പോലീസില്‍ നിന്നും രക്ഷപ്പെടാന്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടിയ നൈജീരിയക്കാരന് മരിച്ചു. വയസ്സുകാരനായ സിപ്രിയാന്‍ അമ ഒഗ്ബോന്നിയ എന്ന ആളാണ് മരിച്ചത്. മയക്കുമരുന്ന് റെയ്ഡിനെത്തിയ പോലീസില്‍ നിന്ന് രക്ഷപ്പെടാനായാണ് നാലുനില കെട്ടിടത്തില്‍ നിന്നും ഇയാള്‍ ചാടിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് തെക്കന്‍ ഡല്‍ഹിയിലാണ് സംഭവം.
മയക്കുമരുന്ന് സൂക്ഷിച്ചിരിക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധനക്കായി പോലീസ് ഛത്തര്‍പുര്‍ എന്‍ക്ലേവിലെ ഇയാളുടെ താമസസ്ഥലത്ത് എത്തിയത്. പോലീസിനെക്കണ്ട് രക്ഷപെടാന്‍ ശ്രമിച്ചങ്കിലും മറ്റു വഴികള്‍ കാണാതെ ഇയാള്‍ കെട്ടിടത്തിന്റെ ജനലില്‍ക്കൂടി താഴേയ്ക്ക് ചാടുകയായിരുന്നു.
കെട്ടിടത്തിനു മുകളില്‍ നിന്നും ഇയാള്‍ ചാടുമ്പോള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു. എന്നാല്‍ തല എയര്‍കണ്ടീഷണറില്‍ തട്ടുകയും ഹെല്‍മറ്റ് ഊരിപ്പോവുകയും ചെയ്തതായി ദൃക്സാക്ഷികള്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ സിപ്രിയാനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ കുശ്വാഹ വ്യക്തമാക്കി. നൈജീരിയക്കാരായ മയക്കുമരുന്ന് കള്ളക്കടത്തുകാര്‍ മുന്‍പും ഇതുപോലെ ജനലില്‍ക്കൂടി ചാടി രക്ഷപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇയാള്‍ക്കൊപ്പം നൈജീരിയക്കാരായ രണ്ട് സ്ത്രീകളും ഉണ്ടായിരുന്നു. ഇതില്‍ ഒരാള്‍ ഇയാള്‍ക്കൊപ്പം ചാടാന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. മയക്കുമരുന്ന് കടത്തിയതിന് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍നിന്ന് 25 കിലോ കെറ്റാമിന്‍ എന്ന മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് മയക്കുമരുന്ന് വിപണിയില്‍ 20 കോടി രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.