

എട്ടു കോടിയുടെ അസാധുനോട്ട് പിടികൂടിയ സംഭവത്തില്‍ അന്വേഷണത്തിനായി പോലീസ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹായം തേടി. കായംകുളത്തെ കൃഷ്ണപുരത്തുനിന്നാണ് നോട്ട് പിടികൂടിയത്.
പോലീസ് സംഘത്തിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ വാഹനപരിശോധനയിലാണ് അസാധുനോട്ട് പിടികൂടിയത്.
പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ ഒരു കോടി രൂപയുടെ പുതിയ നോട്ട് നല്‍കിയാണ് എട്ട് കോടി രൂപയുടെ അസാധു നോട്ട് വാങ്ങിയതെന്നാണ് പോലീസിനോട് പറഞ്ഞത്. തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ നിന്നാണ് പണം മാറ്റിയെടുത്തതെന്നും, ഇത്തരത്തില്‍ നിരവധി സംഘങ്ങള്‍ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍, അസാധു നോട്ടുകള്‍ മാറ്റി നല്‍കുന്നത് ആര്‍ബിഐ അവസാനിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ മാറ്റിയെടുക്കുന്നതിന്റെ ലക്ഷ്യവും സാധ്യതയും തേടിയാണ് പോലീസ് ആര്‍ബിഐയുടെ സഹായം തേടാനൊരുങ്ങുന്നത്.
പാലക്കാട് സ്വദേശികളായ നാലുപേരെയും മലപ്പുറം സ്വദേശിയായ ഒരാളെയുമാണ് കായംകുളം സിഐ കെ. സദന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് കാറുകള്‍ പോലീസ് പരിശോധിക്കാന്‍ ശ്രമിച്ചുവെങ്കിലും ഒരു കാറിലെത്തിയവര്‍ പോലീസിനെ വെട്ടിച്ച് കടന്നിരുന്നു.