്കുകയായിരുന്നു. ആരും ലേലം ചെയ്‌തെടുക്കാതിരിക്കാന്‍ ഉദേ്യാഗസ്ഥരെ സ്വാദീനിച്ച് ചെളിമണ്ണിന് വന്‍ വില നിശ്ചയിച്ച് വില്‍പനക്ക് വെച്ചു. 2015 ജൂണില്‍ ദേശീയ ജലപാത വീതി കൂട്ടുന്നതിന്റെ ഭാഗമായി പുന്നമടക്കായലിലും വാണിയപ്പുരത്തോട്ടിലും ഡ്രഡ്ജിംഗ് നടത്തി. ഇങ്ങനെ കിട്ടിയ ചെളിമണ്ണ് നിക്ഷേപിക്കാന്‍ വിളക്കുമരം ജെട്ടിയിലുള്ള അഞ്ചുപേരില്‍ നിന്ന് സര്‍ക്കാര്‍ സമ്മതപത്രം വാങ്ങി. ഡ്രഡ്ജിംഗ് തുടങ്ങി സീറോ ജെട്ടിയില്‍ നിന്നെടുത്ത ചെളിമണ്ണ് അവിടെ സമ്മത പത്രം വാങ്ങിയവരുടെ വയലില്‍ ഇടാതെ നേരെ കൊണ്ടുവന്ന് മാത്യൂ ജോസഫിന്റെ വയലില്‍ നിക്ഷേപിച്ചു. വിളക്കുമരം ജെട്ടിയില്‍ നിന്ന് മാന്തിയെടുത്ത ചെളിയും നിക്ഷേപിച്ചത് മാത്യൂജോസഫിന്റെയും അതിനോട് ചേര്‍ന്ന വയലിലും തന്നെ. ഡ്രഡ്ജിംഗ് പൂര്‍ത്തിയായപ്പോള്‍ തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ട് കമ്പനിയായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുടെ ഡയറക്ടര്‍ മാത്യൂജോസഫിന്റെ പേരിലുള്ള 151 സെന്റ് നെല്‍വയല്‍ അസ്സല്‍ കരഭൂമിയായി. മാത്യു ജോസഫിന്റെ നെല്‍വയലില്‍ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് ലേലം ചെയ്ത് നീക്കാനായി ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ മണ്ണിന്റെ വില നിശ്ചയിച്ചതാകട്ടെ ആരെയും ഞെട്ടിക്കുന്ന വിധത്തിലായിരുന്നു. പരമാവധി 5 ലക്ഷം രൂപമാത്രം വിലവരുന്ന ചെളിമണ്ണിന് ഇട്ട വില 36.17 ലക്ഷം രൂപ. ലേലം പിടിക്കാനെത്തിയവരില്‍ ആരും ആറ് ലക്ഷത്തിന് മുകളില്‍ മണ്ണിന് വില പറഞ്ഞില്ല. സര്‍ക്കാര്‍ നിശ്ചയിച്ച വില ലഭിച്ചില്ലെന്ന പേരില്‍ മണ്ണ് മാത്യു ജോസഫിന്റെ വയലില്‍ കടിന്ന് രണ്ട് കൊല്ലം കൊണ്ട് വെയിലും മഴയുമേറ്റ് ഉഗ്രന്‍ കരഭൂമിയായി. സെന്റിന് വെറും 5000 രൂപ പോലും വലയില്ലാതിരുന്ന പാടം ലക്ഷങ്ങള്‍ വിലമതിക്കുന്ന ഒന്നാന്തരം പ്ലോട്ടായി മാറി. അങ്ങനെയാണ് തോമസ് ചാണ്ടിയുടെ കൈ നനയാതെയുള്ള മീന്‍ പിടുത്തം.
