വി. മുരളീധരന്റെ അപകീര്‍ത്തികേസ്: കോടിയേരി കോടതിയില്‍ ഹാജരാകണം

0
96

ബിജെപി നേതാവ് വി.മുരളീധരനെതിരെ അപകീര്‍ത്തികരമായ പ്രസംഗം നടത്തിയെന്ന കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവ്. തിരുവനന്തപുരത്ത് ലോ അക്കാദമി സമരം നടക്കുമ്പോള്‍ മുരളീധരനെതിരെ കോടിയേരി നടത്തിയ പരാമര്‍ശങ്ങളാണു കേസിനാസ്പദം. അടുത്തമാസം 27ന് കോടതിയില്‍ നേരിട്ട് ഹാജരാകാനാണ് ഉത്തരവ്.

ലോ അക്കാദമിക്കുമുന്നില്‍ നിരാഹാരസമരം നടത്തിയ വി.മുരളീധരനെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്നു പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. എന്നാല്‍ സിപിഎം പേരൂര്‍ക്കടയില്‍ നടത്തിയ വിശദീകരണ യോഗത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ സമരത്തെയും വി.മുരളീധരനെയും അവഹേളിച്ചാണു സംസാരിച്ചത്. നിരാഹാര സമരത്തിനിടയില്‍ മുരളീധരന്‍ ഭക്ഷണം കഴിക്കാനായി പുറത്തുപോയി എന്ന തരത്തിലായിരുന്നു കോടിയേരിയുടെ വാക്കുകള്‍.

കോടിയേരിയുടെ പ്രസംഗം വസ്തുതാവിരുദ്ധവും അപകീര്‍ത്തികരവുമാണെന്നു കാട്ടിയാണു വി.മുരളീധരന്‍ എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. കോടിയേരിക്കും വാര്‍ത്ത പ്രസിദ്ധീകരിച്ച രണ്ടു പത്രങ്ങള്‍ക്കും എതിരെയായിരുന്നു കേസ് നല്‍കിയത്. എന്നാല്‍ പത്രങ്ങളെ കേസില്‍നിന്ന് ഒഴിവാക്കിയ കോടതി കോടിയേരിക്കെതിരായ കേസ് നിലനില്‍ക്കുന്നതാണെന്നും പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമാണെന്നും നിരീക്ഷിച്ചു. തുടര്‍ന്നാണു കോടിയേരി കോടതിയില്‍ നേരിട്ടെത്തണമെന്ന് ഉത്തരവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here