അനധികൃത സ്വത്ത് സമ്പാദനം : വി.വി രാജേഷിന്‍റെ വീടിന് മുന്നില്‍ സേവ് ബിജെപി ബോര്‍ഡ്‌

0
128


അഴിമതി സംബന്ധിച്ച പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ത്തിയെന്നാരോപിച്ച് ബി.ജെ.പിയില്‍നിന്ന് തരംതാഴ്ത്തപ്പെട്ട മുന്‍ സംസ്ഥാന സെക്രട്ടറി വി.വി. രാജേഷിനെ പരിഹസിച്ച് അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ ബോര്‍ഡ്. ‘നരേന്ദ്രമോദി ഈ വീടിന്റെ ഐശ്വര്യം’ എന്നെഴുതിയ ബോര്‍ഡാണ് ഇദ്ദേഹത്തിന്റെ സ്വത്ത് സമ്പാദനം ഉള്‍പ്പെടെ കാര്യങ്ങള്‍ ആരോപിച്ച് വീടിന് മുന്നില്‍ സ്ഥാപിച്ചത്.
ശനിയാഴ്ച രാവിലെയാണ് ജനകീയ പ്രതികരണവേദിയുടെ പേരിലുള്ള ബോര്‍ഡ് രാജേഷിന്റെ വീടിനു മുന്നില്‍ സ്ഥാപിക്കപ്പെട്ടത്. 2011ല്‍ വട്ടിയൂര്‍കാവ് മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി നിയമസഭയിലേക്ക് മത്സരിക്കുമ്പോള്‍ 27 ലക്ഷം രൂപയുടെ ആസ്തിയും 4.9 ലക്ഷത്തിന്റെ ബാധ്യതയും ഉണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷനെ ബോധിപ്പിച്ച രാജേഷിന് സ്ഥിരവരുമാനമോ തൊഴിലോ ഇല്ലാതെ അഞ്ചുവര്‍ഷം കൊണ്ട് എങ്ങനെ നഗരഹൃദയത്തില്‍ കോടികള്‍ വിലമതിക്കുന്ന വീട് സ്വന്തമായി ഉണ്ടായി എന്നാണ് ബോര്‍ഡിലെ ചോദ്യം.
ജനകീയ പ്രതികരണവേദിയുടെ പേരിലാണ് ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളതെങ്കിലും ബി.ജെ.പിയിലെ ഒരു വിഭാഗമാണ് ഈ ബോര്‍ഡിന് പിന്നിലെന്ന ആരോപണവുമുണ്ട്. ബി.ജെ.പിക്കെതിരായ മെഡിക്കല്‍ കോഴ വിവാദം ഉയര്‍ന്നപ്പോള്‍ ‘സേവ് ബി.ജെ.പി’യുടെ പേരില്‍ പ്രചരിപ്പിച്ച നോട്ടീസുകളിലും രാജേഷിന്റെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് വിശദീകരിക്കുന്ന സൂചനകള്‍ ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here