ധബോല്‍ക്കര്‍ വധം: നാലാം ചരമദിനത്തിലും പ്രതികള്‍ മറവില്‍

0
60

നരേന്ദ്ര ധബോല്‍ക്കറിന്റെ കൊലപാതകത്തിനു പിന്നിലെ പ്രതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു കുടുംബാംഗങ്ങള്‍. മനുഷ്യാവകാശ പ്രവര്‍ത്തകനും യുക്തിവാദിയുമായ നരേന്ദ്ര ധബോല്‍ക്കറിന്റെ നാലാം ചരമവാര്‍ഷികത്തിലും പ്രതികളെ കണ്ടെത്താന്‍ സിബിഐയ്ക്കു കഴിഞ്ഞില്ല. എന്നാല്‍ കൊലപാതകത്തില്‍ പങ്കുുള്ളവരെ തിരിച്ചറിഞ്ഞെങ്കിലും സിബിഐക്കും പ്രത്യേക അന്വേഷണ സംഘത്തിനും ഇതുവരെ ഇവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല.

ധബോല്‍ക്കറുടെ ചരമദിനമായ ഇന്ന് പൂനെയിലെ സാധന സെന്ററില്‍ അദ്ദഹത്തിന്റെ കുടുംബം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ശനിയാഴ്ച മെഴുകുതിരി തെളിച്ചു കൊണ്ടുള്ള അനുശോചനയാത്രയും സംഘടിപ്പിച്ചിരുന്നു. ധബോല്‍ക്കറിന്റെ കൊലപാതക കേസ് നാല് വര്‍ഷം പിന്നിടുമ്പോഴും പ്രതികള്‍ പോലീസ് രേഖകളില്‍ മാത്രം ഒതുങ്ങുകയാണെന്നും നീതിക്ക് വേണ്ടി ഞങ്ങള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ മകന്‍ ഹമീദ് ധബോല്‍ക്കര്‍ പ്രതികരിച്ചു.

സനാതന്‍ സന്‍സ്തയുടെ പ്രവര്‍ത്തകരായ സാംരഗ് അകോല്‍കറും വിനയ് ബാബുറാവു പവാറുമാണ് കൊലപാതകത്തിലെ മുഖ്യപ്രതികളെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് ഒരാളെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.അതും കൊലപാതകം നടന്ന് മൂന്ന് വര്‍ഷത്തിന് ശേഷം മാത്രം. സനാതന്‍ സാന്‍സ്ത പ്രവര്‍ത്തകനായ വിരേന്ദര്‍ താവ്ഡേയെ ആണ് 2016 ജൂണില്‍ സിബിഐ അറസ്റ്റ് ചെയ്തത്.

2013 ഓഗസ്ത് 23 രാവിലെ 7.25ഓടെയാണ് മഹാരാഷ്ട്രയിലെ വിആര്‍ ഷിണ്ഡെ പാലത്തിനു മുകളില്‍ നിന്നും നരേന്ദ്ര ധബോല്‍ക്കര്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. കൊലപാതകതതില്‍ സനാതന്‍ സന്‍സ്തിന് പങ്കുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചു. മരണത്തില്‍ സന്തോഷം പ്രകടിപ്പിച്ച് കൊണ്ട സംഘടനയുടെ മുഖപത്രമായ സനാതന്‍ പ്രഭാതില്‍ വന്ന മുഖപ്രസംഗവും മരണത്തിന് മുന്‍പ് അവരുടെ വെബ്സൈറ്റില്‍ ചുവന്ന മഷികൊണ്ട് അടയാളപ്പെടുത്തിയ അദ്ദേഹത്തിന്റെ ചിത്രവും സംശയം ബലപ്പെടുത്തി. തുടര്‍ന്നുള്ള അന്വേഷണമാണ് സംഘടന പ്രവര്‍ത്തകരായ പ്രതികളിലേക്കെത്തിയത്.

സംഘടനപരമായ വിദ്വേഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെത്തി. തീവ്രഹിന്ദു സംഘടനയായ സനാതന്‍ സാന്‍സ്തയും ധബോല്‍ക്കറിന്റെ യുക്തിവാദ സംഘടനയായ മഹാരാഷ്ട്ര അന്തശ്രദ്ധ നിര്‍മ്മൂലന്‍ സമിതിയും തമ്മില്‍ ആശയപരമായ സംഘര്‍ഷങ്ങള്‍ തീവ്രമായ കാലമായിരുന്നു അത്.

മുഖ്യപ്രതികളിലൊരാളായ വിനയ് പവാര്‍ ഗോവ സ്ഫോടന കേസില്‍ 2009 മുതല്‍ പോലീസ് അന്വേഷിക്കുന്ന ആളാണ്. പ്രതികളെ കുറിച്ച് വിവരം തരുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം സിബിഐ സ്പെഷ്യല്‍ ക്രൈം ബ്രാഞ്ച് പ്രഖ്യാപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലും ആയുധം വിതരണം ചെയ്ത കേസിലും രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പ്രതികളെ പിടിക്കാനായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here