
ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയയാള്‍- ‘ എന്തുണ്ട്?’, അപ്പോള്‍ ബാര്‍ബര്‍- ‘ കട്ടിംഗും ഷേവിംഗും’. ‘ എന്നാല്‍ രണ്ടും ഓരോ പ്ളേറ്റ് പോരട്ടെ’ മലയാള സിനിമയിലെ എക്കാലത്തെയും ക്ലാസായ ഡയലോഗാണിത്. ശ്രീനിവാസന് തിരക്കഥയെഴുതി സംവിധാനം ചെയ്ത് പ്രധാനകഥാപാത്രമായി അഭിനയിച്ച വടക്കുനോക്കിയന്ത്രം എന്ന സിനിമയിലെ സംഭാഷണമാണിത്. പക്ഷെ, ഇത് എഴുതിയത് ശ്രീനിവാസനല്ല. നായക കഥപാത്രമായ തളത്തില്‍ ദിനേശന് ഭാര്യ ശോഭയെ വീട്ടിലെ വാഴതോപ്പിലേക്ക് വിളിച്ച് നിര്‍ത്തി പറയുന്ന സീനിലെ ഡയലോഗ് ഒരുപാട് ആലോചിച്ച് എഴുതിയിട്ടും ശ്രീനിവാസന് തൃപ്തി വന്നില്ല.
അങ്ങനെ ഇരുന്നപ്പോള്‍ ഒരിക്കല്‍ മുകേഷ് പറഞ്ഞ സംഭവം ഓര്‍മവന്നു. മുകേഷ് കൊല്ലം എസ്.എന്‍ കോളജില്‍ പഠിക്കുന്ന കാലം. മനോരമ ആഴ്ചപ്പതിപ്പില്‍ ഫലിതബിന്ദുക്കള്‍ എന്ന കോളമുണ്ട്. മുകേഷും കൂട്ടുകാരും അത് മുടങ്ങാതെ വയിക്കും. ഒരു ദിവസം വൈകുന്നേരം ഒത്ത് കൂടിയപ്പോള്‍ മുകേഷ് കൂട്ടുകാരോട് പറഞ്ഞു, ഫലിതബിന്ദുക്കളിലേക്ക് അയച്ച് കൊടുക്കാന്‍ ഒരു സാധനം തയ്യാറാക്കിയിട്ടുണ്ടെന്ന് പറഞ്ഞു. വായിക്കെന്ന് കൂട്ടുകാര്‍. അങ്ങനെ മുകേഷ് വായിച്ചു, ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയയാള്‍- ‘ എന്തുണ്ട്?’, അപ്പോള്‍ ബാര്‍ബര്‍- ‘ കട്ടിംഗും ഷേവിംഗും’. ‘ എന്നാല്‍ രണ്ടും ഓരോ പ്ളേറ്റ് പോരട്ടെ’. ഇത് കേട്ടപ്പോഴേ… സുഹൃത്ത് സ്റ്റീഫന്‍ പറഞ്ഞ് അയ്യേ… ഇത് കൊള്ളൂല, ചളം കേസാണ്. അതോടെ മുകേഷിന്റെ കോണ്‍ഫിഡന്‍സ് പോയി. മറ്റ് സുഹൃത്തുക്കളും ഇതേ അഭിപ്രായം പറഞ്ഞു.
അടുത്തയാഴ്ച മനോരമ ആഴ്ചപ്പതിപ്പ് ഇറങ്ങിയപ്പോള്‍ പതിവ് പോലെ മുകേഷ് ഫലിതബിന്ദുക്കള്‍ വായിച്ചു. അപ്പോഴതാ കിടക്കുന്നു, ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയയാള്‍- ‘ എന്തുണ്ട്?’, അപ്പോള്‍ ബാര്‍ബര്‍- ‘ കട്ടിംഗും ഷേവിംഗും’. ‘ എന്നാല്‍ രണ്ടും ഓരോ പ്ളേറ്റ് പോരട്ടെ’. മുകേഷ് ഞെട്ടി, തന്റെ ഫലിതം. വീണ്ടും നോക്കിയപ്പോള്‍ എഴുതിയത് സ്റ്റീഫന്‍ കടപ്പാക്കട. അതൂടെ കണ്ടതോടെ വീണ്ടും ഞെട്ടി! മുകേഷിന് പറ്റിയ അമളി അറിയാവുന്ന ശ്രീനിവാസന് താരത്തെ വിളിച്ചു. എന്റെ സിനിമയിലേക്ക് ഈ ഡയലോഗ് എടുക്കുകയാണെന്ന് പറഞ്ഞു. സിനിമയുടെ തുടക്കം മുകേഷിന് കടപ്പാടും നല്കി.