
ചാനലുകള്‍ ദിലീപിനെയും മറ്റ് താരങ്ങളെയും അമ്മയെയും വേട്ടയാടിയെന്ന് ആരോപിച്ച് ചാനലുകളുടെ ഓണാഘോഷ പരിപാടികളില്‍ നിന്ന് വിട്ട് നില്ക്കുന്ന താരങ്ങള്‍ക്ക് കനത്ത തിരിച്ചടി. തല്ക്കാലം ഇനി മുതല്‍ ഓടുന്ന സിനിമകളുടെ സാറ്റലൈറ്റ് അവകാശം മാത്രം വാങ്ങിയാല്‍ മതിയെന്ന് ചാനലുകളുടെ കണ്‍സോര്‍ഷ്യം അനൗദ്യോഗിക തീരുമാനം എടുത്തു. താരങ്ങളുടെയും സംഘടനകളുടെയും കടുംപിടുത്തത്തെ തുടര്‍ന്നാണ് ഇങ്ങിനെയൊരു തീരുമാനം. ഇറങ്ങുന്ന 90 ശതമാനം സിനിമകളും പരാജയപ്പെടുന്ന മലയാള സിനിമ ഇന്‍ഡസ്ട്രിയെ പിടിച്ച് നിര്‍ത്തുന്നത് ചാനലുകളാണ്. അവരെ വെല്ലുവിളിക്കാനിറങ്ങിയതോടെ ഇരിക്കുന്നിടം കുഴിക്കുന്ന പരിപാടിയാണ് നടത്തുന്നതെന്ന് ചില സംവിധായകര്‍ ആരോപിക്കുന്നു.
പല സിനിമകളുടെയും മുടക്ക് മുതല്‍ സിനിമ തിയേറ്ററില്‍ എത്തും മുമ്പ് സാറ്റലൈറ്റ് അവകാശത്തിലൂടെയാണ് നിര്‍മാതാക്കള്‍ നേടിയിരുന്നത്. ഇതില്‍ മിക്കവയും തിയേറ്ററില്‍ പരാജയമായിരിക്കും. ആ ഇനത്തില്‍ ചാനലുകള്‍ക്കും നഷ്ടം സംഭവിച്ചിട്ടുണ്ട്. പടം സംപ്രേക്ഷണം ചെയ്യാന്‍ പരസ്യം കിട്ടാത്ത അവസ്ഥയുണ്ട്. എന്നാല്‍ താരങ്ങളും മറ്റ് സാങ്കേതിക പ്രവര്‍ത്തകരുമായി ചാനലുകള്‍ക്കുള്ള ബന്ധത്തെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ ഇതുവരെ പരാതികള്‍ ഉയരാതിരുന്നത്. താരങ്ങളെ ഉപയോഗിച്ച് പരിപടികളും ഫിലിം അവാര്‍ഡ് നൈറ്റും മറ്റും ഇവര്‍ നടത്തുന്നുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള പല താരങ്ങളുടെയും ഒരു വര്‍ഷമിറങ്ങുന്ന ഭൂരിപക്ഷം സിനിമകളും തിയേറ്ററില്‍ പരാജയമാണ്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സൂപ്പര്‍ഹിറ്റോ, ഹിറ്റോ ആയിരിക്കും താരങ്ങള്‍ക്ക് ലഭിക്കുക.
എന്നിട്ടും ഇവരുടെ സിനിമകളുടെ സാറ്റലൈറ്റ് അവകാശം ചാനലുകള്‍ വാങ്ങിയിരുന്നു. പല നിര്‍മാതാക്കളും താരങ്ങളും പരാജയത്തിന്റെ പടുകുഴിയില്‍ വീഴാത്തത് ചാനലുകള്‍ ഉള്ളത് കൊണ്ടാണ്. അങ്ങനെയുള്ള ചാനലുകളോട് മോശമായ സമീപനം താരങ്ങള്‍ സ്വീകരിക്കരുതായിരുന്നു എന്നാണ് ചില നിര്‍മാതാക്കളും ആരോപിക്കുന്നത്.