മുസഫര്‍നഗര്‍ ട്രെയിനപകടം : അട്ടിമറിയെന്ന് സംശയം; 23 മരണം

0
97

ഉത്തര്‍പ്രദേശ് മുസഫര്‍നഗറില്‍ പുരി-ഹരിദ്വാര്‍-കലിംഗ ഉത്കല്‍ എക്‌സ്പ്രസ് പാളം തെറ്റി 23 പേര്‍ മരിച്ചു. നാല്‍പതോളം പേര്‍ക്കു പരിക്കേറ്റതായും യുപി പൊലീസ് സ്ഥിരീകരിച്ചു. അഞ്ച് കോച്ചുകളാണ് പാളം തെറ്റിയതെന്ന് റെയില്‍വേ അറിയിച്ചു. കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ് പ്രഭു രക്ഷാപ്രവര്‍ത്തനം വിലയിരുത്തുന്നുണ്ട്. പരിക്കേറ്റവരുടെയും മരിച്ചവരുടെയും എണ്ണത്തില്‍ വ്യത്യാസം വന്നേക്കാമെന്നാണ് ഇവിടെനിന്നുള്ള സൂചനകള്‍.

ന്യൂഡല്‍ഹിയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ ഖട്ടൗലിയിലാണ് അപകടമുണ്ടായത്. പുരിയില്‍നിന്നും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്ക് പോവുകയായിരുന്നു ട്രെയിന്‍. ഖട്ടൗലി സ്റ്റേഷനില്‍നിന്ന് എടുത്തയുടനെ എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ചതാണ് അപകടത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. ഖട്ടൗലിയില്‍ പ്രാഥമിക ശുശ്രൂഷയ്ക്കുള്ള സൗകര്യമേയുള്ളൂ. ഗുരുതരമായി പരിക്കേറ്റവരെ സമീപത്തെ മറ്റ് ആശുപത്രികളിലാണു പ്രവേശിപ്പിച്ചിരിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സംഘം സ്ഥലത്തെത്തി. 50 പേര്‍ക്കെങ്കിലും പരിക്കേറ്റിരിക്കാമെന്നാണ് ഇവര്‍ പറയുന്നത്. നിരവധി പേരെ രക്ഷിച്ചു. അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 3.5 ലക്ഷം രൂപയും ഗുരുതര പരുക്കേറ്റവര്‍ക്ക് 50,000 രൂപയും ചെറിയ പരിക്കുള്ളവര്‍ക്കു 25,000 രൂപയും റെയില്‍വേ ധനസഹായം പ്രഖ്യാപിച്ചു.

അതേസമയം, അപകടം അട്ടിമറിയാണെന്നും സംശയമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഭീകരവിരുദ്ധ സ്‌ക്വാഡ് സംഭവസ്ഥലത്തെത്തി പരിശോധനകള്‍ ആരംഭിച്ചു. ഒരു വര്‍ഷത്തിനിടെ അഞ്ച് ട്രെയിന്‍ അപകടങ്ങളാണ് യുപിയില്‍ ഉണ്ടായിട്ടുള്ളത്. ഇതില്‍ രണ്ടെണ്ണം അട്ടിമറിയാണെന്ന് കണ്ടെത്തിയിരുന്നു. ഇതാണ് സംശയത്തിനു കാരണമെന്ന് അധികൃതര്‍ അറിയിച്ചു.കേന്ദ്രമന്ത്രിമാരായ ഡോ. സഞ്ജീവ് ബല്യാന്‍, മനോജ് സിന്‍ഹ എന്നിവര്‍ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടത്തെപ്പറ്റി അന്വേഷിക്കാന്‍ ഉത്തരവിട്ടതായി മനോജ് സിന്‍ഹ പറഞ്ഞു. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സംഭവത്തില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ അനുശോചിച്ചു.

റെയില്‍വെ മന്ത്രാലയവും യുപി സര്‍ക്കാരും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുകയാണെന്നും സാധ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. പരിക്കേറ്റവരെ രക്ഷിക്കാന്‍ എല്ലാവിധ സഹായങ്ങളും ചികില്‍സകളും ഉറപ്പാക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അറിയിച്ചു. അപകട സ്ഥലത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി രണ്ടു മന്ത്രിമാരെ സംസ്ഥാന സര്‍ക്കാര്‍ അയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here