അവധി ദിനങ്ങളിലെ ആനൂകൂല്യം നേടിയെടുക്കുന്നതിനായി വ്യാജരേഖ നേടിയെന്ന പരാതിയില്‍ മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനെതിരെ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തത്. കന്റോണ്‍മെന്റ് അസി. കമ്മീഷ്ണര്‍ക്കാണ് അന്വേഷണച്ചുമതല.
മുഴുവന്‍ വേതനവും ലഭിക്കുന്നതിനായി അവധിലായിരുന്ന എട്ടു മാസത്തെ വ്യാജ രേഖകള്‍ ചമച്ചതായ വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ക്രിമിനല്‍ ചട്ടപ്രകാരം കേസെടുത്ത് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ സംസ്ഥാന പൊലീസ് മേധാവിക്കു നിര്‍ദേശം നല്‍കിയിരുന്നു. കോര്‍പറേഷനിലെ മുന്‍ കൗണ്‍സിലര്‍ എ.ജെ.സുക്കാര്‍നോ നല്കിയ പരാതിയിലാണു നടപടി.
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്നു നീക്കം ചെയ്തതിനെ തുടര്‍ന്നു 2016 ജൂണ്‍ ഒന്നു മുതല്‍ 2017 ജനുവരി 31 വരെ സെന്‍കുമാര്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കെന്ന പേരില്‍ അവധിയിലായിരുന്നു. ഇക്കാലയളില്‍ അര്‍ധവേതന അവധിയെടുക്കുന്നതിന് ഒന്‍പത് അപേക്ഷകള്‍ സെന്‍കുമാര്‍ നല്കിയതു സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. പിന്നീട് തന്റെ അര്‍ധവേതന അവധി പരിവര്‍ത്തിത അവധിയായി (കമ്യൂട്ടഡ് ലീവ്) പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു 2017 ഫെബ്രുവരി ആറിന് അദ്ദേഹം സര്‍ക്കാരിനു കത്തു നല്കി.
ഗവ.ആയുര്‍വേദ കോളജിലെ ഡോ.വി.കെ.അജിത് കുമാര്‍ നല്കിയ എട്ട് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും ഒപ്പം ഹാജരാക്കി. ഈ രേഖകള്‍ വ്യാജമാണെന്നായിരുന്നു പരാതി. തുടര്‍ന്നു വിജിലന്‍സ് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഡിവൈഎസ്പി: ഇ.എസ്.ബിജിമോന്‍ പ്രാഥമിക അന്വേഷണം നടത്തിയാണ് ഈ കണ്ടെത്തല്‍ നടത്തിയത്.
ഇതുമു മുന്‍പ് മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശത്തില്‍ സെന്‍കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടിരുന്നു.