വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസില്‍ മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെതിരെ കേസെടുത്ത വിഷയത്തില്‍ പുതിയ വഴിത്തിരിവ്. സെന്‍കുമാറിന് നല്‍കിയത് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റല്ലെന്നും അദ്ദേഹത്തിന് ഇപ്പോഴും ചികിത്സ ആവശ്യമുണ്ടെന്നും സര്‍ട്ടിഫിക്കറ്റ് നല്കിയ ഡോക്ടര്‍ അജിത് കുമാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
കേസില്‍ വിജിലന്‍സ് തന്റെ മൊഴിയെടുത്തിട്ടില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി. സെന്‍കുമാറിന് താന്‍ എട്ട് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയെന്നും അതിലൊന്നുപോലും വ്യാജമല്ലെന്നും ഡോക്ടര്‍ പറയുന്നു. 2016 പകുതി മുതല്‍ ആ വര്‍ഷം അവസാനം വരെ അദ്ദേഹം തന്റെ ചികിത്സയിലായിരുന്നുവെന്നും ഡോക്ടര്‍ വ്യക്തമാക്കുന്നു.
ആ കാലയളവില്‍ ഓരോതവണ ചികിത്സിക്കുമ്പോഴും അതിന്റെ കാലാവധിക്കനുസരിച്ച് സര്‍ട്ടിഫിക്കറ്റിന്റെ കാലയളവ് നീട്ടിക്കൊടുത്തിട്ടുണ്ട്. യഥാര്‍ഥത്തില്‍ ആ സര്‍ട്ടിഫിക്കറ്റുകളെല്ലാം ഒരേ ചികിത്സയുടെ കാലയളവിലുള്ള സര്‍ട്ടിഫിക്കറ്റുകളാണ്. സര്‍ട്ടിഫിക്കറ്റുകള്‍ യഥാര്ഥത്തിലുള്ളതാണെന്നും അദ്ദേഹം വിശദീകരിച്ചു.