മന്ത്രിയായി ചുമതലയേറ്റ് അധികം വൈകാതെയാണ് പൊതുഖജനാവിലെ പണം ഉപയോഗിച്ച് തോമസ്ചാണ്ടിയുടെ ഉടമസ്ഥതിയുള്ള ലേക് പാലസ് റിസോര്‍ട്ടിലേക്ക് ടാര്‍ റോഡ് നിര്‍മിച്ചത്. ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വിഭാഗമാണ് ടാറിംഗ് നടത്തിയത്. ഇതിനായി 28.5 ലക്ഷം രൂപയാണ് വകുപ്പ് ചെലവഴിച്ചത്. ആലപ്പുഴ നഗരത്തിലെ വലിയകുളം മുതല്‍ സീറോ ജെട്ടിവരെ ഒരു കിലോമീറ്റര്‍ നീളമുള്ള റോഡില്‍ റിസോര്‍ട്ട് വരെയുള്ള നാനൂറ് മീറ്റര്‍ മാത്രമാണ് ടാറിംഗ് നടത്തിയതെന്നതാണ് പരാതിക്കിടയാക്കിയത്. റോഡിന്റെ ശേഷിച്ച ഭാഗത്തിന് ലേക്ക് പാലസ് വരെയുള്ളതിന്റെ വീതിയുമില്ല. നേരത്തെ പി ജെ കുര്യന്‍, കെ.ഇ. ഇസ്മാഈല്‍ എന്നിവരുടെ എംപി ഫണ്ടുപയോഗിച്ചാണ് പാടം നികത്തി ഗ്രാവല്‍ റോഡ് നിര്‍മിച്ചത്. നാല് മീറ്ററായിരുന്നു തുടക്കം മുതല്‍ സീറോ ജെട്ടി വരെയുള്ള റോഡിന്റെ വീതി. ടാറിംഗ് നടത്തിയ റിസോര്‍ട്ട് വരെയുള്ള ഭാഗത്തെ റോഡിന്റെ വീതി ആറും ഏഴും മീറ്ററാണ്. ലേക്ക് പാലസ് റിസോര്‍ട്ടിന് മുന്‍ഭാഗത്തുള്ള വേമ്പനാട്ട് കായലിന്റെ അഞ്ചേക്കറോളം ഭാഗം വടം ഉപയോഗിച്ച് വേര്‍തിരിക്കുകയും ചെയ്തു. പൊതുസ്വത്തായ കായല്‍ വേലിക്കെട്ടി സ്വന്തമാക്കി എന്നര്‍ത്ഥം. ഇവിടേക്ക് മത്സ്യ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രവേശനം നിഷേധിച്ചു.
കായല്‍ കൈയേറി റിസോര്‍ട്ട് നിര്‍മിച്ചത് ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ വിവിധ കാലങ്ങളില്‍ തോമസ് ചാണ്ടിക്ക് എതിരെ ഉയര്‍ന്ന് വന്നിട്ടുണ്ടെങ്കിലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അതിനെ മറികടക്കുകയാണ് ചെയ്തിട്ടുള്ളത്. പൊതുഖജനാവില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് സ്വന്തം റിസോര്‍ട്ടിലേക്ക് റോഡ് ടാറിംഗ് നടത്തിയ സംഭവം ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് കൊണ്ടുവന്നതോടെയാണ് തോമസ് ചാണ്ടിയുടെ തീവെട്ടിക്കൊള്ളയും ഭൂമി, കായല്‍ കൈയേറ്റങ്ങളും കായല്‍, നെല്‍ വയല്‍ നികത്തലുമെല്ലാം പുറം ലോകം അറിയുന്നത്. അതിനു മുമ്പും ചാണ്ടിയുടെ തീവെട്ടിക്കൊള്ള നാട്ടുകാര്‍ക്ക് ബോധ്യമാണെങ്കിലും ക്വട്ടേഷന്‍ ആക്രമണങ്ങള്‍ ഭയന്ന് ആരും എതിര്‍ക്കുകയോ പ്രതികരിക്കുയോ ചെയ്തിരുന്നില്ല. പ്രത്യേകിച്ചും ഭരണ, പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും സര്‍ക്കാര്‍, അര്‍ധസക്കാര്‍ സ്ഥാപനങ്ങളും വര്‍ക്ഷ ബഹുജന സംഘടനകളുമെല്ലാം ചാണ്ടിയുടെ കൈയേറ്റത്തിനും തീവെട്ടിക്കൊള്ളക്കും മൗനാനുവാദം നല്‍കി പോന്ന സാഹചര്യത്തില്‍. എതിര്‍പ്പുകള്‍ മുളയിലെ നുള്ളാന്‍ ചാണ്ടിക്കു കഴിഞ്ഞിരുന്നു.
