ബിജെപിയാണ് ഒന്നാമത്തെ ശത്രുവെന്നു ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. നിലവില്‍ എന്‍ഡിഎയിലെ രണ്ടാമത്തെ വലിയ കക്ഷിയാണു ശിവസേന. പാര്‍ട്ടി മഹാരാഷ്ട്രാ നിര്‍വാഹകസമിതി യോഗത്തിലെ ഉദ്ധവിന്റെ വാക്കുകള്‍ അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ഇരുകക്ഷികളും വേറിട്ടു മല്‍സരിക്കാനുള്ള സാധ്യതയിലേക്കു വിരല്‍ചൂണ്ടുന്നു.
ഒരുമിച്ചുനിന്നാലും മുന്നണിയിലെ രണ്ടാം സ്ഥാനം സേനയ്ക്കു നഷ്ടമാകുന്ന സാഹചര്യമാണുള്ളത്. ബിഹാറില്‍ ജെഡിയുവിനെ ഒപ്പം ചേര്‍ത്തിരിക്കുന്ന ബിജെപി തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെയെ സഖ്യകക്ഷിയാക്കാനും കരുനീക്കുന്നു. ശിവസേനയ്ക്കു 18 എംപിമാരാണുള്ളതെങ്കില് അണ്ണാ ഡിഎംകെയ്ക്ക് ഇരട്ടിയിലേറെയുണ്ട് – 37. മഹാരാഷ്ട്രയില്‍ ബിജെപിയോടുള്ള നിലപാടില്‍ എന്‍സിപി പുലര്‍ത്തുന്ന ചാഞ്ചാട്ടവും നിര്‍ണായകമാണ്.