ഗതാഗത മന്ത്രിയുടെ ക്രമക്കേടുകള്‍ സംബന്ധിച്ച് കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവന്നതോടെ സ്വന്തം പാര്‍ട്ടി ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്ത് വന്നത് തിരിച്ചടിയായിരിക്കുകയാണ്. മന്ത്രി പൊതുഫണ്ട് ചെലവഴിച്ച് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് കോഴിക്കോട് ചേര്‍ന്ന നാഷ്ണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ കേഡര്‍ ക്യാംപ് പ്രമേയത്തില്‍ ആവശ്യപ്പെട്ടതോടെ ഈ വിഷയം സംസ്ഥാന സര്‍ക്കാരിനെ തന്നെ ബാധിക്കുന്നതായി മാറി. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എന്‍ സി പി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗവും രംഗത്ത് വന്നുകഴിഞ്ഞു. ഗതാഗത മന്ത്രിയുടെ ഖജനാവ് കൊള്ളയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ഒന്നൊന്നായി പുറത്ത് വന്നതോടെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ശക്തമായ പ്രതിഷേവുമായി രംഗത്തുണ്ട്.യൂ ഡി എഫ് ഭരിക്കുന്ന ആലപ്പുഴ നഗരസഭയും മന്ത്രിയുടെ അനധികൃത കെട്ടിട നിര്‍മാണവും മറ്റും പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടില്‍ നഗരസഭ പരിശോധന നടത്തി. മുനിസിപ്പല്‍ എന്‍ജിനീയറും റവന്യൂഓഫീസറുമടക്കമുളള സംഘമാണ് ലേക്പാലസിലെത്തി പരിശോധന നടത്തിയത്. നിലവിലുള്ള കെട്ടിടങ്ങളുടെ വലുപ്പവും അളവുമാണ് സംഘം പരിശോധിച്ചത്. ഇതിന് കൃത്യമായ നികുതി നഗരസഭക്ക് ലഭിക്കുന്നുണ്ടോയെന്ന് രേഖകളുമായി ഒത്തുനോക്കി പരിശോധിക്കാനുള്ള തീരുമാനത്തിലാണ് നഗരസഭാധികൃതര്‍.

അതിനിടെ റിസോര്‍ട്ട് നിര്‍മാണത്തിനുള്ള അനുമതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ നഗരസഭയില്‍ കാണാതായത് അഴിമതി റാക്കറ്റിന്റെ വൈപുല്ല്യം വ്യക്തമാക്കുന്നു. 2000ലാണ് പള്ളാത്തുരുത്തി വാര്‍ഡില്‍ ലേക് പാലസ് റിസോര്‍ട്ടിന് കെട്ടിടം നിര്‍മാണത്തിനുള്ള അനുമതി നല്‍കിയത്. 32 കെട്ടിടങ്ങള്‍ നിര്‍മിക്കാനായിരുന്നു അനുമതി. തോമസ് ചാണ്ടിയുടെ നിയമവിരുദ്ധമായ കൈയേറ്റവും കെട്ടിടനിര്‍മാണവും സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുന്നതോടെയാണ് ഇത് സംബന്ധിച്ച് അനുമതി നല്‍കിയ രേഖകള്‍ കണ്ടെത്താന്‍ ശ്രമിച്ചത്. എന്നാല്‍ രണ്ട് വര്‍ഷം മുമ്പുള്ള നിര്‍മാണാനുമതി ഫയലുകള്‍ മാത്രമാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. ഇതേ തുടര്‍ന്ന് തോമസ് ചാണ്ടിയുടെ കെട്ടിട നിര്‍മാണാനുമതിയുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും കണ്ടെത്താന്‍ നഗരസഭാ സെക്രട്ടറി സര്‍ച്ച് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്.

മന്ത്രിയുടെ റിസോര്‍ട്ടിലേക്ക് പൊതുഖജനാവില്‍ നിന്ന് പണം മുടക്കി റോഡ് നിര്‍മിച്ചതിനും അനധികൃത നിലം നികത്തല്‍, കായല്‍ കൈയേറ്റം എന്നിവക്കുമെതിരെ വിവിധ സംഘടകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നുകഴിഞ്ഞു. ഹാര്‍ബര്‍ എന്‍ജിനീയറിംഗ് ഓഫീസ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഉപരോധിച്ചു.മന്ത്രി നടത്തിയ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സും പ്രക്ഷോഭത്തിന് തുടക്കം കുറിക്കുകയാണെന്ന് ഡി സി സി പ്രസിഡന്റ് എം ലിജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രി തോമസ് ചാണ്ടിയുടെ ഓഫീസിലേക്കും ലേക് പാലസിലേക്കും മാര്‍ച്ച് നടത്തും. മന്ത്രി തോമസ് ചാണ്ടി ചെയ്തത് ഇ പി ജയരാജനേക്കാര്‍ വലിയ തെറ്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തോമസ് ചാണ്ടിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് യു ഡി എഫ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ തീരുമാനം. മന്ത്രി തോമസ് ചാണ്ടി അനധികൃതമായി നികത്തിയ പാടശേഖരത്തില്‍ യൂത്ത് കോണ്‍ഗ്രസ് കൊടി നാട്ടി പ്രതിഷേധിച്ചു. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി അനധികൃതമായി നികത്തിയ മാര്‍ത്താണ്ഡം കായല്‍ പാടശേഖരത്താണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തിയത്. പ്രദേശം നികത്തി സ്ഥാപിച്ച ഷെഡും ലേക്ക്പാലസ് റിസോര്‍ട്ടിന്റെ ബോര്‍ഡുകളും പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. പാടശേഖരം നികത്തി പുരയിടമാക്കിയ പ്രദേശത്ത് കൊടി നാട്ടിയാണ് പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ചത്.

ഇതൊക്കെയാണെങ്കിലും നിയമസഭയില്‍ അടിയന്തിര പ്രമേയമായി ഈ പ്രശ്‌നം വന്നപ്പോള്‍ തന്റെ സഹപ്രവര്‍ത്തകനായ തോമസ് ചാണ്ടിയെ രക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. അഴിമതി ആര് ചെയ്താലും വെറുതെ വിടില്ല എന്ന പ്രഖ്യാപനവുമായി പിണറായ് വിജയന്‍ ചാണ്ടിക്കെതിരെ ഉയര്‍ന്ന് വന്ന ആരോപണങ്ങള്‍ അനേ്വഷിക്കാന്‍ പോലും തയ്യാറായില്ല. അതോടെ ചാണ്ടിക്ക് ധൈര്യമായി. ഇപ്പോള്‍ ചാണ്ടി പറയുന്നത് തനിക്കെതിരെ വാര്‍ത്ത വരാന്‍ കാരണം ഏഷ്യാനെറ്റ് ലേഖകന് റിസോര്‍ട്ടില്‍ മുറി കൊടുക്കാത്തതിന്റെ വിരോധമാണ് വാര്‍ത്തക്ക് കാരണം എന്നാണ്. അത് താന്‍തന്നെ നേരിട്ടോളാം എന്ന ഒരു അര ഭീഷണിയുടെ സ്വരത്തിലുള്ള വിശദീകരണമാണ് ചാണ്ടി സഭയില്‍ നല്‍കിയത്. പത്ത് കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് അദ്ദേഹം ഏഷ്യാനെറ്റിന് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

തുടക്കം മുതല്‍ ആലപ്പുഴയിലെ മാധ്യമങ്ങളും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും മൂടിവെച്ച കാര്യമാണ് ഏഷ്യാനെറ്റ് വാര്‍ത്തയിലൂടെ പുറത്ത് വന്നത്. ചാണ്ടി മുക്കിവെച്ച അഴിമതി ഭൂതം പുറത്ത് ചാടുമോ എന്നതാണ് വരും ദിവസങ്ങളില്‍ കാണേണ്ടത്. എന്തായാലും അഴിമതി വിരുദ്ധ സമീപനം മുഖമുദ്രയായി അവകാശപ്പെടുന്ന മുഖ്യമന്ത്രി അത് സംബന്ധിച്ച ഗിരിപ്രഭാഷണങ്ങള്‍ നടത്തുകയല്ലാതെ നടപടിയിലേക്ക് കടക്കുന്നില്ല എന്നാണ് തോമസ് ചാണ്ടി എപ്പിസോഡ്‌സ് വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here